വൈക്കം മുഹമ്മദ് ബഷീർ ഒരനുസ്മരണം

വൈക്കം മുഹമ്മദ് ബഷീർ ഒരനുസ്മരണം

സാഹിത്യത്തിലെ ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ 26-ാം ചരമവാർഷികവും കടന്നുപോയി. വൈക്കം മുഹമ്മദ് ബഷീർ മലയാള സാഹിത്യത്തെ വിശ്വ സാഹിത്യരംഗത്തേക്കെത്തിച്ച മഹാപ്രതിഭകളിൽ ഒരാളാണ്. ജീവിതത്തിലെ പ്രതിസന്ധികൾ വളരെ ധീരമായി നേരിടുകയും ധാരാളം യാത്രകൾ ചെയ്യുകയും അതിലൂടെ അനുഭവജ്ഞാനം നേടിയെടുക്കുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മലയാളത്തിലെ ഇന്ന് ജീവിച്ചിരിക്കുന്ന പ്രമുഖ സാഹിത്യകാരനായ എം.ടി വാസുദേവൻനായർ പറഞ്ഞ വാക്കുകൾ ഇവിടെ സ്മരണീയമാണ്. അതായത് വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യമാകുന്ന അടുക്കളയിലെ പാചകക്കാരനാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുപോലെ തന്നെ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളിൽ നിന്നും വിഭിന്നമാകുന്നത് അതിന്റെ ജനകീയതയാണ്. ഒരിക്കൽ കായിക്കര ആശാൻ സ്മാരക മന്ദിരത്തിൽ ഒരു സംവാദത്തിൽ ഏർപ്പെട്ടിരുന്ന എം.മുകുന്ദനോട് ഒരു ചെറുപ്പക്കാരൻ ചോദിച്ചു – ഈ സാഹിത്യ രചനകൾക്കിടയിൽ അങ്ങേയ്ക്ക് ഏതെങ്കിലും തരത്തിലുള്ള സംഘർഷങ്ങൾ അനുഭവപ്പെടാറുണ്ടോ എന്ന് .. ഒരു നിമിഷം മൗനിയായ ശേഷം അദ്ദേഹം പറഞ്ഞു. എനിക്കങ്ങനെ സംഘർഷമുണ്ടാകുമ്പോൾ ഞാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികൾ എടുത്ത് അതിലെ ഏതെങ്കിലും പേജ് വായിക്കും എന്ന്. ഇതിൽ നിന്നു തന്നെ വൈക്കം മുഹമ്മദ് ബഷീർ സാഹിത്യത്തിൽ എവിടെ നിൽക്കുന്നുവെന്നുള്ളത് നമുക്ക് ബോദ്ധ്യമാണ്. അദ്ദേഹത്തിന്റെ കൃതികളെപ്പറ്റി പറയുമ്പോൾ തന്നെ ‘നീലവെളിച്ചം’ എന്ന ചെറുകഥ ‘ ഭാർഗവീനിലയം’ എന്ന പേരിൽ സിനിമയായി. അത് അഭ്രപാളികളിൽ ഈ പേരിൽ സിനിമയായപ്പോൾ പ്രേംനസീർ, മധു, വിജയനിർമ്മല, പി.ജെ ആന്റണി എന്നിവർ ചേർന്ന് ആ കാലഘട്ടത്തിലെ മനോഹരമായ ചിത്രമാക്കി മാറ്റി. പിന്നെ പ്രധാനമായി എടുത്ത് പറയേണ്ടുന്നത് നോവലാണ്. പൂവൻപഴം കൂടാതെ ബാല്യകാലസഖി, ആനവാരിയും പൊൻകുരിശും, ശബ്ദങ്ങൾ, മുച്ചീട്ടുകളിക്കാരന്റെ മകൾ, ന്റെപ്പുപ്പാക്കൊരാനണ്ടാർന്നു, കൂടാതെ ധാരാളം ചെറുകഥകളും അദ്ദേഹത്തിന്റേതായുണ്ട്. അദ്ദേഹം വെറും ഒരു എഴുത്തുകാരനായിരുന്നില്ല. അതിനപ്പുറം ഒരു ആദ്ധ്യാത്മിക ചിന്തകനായിരുന്നു. അതായത് ഒരു സൂഫി മനസ്സിന്റെ ഉടമയായിരുന്നു. ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ദീർഘനാൾ ജയിൽശിക്ഷ അനുഭവച്ചിട്ടുണ്ട്. അദ്ദേഹത്തിനോടോപ്പം സഹതടവുകാരനായിരുന്ന പ്രമുഖർ പട്ടം താണുപ്പിള്ള, പി.എം വർഗ്ഗീസ്, എം.എൻ ഗോവിന്ദൻനായർ, ഡേവിഡ് ജോർജ്, പൊന്നറ ശ്രീധരൻ, പരവൂർ, കെ.എം ബഷീർ, തുടങ്ങിയ സ്വാതന്ത്രസമര സേനാനികളായിരുന്നു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ വെച്ച് അദ്ദേഹം ധാരാളം എഴുതിയിരുന്നു. കൈവിലങ്ങ്, ടൈഗർ, ഇടിയൻ പണിക്കർ, പോലീസുകാരന്റെ മകൾ, പിന്നെ ‘വിഖ്യാതമായ കൃതി ‘ പ്രേമലേഖനം’ ആണ്. മഹാത്മാഗാന്ധിയുടെ ആരാധകനായിരുന്നു. ഗാന്ധിജിയെ തൊടാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഖദർ ഉടുപ്പ് ധരിച്ച് സ്‌കൂളിൽ പോയപ്പോൾ പ്രധാന അദ്ധ്യാപകൻ വെങ്കിടേശ്വരൻ എന്ന സാർ തല്ലുകയും ക്ലാസിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി അദ്ദേഹം തന്നെ പറയുന്നുണ്ട്. 1925-ലാണ് ഗാന്ധിജി വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കോട്ടയത്തു വരുന്നത്. അന്ന് ക്ലാസ് കട്ട് ചെയ്ത് ഗാന്ധിജിയെ കാണാൻ പോയിരുന്നു. തിരക്കിനിടയിൽ തുറന്ന കാറിൽ ഗാന്ധിയെത്തി. ഗാന്ധിയെ തൊടാനുള്ള ഭാഗ്യം പൂവണിഞ്ഞു. പിന്നെ ‘ ഭൂമിയുടെ അവകാശികൾ ‘ എന്ന പുസ്തകവും വളരെ പ്രസിദ്ധമാണ്. ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ അവകാശമുണ്ട്. എലി. പാമ്പ്, പഴുതാര തുടങ്ങിയവ. അതാണ് അതിലെ പ്രമേയം. ഇന്നും അദ്ദേഹം ആ കൃതികളിലൂടെ ജനഹൃദയങ്ങളിൽ ജീവിക്കുന്നു. ബഷീറിന്റെ ജന്മദിനം 1908 ജനുവരി 21 ആണ്. അദ്ദേഹം ആദ്യം പ്രസിദ്ധീകരിച്ച കൃതിയുടെ പേര് ‘തങ്കം’ എന്നാണ്. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിച്ച ബഷീർ രചിച്ച നാടകത്തിന്റെ പേര് ‘ കഥാബീജം’ എന്നാണ്. പെണ്ണുങ്ങളുടെ ബുദ്ധി എന്ന പേരിൽ അറിയപ്പെടുന്ന ബഷീറിന്റെ കൃതി – പാത്തുമ്മയുടെ ആട് ആണ്. അദ്ദേഹം ബേപ്പൂർ സുൽത്താൻ എന്ന പേരിൽ പ്രശസ്തനായി. വൈലാൽ എന്നായിരുന്നു വീട്ടുപേര്. 1982-ൽ പത്മശ്രീ ലഭിച്ചു. ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച നോവൽ ‘പ്രേംപാറ്റ’ മരണശേഷം പ്രസിദ്ധീകരിച്ച ചെറുകഥാസമാഹാരം ‘യാഇലാഹി’ ആണ്. 1981-ൽ ആണ് സാഹിത്യ അക്കാദമി പുരസ്‌കാരത്തിനർഹനായത്. സാഹിത്യലോകത്ത് കോളിളക്കം സ്യഷ്ടിച്ച ബഷീർ കൃതി ‘ ശബ്ദങ്ങൾ ‘ ആണ്. ബാലാമണിയമ്മയോടോപ്പമാണ് വള്ളത്തോൾ അവാർഡ് നേടിയത്. ആ ആത്മാവിന് നിത്യശാന്തി നേരുന്നു.

തയ്യാറാക്കിയത്

കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ
Share

Leave a Reply

Your email address will not be published. Required fields are marked *