വേലുത്തമ്പിദളവ

വേലുത്തമ്പിദളവ

വിദേശമേധാവിത്വത്തിനും അധാർമിക കാലഘട്ടത്തിനുമെതിരെ കുണ്ടറ വിളംബരത്തിലൂടെ പെരുമ്പറയൊച്ച മുഴക്കിയ, സായുധ കലാപത്തിനു തുടക്കം കുറിച്ച, ജീവിച്ചിരിക്കുമ്പോൾ തന്നെ ഇതിഹാസനായകനായി മാറിയ വ്യക്തിത്വമായിരുന്നു വേലുത്തമ്പിദളവ. വീരപഴശ്ശികേരള വർമ്മയും, വേലുത്തമ്പിദളവയും പ്രതിനിധാനം ചെയ്ത കാലഘട്ടത്തിൽ ധ്രുവനക്ഷത്ര ദീപ്തിപോലെ അവരിരുവരും തലമുറകളെ സ്വാതന്ത്ര്യത്തിന്റെ രാജവീഥിയിലേക്കു നയിക്കുകയും തങ്ങളുടെ ജീവിതലക്ഷ്യം ചരിത്രത്തെക്കൊണ്ടംഗീകരിപ്പിക്കുകയും ചെയ്തു. അധാർമ്മിക കാലഘട്ടത്തിനെതിരെയുള്ള അനശ്വരരേഖയെന്ന നിലയിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുയർത്തിയ ശക്തമായ താക്കീതും പ്രഖ്യാപനവുമായിരുന്നു ദളവയുടെ കുണ്ടറ വിളംബരം. ഭാരത സ്വാതന്ത്ര്യ സമരത്തിൽ ധീരോജ്ജ്വല മാതൃകയായിരുന്ന അദ്ദേഹം, എ.ഡി.1800-ൽ തിരുവിതാംകൂർ ദിവാനായി അധികാരമേറ്റു. രാജ്യത്തെ ക്ഷേമൈശ്വര്യങ്ങളുടെ പാതയിലേക്ക് നയിക്കാനും അഴിമതിമുക്തവും നീതിപൂർവ്വവുമായ ഭരണം കാഴ്ചവയ്ക്കാനും ഹ്രസ്വകാലയളവിനുള്ളിൽ അദ്ദേഹത്തിനു കഴിഞ്ഞു. ജനകീയ പ്രക്ഷോഭങ്ങളുടെ ആദ്യകാല നേതാവും വിവാദപുരുഷനുമായിരുന്ന വേലുത്തമ്പിദളവയ്ക്കു സമശീർഷനായി മറ്റൊരു ധീരദേശാഭിമാനിയെ ഈ നാട് അതിനുമുൻപോ പിൻപോ ദർശിച്ചിട്ടില്ല. ബ്രിട്ടീഷുകാർക്കെതിരായി ജീവിതാന്ത്യം വരെ പടപൊരുതി, ചരിത്രത്തിന്റെ താളുകളിൽ സ്ഥാനം പിടിക്കുകയും വീരമൃത്യുവരിക്കുകയും ചെയ്ത ധീരനായ ആ പടനായകന്റെ ദേശാഭിമാന ബോധത്തെ ചരിത്രപണ്ഡിതൻമാരും മഹാകവികളും വിലയിരുത്തുകയും പുകഴ്ത്തിപ്പാടുകയും ചെയ്തിട്ടുണ്ട്.

അൻപുറ്റ കേരളാധര ജനയിത്രിപെറ്റ
പോൽ പുത്രൻതൻ കരബലത്തിലവൻ പ്രമാണി”

തലക്കുളത്തു വേലുത്തമ്പി മലയാളനാട്ടിലെ നെപ്പോളിയനാണ്. ദളവ പദവി ഏറ്റെടുത്ത നിമിഷം മുതൽ മണ്ണടിയിലെ മണൽത്തരികളിൽ ഹൃദയരക്തം വാർന്നൊഴുകുന്നതുവരെ വിശ്രമമെന്തെന്ന് ആ ധീര സേനാനി അറിഞ്ഞിരുന്നില്ല. കുണ്ടറ വിളംബരം ശക്തമായ ഒരു താക്കീതായിരുന്നു. സുര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെയുണ്ടായ ആദ്യപ്രഖ്യാപനവും അതത്രേ. ആ ധീരദേശാഭിമാനിയുടെ സാഹസികമായ ഓരോചുവടുവയ്പും പണ്ഡിതശ്രേഷ്ഠരും, മഹാകവികളും വിലയിരുത്തുകയും പുകഴ്തിപ്പാടുകയും ചെയ്തിട്ടുണ്ട്. കാലഘട്ടത്തിനെതിരെ നിലകൊള്ളുന്ന അനശ്വരകവിയെന്ന നിലയിൽ ”കുണ്ടറവിളംബരം” ശക്തമായ ഒരു താക്കീതായിരുന്നു. ദേശീയ സ്വാതന്ത്ര്യയസമരചരിത്രത്തിലെ ത്യാഗോജ്ജ്വലമായ രക്തസാക്ഷിത്വം ആദ്യമായി ഭാരതം ദർശിച്ചത് മണ്ണടിയിലാണ്. ആ രക്തസാക്ഷിത്വത്തിൽ നിന്നും ആവേശമുൾകൊണ്ടുകൊണ്ടാണ് ഒരർത്ഥത്തിൽ ദേശീയ പ്രസ്ഥാനം ഇവിടെ ശക്തിയാർജ്ജിച്ചു വളർന്നത്. ഭാരതസ്വാതന്ത്ര്യ സമരത്തിലെ ധീരയോദ്ധാക്കളിൽ പ്രഥമഗണനീയനായിരുന്ന വേലുത്തമ്പിദളവയുടെ കുണ്ടറ വിളംബരം സുപ്രധാന ചരിത്രരേഖ, പടഹധ്വനി ദിവ്യമന്ത്രം എന്നീ നിലകളിലൊക്കെ ചരിത്ര പ്രാധാന്യമർഹിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കടന്നാക്രമണത്തിനെതിരെ നാടിന്റെ മോചനം എന്ന ലക്ഷ്യപ്രാപ്തിക്കായി സംഘടിതജനമുന്നേറ്റം അത്യന്താപേക്ഷിതമാണെന്നും ആഹ്വാനം ചെയ്യുന്നതായിരുന്നീ വിളംബരം ലോകജനതയെ ആകെ പ്രകമ്പനം കൊള്ളിച്ച സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ
ലോകമത പാർലമെന്റിലെ സിംഹഗർജ്ജനത്തോടും, എബ്രഹാം ലിങ്കന്റെ ലിറ്റിസ് ബർഗ് പ്രസംഗത്തോടും കിടപിടിക്കുന്നതായിരുന്നു വേലുത്തമ്പിദളവയുടെ വിളംബരമെന്നു ശ്രദ്ധേയരായ പലരും രേഖപ്പെടുത്തിയിട്ടുമുണ്ട്. തെക്കൻ തിരുവിതാംകൂറിൽ ഇരണിയലിൽ തലക്കുളത്തു വലിയ വീട്ടിൽ വള്ളിയമ്മപ്പിള്ള തങ്കച്ചിയുടെയും മണക്കര കുഞ്ചുമായിറ്റിപ്പിള്ളയുടെയും മകനായി വേലായുധൻ ചെമ്പകരാമൻത്തമ്പി 1765
മേയ് 6 ന് (കൊ.വ.940 മേടം 23ന്) ജനിച്ചു. കുടുംബാംഗങ്ങൾ കുട്ടിക്കാലത്ത് വേലായുധൻ, വേലു എന്നീ പേരുകളിലാണ് വിളിച്ചിരുന്നത്. ഇരണിയൽ കുഞ്ചാദിച്ചൻപിള്ള എന്ന നാട്ടാശാന്റെ ഗുരുമുഖത്തു നിന്നും മലയാളം, സംസ്‌കൃതം, തമിഴ് എന്നീ ഭാഷകളിൽ അവഗാഹമാർജ്ജിച്ചു. തുടർന്ന് ഹിന്ദി, പേർഷ്യൻ, അറബി ഭാഷകളിലും പ്രാഗത്ഭ്യം നേടി. 12-ാ0 വയസ്സിൽ കായികരംഗത്ത് വിശേഷിച്ചും ആയുധ വിദ്യയിൽ പരിശീലനം നേടി വേലായുധൻ നാട്ടിലെ ഏറ്റവും മികച്ച കളരി അഭ്യാസി എന്ന ഖ്യാതിയും വളരെ വേഗം ആർജ്ജിച്ചു. സകലകലാവല്ലഭൻ, ധീരയോദ്ധാവ് നാട്ടുകൂട്ടത്തിന്റെ അധിപൻ എന്നീ നിലകളിലും
കുട്ടിക്കാലത്തു തന്നെ നാട്ടുകാർക്കാകെ വേലായുധൻ പ്രിയങ്കരനായി. ഈ ഘട്ടത്തിലാണ് നാട്ടിലാകെ പരിഭ്രാന്തി സൃഷ്ടിച്ച ഒരു സംഭവം അരങ്ങേറിയത്. കാർത്തിക തിരുനാൾ ധർമരാജാവ് രാമേശ്വരത്തെയ്ക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങിവരവേ അദ്ദേഹത്തിന്റേ തിരുവാഭരണപെട്ടി അപഹരിക്കപ്പെട്ടു. രാജ്യത്തെയാകെ നടുക്കിയ ആ സംഭവത്തിനു കാരണക്കാർ ആരെന്ന തിരച്ചിൽ വ്യാപകമാക്കി. ഔദ്യോഗിക അന്വേഷണത്തിനു പുറമെ ജനസ്വാധീനമുള്ള യുവസേനാനി എന്ന നിലയിൽ വേലുത്തമ്പിദളവയേയും രാജകൊട്ടാരത്തിൽ വിളിച്ചു വരുത്തി. വിവരമറിഞ്ഞ തമ്പി പ്രതിയെ മൂന്നു ദിവസത്തിനുള്ളിൽ
രാജസന്നിധിയിൽ എത്തിച്ചു കൊള്ളാമെന്ന് മഹാരാജാവിനു ഉറപ്പു കൊടുത്തു. യഥാസമയം അതു പാലിക്കുകയും ചെയ്തു. അതോടെ ഇരണിയലിലെ ”കാര്യക്കാർ” എന്ന പദവിയിൽ വേലായുധനെ നിയമിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ നീതിനിഷ്ഠ മണ്ഡപത്തുംപാതുക്കലിലെ അഴിമതിക്കാരെയാകെ ഭീതിയിലാഴ്ത്തി. കാര്യക്കാർ എന്ന പദവിയിൽ വേലായുധനെ നിയമിക്കുകയും ചെയ്തു. അദ്ദേഹത്തിനന്ന് ഇരുപതു വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളു.
1798 ഫെബ്രുവരി 7 ന് കാർത്തിക തിരുനാൾ ധർമരാജാവ് നാടുനീങ്ങി. തുടർന്ന് അധികാരത്തിലേറിയ ബാലരാമവർമ്മ മഹാരാജാവ് അശക്തനായിരുന്നു. അതി പ്രഗത്ഭനായ ഭരണാധികാരി എന്ന നിലയിൽ രാജ്യത്തെക്ഷേമൈശ്വര്യങ്ങളുടെ പാതയിലേക്ക് നയിച്ച രാജാകേശവദാസിന്റെ തിരോധാനവും കൂടിയായപ്പോൾ രാജ്യത്തെ ഭരണ വ്യവസ്ഥയാകെ തകരാറിലായി. മഹാരാജാവിന്റെ ദുർഭരണത്തിനെതിരെ
നടന്ന പ്രതിഷേധങ്ങൾക്ക് വേലുത്തമ്പി നേതൃത്വം നൽകി. ജയന്തൻ ശങ്കരൻ നമ്പൂതിരി, മാത്തുത്തരകൻ. ശങ്കരനാരായണൻ ചെട്ടി എന്നീ ഉപജാപകർ ഭരണരംഗമാകെ അഴിമതിയുടെ വേദിയാക്കി മാറ്റി. കൈക്കുലിയും സ്വജനപക്ഷപാതവും സുന്ദരകലയാക്കി മാറ്റിയ ഈ ത്രിമൂർത്തികൾ വേലുത്തമ്പിയോടുപോലും മൂവായിരം രൂപ കൈക്കൂലി ആവശ്യെപ്പെട്ടു. വൈകിയില്ല. ഇരണിയലിലെത്തിയ തമ്പി ജനങ്ങളെ സംഘ
ടിപ്പിച്ച് തലസ്ഥാനത്തെത്തി (കൊ.വ.974 ഇടവം) 27 ന് ജനങ്ങൾ നഗരം ഉപരോധിച്ചു. ശക്തമായ ബഹുജനരോഷത്തിന്റെ അനന്തരഫലമെന്നോണം ഉപജാപകരെ പിരിച്ചു വിടാനും ജനങ്ങളുടെ ആവശ്യം അംഗീകരിക്കാനും ഭയവിഹ്വലനായ മഹാരാജാവ് സമ്മതിച്ചു. ഉപജാപകരെ ജനകീയ കോടതിയുടെ കുറ്റ വിചാരണയ്ക്ക് വിധേയരാക്കി. കടുത്ത ശിക്ഷ നൽകി നാടു കടത്തി. ജയന്തൻ ശങ്കരൻ നമ്പൂതിരിപ്പാട് വഹിച്ചിരുന്ന പദവി ചിറയിൻകീഴ് അയ്യപ്പൻ മാർത്താണ്ഡപ്പിള്ളയും, വാണിജ്യ-വ്യവസായ മന്ത്രിയുടെ ചുമതല വേലുത്തമ്പിയും ഏറ്റെടുത്തു. (കൊ.വ.975 ചിങ്ങം) ഒന്നിനായിരുന്നു ബ്രിട്ടീഷ് ഗവൺമെന്റിനടയ്‌ക്കേണ്ട കുടിശിക തീർക്കാൻ തിരുവിതാംകൂർ നായർ പട്ടാളത്തിന്റെ അലവൻസ് റദ്ദു ചെയ്തത് സൈനികരെ രോഷാകുലരാക്കി. അവർ ലഹളയാരംഭിച്ചു. വേലുത്തമ്പിയെ മാറ്റണമെന്നായി പിന്നീടുള്ള ആവശ്യം. വീണ്ടും കൊച്ചിയിലെത്തിയ തമ്പി മെക്കാളെയെ കണ്ട് സഹായഭ്യർത്ഥന നടത്തി. അതോടെ തിരുനെൽവേലിയിലും കൊല്ലത്തും താവളമടിച്ചിരുന്ന പട്ടാളത്തെ തിരുവനന്തപുരത്തേക്കയച്ചു. പട്ടാളം ലഹളക്കാരെ അമർച്ച ചെയ്തു. സൈനികരുടെ തലവനായിരുന്ന കൃഷ്ണപ്പിള്ളയെ തമ്പിയുടെ സാന്നിധ്യത്തിൽ ദാരുണമാം വിധം കൊലചെയ്തു. തിരുവിതാംകുറിന്റെ ആഭ്യന്തരകാര്യങ്ങളിൽ ബ്രിട്ടീഷുകാർക്ക് അധികാരമുണ്ടാകണമെന്ന ഒരാശയം മെക്കാളെ ഉന്നയിച്ചു. തിരുവിതാംകൂറിനെ സംബന്ധിച്ചിടത്തോളം പിൽക്കാലത്ത് തികഞ്ഞ അപകടത്തിനു വഴിവച്ച പത്തു നിബന്ധനകളിൽ അവസാനം മഹാരാജവിന് ഒപ്പു വയ്‌ക്കേണ്ടി വന്നു. നിബന്ധനകളിൽ ഒപ്പുവച്ചെങ്കിലും കമ്പനിക്ക് അടയ്‌ക്കേണ്ട തുക യഥാസമയം നൽകുകയുണ്ടായില്ല. കപ്പം കുടിശിക വന്നപ്പോൾ തമ്പിയും മെക്കാളെയും നീരസത്തിലായി. തമ്പിയെ അധികാര ദ്രഷ്ടനാക്കണമെന്ന് പ്രസിഡന്റ് മെക്കാളെ, മഹാരാജാവിനോട് ആവശ്യപ്പെട്ടു. കൊട്ടാരത്തിലെ സ്വർണ്ണം പണയം വച്ച് കപ്പം കുടിശിക കുറെയൊക്കെ അടച്ചെങ്കിലും മെക്കാളെയുടെ നീരസം കെട്ടടങ്ങിയില്ല. അപകടം
ശരിക്കും ഗ്രഹിച്ചറിഞ്ഞ വേലുത്തമ്പി ആയുധബലം ഗണ്യമായി വർദ്ധിപ്പിക്കുകയും കോട്ടകൾ കെട്ടുകയും ചെയ്തു. 1805 ലെ ഉടമ്പടി പ്രകാരം തിരുവിതാംകൂറിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ളബ്രിട്ടീഷ്‌കാരുടെ അവകാശം അംഗീകരിക്കാതെ പാലിയത്തച്ചനുമായി ചേർന്ന് ശക്തമായ ആക്രമത്തിനു തുടക്കം കുറിച്ചു. മെക്കാളയെ വധിക്കാൻ രഹസ്യശ്രമം നടത്തിയെങ്കിലും മെക്കാളെ അത്ഭുതകരമാം വിധം രക്ഷപ്പെടുകയാണുണ്ടായത്. 1806 – ഡിസംബറിൽ കൊച്ചിയിലെ മെക്കാളയുടെ സൈനിക കേന്ദ്രം ആക്രമിക്കുകയും കലാപകാരികൾ കൊച്ചിയിലെ ജയിൽതുറന്ന് തടവുകാരെ മോചിപ്പിക്കുകയുമുണ്ടായി.
പിന്നീട് വേലുത്തമ്പിദളവ കൊല്ലത്ത് താവളമടിച്ചിരുന്ന കമ്പനിസഖ്യത്തിനെതിരെ യുദ്ധമാരംഭിച്ചുവെങ്കിലും വിജയിക്കാനായില്ല. ബ്രിട്ടീഷ് സൈന്യത്തെ നേരിടുന്നതിന് സജ്ജരാക്കുന്നതിലേക്ക് ജനുവരി 14ന് (1984 മകരം 1) വേലുത്തമ്പി കുണ്ടറവിളംമ്പരം എന്ന ചരിത്ര പ്രസിദ്ധമായ സമരാഹ്വാനം നടത്തി. ബ്രിട്ടീഷുകാർക്കെതിരെ ജനങ്ങളെ സംഘടിതരും ആവേശഭരിതരുമാക്കാൻ ആ വിളംമ്പരം സഹായകരമായി കൊല്ലത്തും, കൊച്ചിയിലും തിരുവിതാംകൂറിലും പരാജയം സംഭവിച്ചു. പാലിയത്തച്ചൻ ബ്രിട്ടീഷ്‌കമ്പനിക്ക് കീഴടങ്ങി. ആരുവാമൊഴിയിൽവച്ച് നിരുനെൽവേലിയിലുള്ള സൈന്യവുമായി ഉണ്ടായ യുദ്ധത്തിലും തിരുവിതാകുറിനു വിജയിക്കാനായില്ല. ആരുവാമൊഴിയിലെ പരാജയത്തെത്തുടർന്ന് ഉമ്മിണിതമ്പിയുടെ നിർദ്ദേശാനുസരണം മഹാരാജാവ് വേലുത്തമ്പിയെ ദളവാസ്ഥാനത്തുനിന്നും നീക്കി ദളവയെ രാജ്യദ്രോഹിയായി പ്രഖ്യാപിച്ചു. 1809 മാർച്ച് 18 ന് ഉമ്മിണിതമ്പിയെ ദിവാനായി നിയമിച്ചു. ഒളിവിൽ കഴിഞ്ഞ വേലുതമ്പിയെ ജീവനോടെ പിടിക്കാൻ ഉമ്മിണിതമ്പി എല്ലാവിധ സജ്ജീകരണങ്ങളുമൊരുക്കി. ജീവനോടെ ബ്രിട്ടീഷുകാർക്ക് കീഴടങ്ങുകയില്ലെന്ന് വേലുതമ്പി പ്രതിജ്ഞ ചെയ്തു. കിളിമാനൂർ കോയിത്തമ്പുരാന്റെ അതിഥിയായി കഴിയുമ്പോൾ തന്റെ ഉടവാൾ വേലുത്തമ്പി രാജാവിനെ ഏല്പിച്ചു. ബ്രിട്ടീഷു പട്ടാളം വേലുത്തമ്പിയെ ലക്ഷ്യംവച്ച് വടക്കോട്ട് നീങ്ങുകയായിരുന്നു. മണ്ണടിയിൽ ആ ധീരസേനാനി ഉണ്ടെന്ന വിവരം ഇംഗ്ലീഷുകാർക്ക് ലഭിച്ചിരുന്നു. സ്വാതന്ത്യപ്രാപ്തിക്കുശേഷം തലസ്ഥാന നഗരിയിൽ പാളയം രക്തസാക്ഷ്യമണ്ഡപത്തിന് മുമ്പിലെ ഗംഭീരമായ സദസ്സിൽവച്ച് കിളിമാനൂർ രാജാവ് രാഷ്ട്രപതി രാജേന്ദ്രപ്രസാദിന് വേലുത്തമ്പിയുടെ ഉടവാൾ സമ്മാനിച്ചു. അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെ സാന്നിദ്ധ്യത്തിലാണ് സമ്മാനദാനം നിർവ്വഹിച്ചത്. രാഷ്ട്രപതി പടവാൾ ദേശീയമ്യൂസിയത്തിന് കൈമാറി. പടവാൾ കാണാനില്ലെന്ന വാർത്ത ഏറെകാലം നിലനിന്നിരുന്നു. ചരിത്രഗവേഷകനും ഗ്രന്ഥകാരനുമായ ഡോ ടി.പി. ശങ്കരൻകുട്ടിനായരുടെ നിവേദനങ്ങളുടെ ഫലമായി ആ വാൾ കണ്ടെത്താനായി. സാംസ്‌കാരിക വകുപ്പ് മന്ത്രി എം.എ.ബേബി ഉടവാൾ കേരളത്തിന് നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്രഗവൺമെന്റിന് നിവേദനം സമർപ്പിക്കുകയും, സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ഇംഗ്ലീഷ് ഈസ്റ്റിന്ത്യ കമ്പനിക്കുവേണ്ടി 1809 ജനുവരി 15 ന് മദ്രാസിലെ സെന്റ് ജോർജ്ജ് ഫോർട്ടിൽ നിന്ന് ഗവർണറുടെതായി ഒരു വിളംമ്പരം തിരുവനന്തപുരത്തെ ജനങ്ങളുടെ അറിവിനായി ചെണ്ടകൊട്ടി വിളംബരം ചെയ്തു. തിരുവിതാംകൂർ ദിവാൻ വേലുത്തമ്പിദളവ ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ സായുധ സന്നാഹങ്ങളൊരുക്കുകയാണെന്നും അദ്ദേഹത്തിന്റെ തെറ്റായ പ്രവർത്തനങ്ങളിൽ ജനങ്ങളാരും സഹകരിക്കരുതെന്നുമായിരുന്നു വിളംമ്പരത്തിന്റെ ഉള്ളടക്കം. തുടർന്നും വേലുത്തമ്പിക്കെതിരെ വിളംമ്പരം പുറത്തുവന്നു. ഈസ്റ്റിന്ത്യ കമ്പനിക്കെതിരെ ചെറുത്തുനിൽക്കാനാവില്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കിയ വേലുത്തമ്പി ”മണ്ണടി” എത്തി ശത്രുക്കളുടെപിടിയിൽനിന്ന് രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയിൽ 1809 മാർച്ച് 29 നു ആത്മഹത്യചെയ്തു. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ വേലുത്തമ്പി പരാജിതനായി. രാജാവ് തമ്പിയെ സ്ഥാനഭ്രഷ്ടനാക്കി. ദളവയെ ബന്ധനസ്ഥനാക്കാനും രാജകല്പനയുണ്ടായി. തുടർന്ന് അധികാരത്തിലേറിയ ഉമ്മിണിതമ്പി ഒളിവിലായ വേലുത്തമ്പിദളവയെ മണ്ണടി ഭഗവതിക്ഷേത്രത്തിൽ ശത്രുക്കളെത്തിയപ്പോൾ ശത്രുക്കളുടെ പിടിയിൽപെടാതെ ആ ധീരദേശാഭിമാനി 1809 മാർച്ച് 29 ന് സ്വയം ജീവനൊടുക്കി. പഴശ്ശിരാജ വീരകേരളവർമ്മ വയനാട് വനാന്തരത്തിൽ ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി 1805 നവംബർ 30 ന് വീരചരമംപ്രാപിച്ച് മൂന്ന് വർഷംപിന്നിട്ടപ്പോഴാണ് വേലുത്തമ്പിദളവയുടെ വീരചരമം നടന്നത്. വേലുത്തമ്പിദളവയും, പഴശ്ശിരാജയും കേരള ചരിത്രത്തിൽ സവിശേഷസ്ഥാനത്തിനർഹരാണ്. ബ്രിട്ടീഷുകാരുടെ സേച്ഛാധിപത്യത്തിനെതിരെ അന്ത്യശ്വാസംവരെ അവരിരുവരും പോരാടി ശത്രുവിനു മുന്നിൽ കീഴടങ്ങാതെ ഇരുവരും ജീവനൊടുക്കുകയായിരുന്നു. ആ ധീരദേശാഭിമാനിയുടെ മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവന്ന് കണ്ണമൂലയിൽ കഴുമരത്തിലേറ്റി അരിശംതീർത്തു. ആ മൃതദേഹം കവലകൾതോറും പ്രദർശിപ്പിച്ചു. അദ്ദേഹത്തിന്റെ ഗൃഹം ഇടിച്ചു നിരത്തി വസ്തുവകകൾ കണ്ടുകെട്ടി. ബന്ധുക്കളെ മാലിദ്വീപിലേക്കു നാടുകടത്തുകയും ചെയ്തു. മൃതദേഹത്തോട് കാട്ടിയ അനാദരവിനും ക്രൂരതയ്ക്കുമെതിരെ റസിഡന്റ് മെക്കാളയോട് ഗവർണർ ജനറൽ വിശദീകരണം തേടി. പിന്നീട് തലസ്ഥാനനഗരിയിൽ കുമാരപുരത്ത് ”ചെട്ടിക്കുന്ന്”’ എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ദളവാക്കുന്നിൽ ആ ധീരദേശാഭിമാനിയുടെ മൃതദ്ദേഹം സംസ്‌കരിച്ചു. ഒന്നാംസ്വാതന്ത്ര്യസമരത്തിന് അരശതാബ്ദകാലം മുമ്പ് നാടിന്റെ സ്വാതന്ത്ര്യമെന്ന മഹോന്നതാദർശം ജനമനസ്സുകളിൽ ആഴത്തിൽപതിപ്പിക്കുന്നതിനും വൈദേശീകാധിപത്യത്തിനുമെതിരെ രംഗത്തു വന്ന തലകുളത്ത് വേലുതമ്പിയുടെ -മഹാനായ കേരളപുത്രന്റെ ശബ്ദം ആസേതു ഹിമാചലം അലയടിച്ചുയർന്നു. ആ മഹാപുരുഷനെക്കുറിച്ചുള്ള ആവേശകരമായ സ്മരണ ദേശാഭിമാനി ബോധമുള്ള ആരുടെയും മനസ്സിൽ ഏക്കാലവും ജ്വലിച്ചു നില്ക്കുക തന്നെ ചെയ്യും.

തയ്യാറാക്കിയത്

കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ
Share

Leave a Reply

Your email address will not be published. Required fields are marked *