തയ്യാറാക്കിയത്
പ്രേമചന്ദ്രൻ കടയ്ക്കാവൂർ
കായലിന്റെ ഓളവും റാട്ടുകളുടെ താളവും ചകിരിയുടേയും കയറിന്റെയും ഗന്ധവും ചേർന്നുള്ള അന്തരീക്ഷം പൂവച്ചൽ ഖാദറിനെ ഹർഷപുളകിതനാക്കിയിരിക്കണം. അതുകൊണ്ട് തന്നെയാണ് അതുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതിയ ഗാനങ്ങൾക്കിന്നും പതിനാറ് വയസ്സ്. ‘കായലും കയറും’ എന്ന സിനിമ അപ്രത്യക്ഷമായാലും അതിലെ ഗാനങ്ങൾ ഒരിക്കലും വിസ്മൃതിയിലാവില്ല എന്നതാണ് സത്യം.
ധന്യമായ ജീവിത മുഹൂർത്തങ്ങളിൽ കവിതയുടെ നൂപുരധ്വനികൾ മുഴക്കിക്കൊണ്ട് അജയ്യമായ കാലത്തിന്റെ നെറുകയിൽ കാലിടറാതെ മുന്നോട്ടു സഞ്ചരിച്ചുകൊണ്ടിരുന്ന അനശ്വരനായ ഗാനരചയിതാവാണ് പൂവച്ചൽ ഖാദർ എന്ന് നിസ്സംശയം പറയൻ കഴിയും.
ജന്മം കൊണ്ട് പൂവച്ചൽ ഗ്രാമത്തിന്റെ നാമം കേരളത്തിലും പുറം രാജ്യങ്ങളിലും വിളംബരം ചെയ്ത ആ കവിക്ക് ചിറയിൻകീഴ് മണ്ണുമായി അഭേദ്യമായ ബന്ധമാണ്. അതിനുദാഹരണമാണ് കെ.എസ് ഗോപാലകൃഷ്ണന്റെ കായലും കയറും എന്ന സിനിമയിൽ പൂവച്ചൽ ഖാദർ എഴുതിയ ‘ ചിത്തിരത്തോണിയിലക്കരെ പോകാൻ..എത്തിടാമോ പെണ്ണേ…ചിറയിൻ കീഴിലെ പെണ്ണേ
എന്നു തുടങ്ങുന്ന ഗാനം. ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണിലൂടെ ചിറയിൻ കീഴെന്ന വശ്യ സുന്ദരമായ ഭൂമികയുടെ സൗന്ദര്യം ഉൾക്കൊണ്ട കവി തന്റെ ജീവിതത്തിന്റെ തോണിയിൽ സഹയാത്രികയായി കൂട്ടിയത് ചിറയിൻകീഴുകാരിയും, വിശ്വ സിനിമയിലെ തന്നെ വിസ്മയവുമായ നിത്യഹരിത നായകൻ പ്രേം നസീറിന്റെ സഹോദര പുത്രന്റെ പുത്രിയായ ആമിനയെയാണ്.
അതേ ജീവിതത്തിന്റെ തോണിയിൽ ചിറയിൻ കീഴിൽ നിന്നും കൂട്ടിനായി കൂടിയ ആക്കോട്ടുവീട്ടിലെ ആമിന എന്ന പെൺകുട്ടി യഥാർത്ഥത്തിൽ ചിറയിൻ കീഴിന്റെ സന്തതി തന്നെയാണ്. കലാകാരന്മാരുടെ ഈറ്റില്ലമായിരുന്ന ആക്കോട്ടു കുടുംബത്തിലാണ് ആമിനയുടെ ജനനം. ആ കുടുംബത്തിൽ നിന്നു തന്നെ ജീവിത സഖിയെ തെരഞ്ഞെടുക്കാൻ കഴിഞ്ഞു എന്നുള്ളത് പൂവച്ചൽ ഖാദറിന് എന്നും ചാരിതാർത്ഥ്യത്തിനു വക നൽകുന്നു.
മഴവില്ലിനഞ്ജാതവാസം കഴിഞ്ഞു
നീയെന്റെ പ്രാർത്ഥന കേട്ടു
ആദ്യ സമാഗമ ലജ്ജയിൽ
ശരറാന്തൽ തിരിതാണു
മൗനമേ നിറയും മൗനമേ
നാഥാ നീ വരും കാലൊച്ച
സിന്ധൂര സന്ധ്യക്ക് മൗനം
ഇടവക്കായലിൻ അയൽക്കാരി
രാജീവം വിടരും മിഴികളിൽ
പണ്ടൊരു കാട്ടിലൊരാൺ സിംഹം
അനുരാഗിണി ഇതായെൻ….
തുടങ്ങി ഒട്ടേറെ ഗാനങ്ങളിലൂടെ അതായത് നാനൂറിൽപ്പരം ഗാനങ്ങൾ രചിച്ച പൂവച്ചൽ ഖാദറും അദ്ദേഹത്തിന്റെ ഗാനങ്ങളും ഇന്നും എന്നും അനശ്വരനായി തന്നെ മലയാള സാഹിത്യത്തിൽ നിലകൊള്ളും. സർക്കാർ ജോലിയിൽ നിന്നും നീണ്ട ലീവെടുത്ത് കോടമ്പാക്കത്തു താമസമാക്കി ഗാനരചനയിലൂടെ നേടിയ സമ്പാദ്യം കൊണ്ട് ചെന്നൈയിൽ സ്വന്തമായി ഒരു പാർപ്പിടം ഒരുക്കി.
മിത ഭാഷിയും മറ്റാരിലും കാണാത്ത വ്യക്തിത്വത്തിന് ഉടമയുമാണ് അദ്ദേഹം. ജലസേചന വകുപ്പിൽ സേവനമനുഷ്ഠിച്ചിരുന്ന ഖാദർ ഗാനരചനക്കുവേണ്ടി കോടമ്പാക്കം ആസ്ഥാനമാക്കി.
ഈ അനശ്വര പ്രതിഭക്ക് ജന്മം നൽകിയത് പൂവച്ചൽ ഗ്രാമത്തിലെ പ്രശസ്തമായ കുടുംബത്തിൽ ജനിച്ച ഇടവഴിത്തലയ്ക്കൽ വീട്ടിലെ അബൂബക്കർ പിള്ളയും റാബിയത്തുൽ അദബിയ്യ ബീവിയുമായിരുന്നു. അവരുടെ അഞ്ചാമത്തെ മകനായി ഖാദർ ജനിച്ചു. വിദ്യാഭ്യാസ കാലത്തു തന്നെ കവിതകൾ എഴുതി തുടങ്ങി. സ്‌കൂളിലെ കയ്യെഴുത്തു മാസികയ്ക്കുവേണ്ടി ആദ്യം എഴുതി. അദ്ധ്യാപകരുടേയും കുട്ടികളുടേയെും പ്രശംസ നേടി. തുടർന്നങ്ങോട്ട് കവിത എഴുതാനുള്ള പ്രചോദനമായി. അതോടെ ചില അമേച്വർ നാടകക്കാർ പൂവച്ചൽ ഖാദറിനെക്കൊണ്ട് കവിതകളെഴുതിച്ചു രംഗത്തവതരിപ്പിച്ചു. ഗാനരചനയിലേക്കുള്ള വഴി തുറക്കപ്പെട്ടത് ഇതോടെയാണ്. ആകാശവാണിയിലും പ്രഫഷണൽ നാടക ട്രൂപ്പുകൾക്കു വേണ്ടിയും ഗാനങ്ങളെഴുതാൻ അവസരമുണ്ടായി. ആറ്റിങ്ങൽ താര തിയേറ്റേഴ്‌സായിരുന്നു ആദ്യ പ്രഫഷൻ വേദി. കോഴിക്കോട് ഉപാസന തിയേറ്റേഴ്‌സ്, കൊട്ടിയം സംഗീത തിയേറ്റേഴ്‌സ്, സുന്ദരൻ കല്ലായിയുടെ സന്ധ്യ തിയേറ്റേഴ്‌സ്, കൊച്ചിൻ സംഘമിത്ര തുടങ്ങി ഒട്ടുമിക്ക സമിതികൾക്കുവേണ്ടി ഗാന രചന നിർവ്വഹിച്ചു. സെബാസ്റ്റ്യൻ, ബാബുരാജ്, കണ്ണൂർ രാജൻ തുടങ്ങിയ പ്രഗത്ഭ സംഗീത സംവിധായകരൊക്കെ അദ്ദേഹത്തിന്റെ രചനകൾക്ക് ഈണം പകർന്നു. സിനിമാ രംഗത്തേക്ക് കടക്കുന്നത് യാദൃശ്ചികമായിരുന്നു. ചന്ദ്രികാ വീക്കിലിയുടെ എഡിറ്ററും കലാകാരനും ഗാനരചയിതാവുമായ കാനേഷ് പൂനൂരാണ് സിനിമാ രംഗത്തെ ഐ.വി.ശശി, ഷറീഫ് ടീമിനെ ഖാദറിന് പരിചയപ്പെടുത്തി കൊടുത്തത്. വിജയ നിർമ്മല സംവിധാനം ചെയ്ത കവിത എന്ന ചിത്രത്തിന് ഗാനമെഴുതാനുള്ള അവസരം അതോടെ അദ്ദേഹത്തിന് ലഭിച്ചു. തുടർന്ന് കാറ്റു വിതച്ചവൻ എന്ന ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതി. പിന്നീട് സിനിമാ ഗാനങ്ങളുടെ ഒരു പ്രവാഹമായിരുന്നു. സലാം കാരശ്ശേരിയുടെ ചുഴി, ഐ.വി.ശശിയുടെ ഉത്സവം തുടങ്ങി ഒട്ടു വളരെ ചിത്രങ്ങൾക്ക് ഖാദർ ഗാനങ്ങളെഴുതി. നാനൂറിലധികം ഗാനങ്ങൾ അദ്ദേഹത്തിന്റെ വകയായി മലയാളത്തിന് ലഭിച്ചു.
1980ൽ ഫിലിം ക്രിട്ടിക്കൽ അവാർഡ് അദ്ദേഹത്തെ തേടിയെത്തി. ഭരതന്റെ ചാമരം എന്ന ചിത്രത്തിൽ എസ്.ജാനകി ആലപിച്ച എം.ജി.രാധാകൃഷ്ണൻ ഈണം പകർന്ന ‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ’ എന്ന ഗാനമായിരുന്നു അവാർഡിനർഹമായത്. 2006ൽ ലളിത ഗാനത്തിനുള്ള സമഗ്ര സംഭാവനയായി കേരള സാഹിത്യ അക്കാദമി അവാർഡു നൽകി. മിത ഭാഷണവും എളിമയും മറ്റെഴുത്തുകാരിൽ നിന്നും അദ്ദേഹത്തെ വിഭിന്നനാക്കുന്നു. ഇന്നും ചലച്ചിത്ര ഗാന രംഗത്ത് സജീവമായി ജ്വലിച്ചു നിന്ന അവസരത്തിലാണ് വിധി അദ്ദേഹത്തെ കീഴടക്കിയത്. പൂവച്ചൽ ഖാദർ മലയാള സിനിമക്ക് വിസ്മരിക്കാനാകാത്ത പ്രതിഭാ വിലാസത്തിന്റെ പ്രതീകം തന്നെയായിരുന്നുവെന്ന് നിസ്തർക്കം പറയാം.
കല ഒരു സപര്യയായി സ്വീകരിച്ച ഖാദറിന് പ്രോത്സാഹനവും പിന്തുണയും നൽകാൻ അദ്ദേഹത്തിന്റെ ഭാര്യ ആമിന സദാ ശ്രദ്ധാലുവായിരുന്നു. ഖാദർ ആമി ദമ്പതികൾക്ക് രണ്ട് പെൺമക്കൾ – തുഷാര, പ്രസൂന. മലയാള സിനിമ ഉള്ളിടത്തോളം കാലം അദ്ദേഹം ജനഹൃദയങ്ങളിൽ ജീവിച്ചുകൊണ്ടേയിരിക്കും. ഒത്തിരിഒത്തിരി ശ്രുതി മധുരങ്ങളായ ഗാനങ്ങളും, കവിതകളും സമ്മാനിച്ച പൂവച്ചൽ ഖാദർ ലോകത്തോടു വിടപറഞ്ഞു. ആത്മാവിന് നിത്യശാന്തി നേരുന്നു.