കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം മാർച്ച് 4ന് രാത്രി 7.25നും 7.45നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ കൊടിയേറി മാർച്ച് 11ന് വ്യാഴാഴ്ച മഹാശിവരാത്രിയോടെ സമാപിക്കും. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ക്ഷേത്രാചാര ചടങ്ങുകൾ മാത്രമാക്കി ചുരുക്കിയാണ് ഇക്കൊല്ലത്തെ ഉത്സവം നടത്തുന്നത്. കൊടിയേറ്റ ചടങ്ങുകളും വിശേഷാൽ പൂജകളും മറ്റു താന്ത്രിക കർമ്മങ്ങളും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രിയുടേയും മേൽശാന്തി ബ്രഹ്മശ്രീ കെ.വി.ഷിബു ശാന്തിയുടെയും മറ്റു ശാന്തിമാരുടെയും കാർമ്മികത്വത്തിലാണ് നടക്കുക.
കൊടിയേറ്റ സമയത്ത് ശ്രീകണ്‌ഠേശ്വര ഭജനസമിതിയുടെ ഓംകാരവും ഭജനയും, എല്ലാ ദിവസവും രാവിലെ 8.30നും വൈകിട്ട് 5 മണിക്കും രാത്രി 8 മണിക്കും ദേവരഥത്തിൽ എഴുന്നള്ളത്തും, ഉത്സവ നാളുകളിൽ എല്ലാ ദിവസവും ശ്രീകണ്‌ഠേശ്വരനും ഉപദേവതമാർക്കും വിശേഷാൽ കലശവും ഉണ്ടായിരിക്കും.
മാർച്ച് 5ന് രാവിലെ 9 മണിക്ക് ഗണപതിക്ക് നവകലശാഭിഷേകം, സർവ്വ വിഘ്‌ന നിവാരണ പൂജ,
മാർച്ച് 6ന് ശാസ്താവിന് നവകലശാഭിഷേകം, ശനിപ്രദോഷ നിവാരണ പൂജ,
മാർച്ച് 7ന് സ്വയംവര പാർവ്വതിക്ക് നവകലശാഭിഷേകം, സ്വയംവര പാർവതി പൂജ,
മാർച്ച് 8ന് സുബ്രഹ്മണ്യ സ്വാമിക്ക് നവകലശാഭിഷേകം, സുബ്രഹ്മണ്യ പൂജ,
മാർച്ച് 9ന് മഹാവിഷ്ണുവിന് നവകലശാഭിഷേകം, ഗുരുപൂജ, വിഷ്ണു പൂജ,
മാർച്ച് 10ന് നവഗ്രഹങ്ങൾക്ക് കലശാഭിഷേകം, നവഗ്രഹ പൂജ
വൈകുന്നേരം 4 മണിക്ക് ആറാട്ട് കുട കൈമാറ്റച്ചടങ്ങും ക്ഷേത്രക്കുളത്തിൽ തെപ്പോത്സവവും നടക്കും.
രാത്രി 9 മണിക്ക് പള്ളിവേട്ട, 10 മണിക്ക് പള്ളി നിദ്ര.
മാർച്ച് 11ന് മഹാശിവരാത്രി ദിവസം പുലർച്ചെ മഹാദേവന് മഹാരുദ്രാഭിഷേകം, വൈകുന്നേരം 5 മണിക്ക് പാർത്ഥസാരഥി മണ്ഡപത്തിൽ ശിവസഹസ്രനാമാർച്ചന, രാത്രി 8 മണിക്ക് ആറാട്ട് പുറപ്പാട്, ആറാട്ട് ബലി, ആറാട്ട് കഴിഞ്ഞ് എഴുന്നള്ളിപ്പോടുകൂടി കൊടിയിറക്കൽ. വിശേഷാൽ അഭിഷേകങ്ങൾ, പഞ്ചവിംശതി, കലശാഭിഷേകം, ശിവരാത്രി വിശേഷാൽ ചതുർയാമപൂജ എന്നിവയാണ് ശിവരാത്രി ഉത്സവച്ചടങ്ങുകൾ.
മഹാശിവരാത്രി ദിവസം ആറാട്ട് സമയമൊഴിച്ച് മറ്റു സമയങ്ങളിൽ നട അടയ്ക്കുന്നതല്ല. ഭക്ത ജനങ്ങൾ കൂട്ടത്തോടെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കും. മാസ്‌ക് ധരിച്ച് സുരക്ഷിത അകലം പാലിച്ചു മാത്രമേ ക്ഷേത്ര ദർശനം അനുവദിക്കുകയുള്ളൂ. വിവിധ പ്രാദേശിക കമ്മിറ്റികളുടെ ആഭിമുഖ്യത്തിലുള്ള ആഘോഷ വരവും കലാപരിപാടികളും ഇക്കൊല്ലം ഉണ്ടായിരിക്കുന്നതല്ലെന്നും ഭക്ത ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശിവരാത്രി നാളുകളിൽ ദർശനം നടത്തണമെന്നും മഹോത്സവം വിജയിപ്പിക്കണമെന്നും പ്രസിഡന്റ് പി.വി.ചന്ദ്രൻ അഭ്യർത്ഥിച്ചു. വൈസ് പ്രസിഡന്റ് പെറോളി സുന്ദർ ദാസ്,ട്രഷറർ കെ.വി.അരുൺ, ജന.സെക്രട്ടറി എടക്കോത്ത് സുരേഷ് ബാബു വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.