കോഴിക്കോട്: മൾട്ടിപ്പിൾ മൈലോമ പോലുള്ള രക്താർബുദ രോഗങ്ങൾക്കായി സമഗ്ര ചികിത്സാ സൗകര്യമൊരുക്കി മേയ്ത്ര ഹോസ്പിറ്റൽ. കീമോ തെറാപ്പി, മജ്ജ മാറ്റിവെക്കൽ, മരുന്ന് ഉപയോഗം എന്നിവ സംയോജിപ്പിച്ച ചികിത്സക്കായി മൈലോമ ക്ലിനിക്ക് സജ്ജീകരിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ഹെമറ്റോ-ഓങ്കോളജി, ബിഎംടി ഡിപ്പാർട്ട്‌മെന്റുകളുടെ സംയുക്ത നേതൃത്വത്തിലാണ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചത്. ഡോ. രാഗേഷ് ആർ. നായരുടെ നേതൃത്വത്തിൽ വിദഗ്ദ ഡോക്ടർമാരും നഴ്‌സുമാരും അടങ്ങിയ പ്രത്യേക ചികിത്സാ സംഘത്തിന് സഹായമൊരുക്കി അത്യാധുനിക ഐ.സി.യു യൂണിറ്റ് പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കൽ- സർജിക്കൽ വകുപ്പുകളുടെ പ്രത്യേക മേൽനോട്ടവും രോഗിക്ക് ഉറപ്പുനൽകുന്നു. പ്രൊഫ. നരീന്ദർ കുമാർ മെഹ്റ മൈലോമ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ”ഈ സംരംഭം ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പ്പാണെന്നും കാലക്രമേണ മൈലോമയെ നേരിടുന്നതിൽ ദക്ഷിണേന്ത്യയിൽ മാത്രമല്ല, ഇന്ത്യയിലുടനീളം ഈ ചികിത്സാരീതി ഒരു മാതൃകയാകുമെന്നും പ്രൊഫ. നരീന്ദർ കുമാർ മെഹ്റ (മുൻ എയിംസ് ഡീൻ, ന്യൂഡൽഹി, ഐസിഎംആർ എമെറിറ്റസ് സയന്റിസ്റ്റ്) പറഞ്ഞു. മജ്ജയ്ക്കുള്ളിലെ പ്ലാസ്മ സെല്ലുകളുടെ അനിയന്ത്രിത വർധനവിനെ തുടർന്നാണ് മൈലോമയോ മൾട്ടിപ്പിൾ മൈലോമയോ ഉണ്ടാകുന്നത്. ഓട്ടോലോഗസ് ബോൺ മാരോ ട്രാൻസ്പ്ലാന്റെഷൻ (ബി.എം.ടി) എന്ന ചികിത്സയാണ് ആഗോളതലത്തിൽ മൈലോമ രോഗികൾക്കുള്ള ഫലപ്രദ ചികിത്സയായി അറിയപ്പെടുന്നത്. പ്രത്യേകം സജ്ജീകരിച്ച രോഗീ സൗഹൃദ മുറികളിൽ അണുനശീകരണ മാനദണ്ഡങ്ങൾ പലിച്ചുകൊണ്ടാണ് ചികിത്സ ഒരുക്കിയിട്ടുള്ളത്. രക്തജന്യ രോഗമാണെങ്കിലും, ഈ രോഗാവസ്ഥ ശരീരത്തിലെ ഭൂരിഭാഗം അവയവങ്ങളെയും ബാധിക്കുമെന്ന് മേയ്ത്ര ഹോസ്പിറ്റലിലെ ഹെമറ്റോ-ഓങ്കോളജി ആൻഡ് ബോൺ മാരോ ട്രാൻസ്പ്ലാൻറ് വിഭാഗം ഡയറക്ടർ ഡോ. രാഗേഷ് ആർ. നായർ പറഞ്ഞു. ‘അർബുദ കോശങ്ങൾ അസ്ഥികളെ ദുർബലമാക്കുകയും പൊട്ടലുകൾക്കും നടുവേദനക്കും കാരണമാകുകയും ചെയ്യുന്നു.വൃക്കയെ ഗുരുതരമായി ബാധിക്കുന്ന ചില മാംസ്യപദാർഥങ്ങൾ (പ്രൊട്ടീനുകൾ) മൾട്ടിപ്പിൾ മൈലോമ കോശങ്ങൾ ഉൽപാദിപ്പിക്കുന്നു. ഹൃദയം, വൃക്ക, നാഡീ വ്യവസ്ഥ എന്നിവയ്ക്ക് ദോഷകരമായ രീതിയിൽ കൂടിയ അളവിൽ കാൽസ്യം ഇവ പുറത്തുവിടുന്നു. ഇതേത്തുടർന്ന് ഹീമോഗ്ലോബിന്റെ അളവ് ശരീരത്തിൽ ഗണ്യമായി കുറയും. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും രോഗബാധിതരാകാൻ സാധ്യത കൂടുകയും ചെയ്യുന്നു. ഇവയ്‌ക്കെല്ലാം പരിഹാരമായാണ് വിവിധ ശാഖകളെ യോജിപ്പിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സമഗ്ര ചികിത്സ പദ്ധതി മേയ്ത്രയിലെ മൈലോമ ക്ലിനിക്കിലെത്തുന്ന രോഗികൾക്ക് ഉറപ്പാക്കുന്നതെന്നദ്ദേഹം കൂട്ടിച്ചേർത്തു. മജ്ജമാറ്റിവെക്കലിലൂടെയും ആധുനിക ചികിത്സ മാർഗങ്ങളിലൂടെയും മൈലോമ എന്ന രക്താർബുദത്തെ വരുതിയിലാക്കാനായിട്ടുണ്ടെന്ന് മേയ്ത്ര ഹോസ്പിറ്റൽ സി.ഇ.ഒ ഡോ.പി. മോഹനകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഹെമറ്റോ-ഓങ്കോളജി ആൻഡ് ബോൺ മാരോ ട്രാൻസ്പ്ലാൻറ്,ഓർത്തോ-സ്‌പൈൻ, ന്യൂറോ സ്‌പൈൻ, നെഫ്രോളജി, പാതോളജി, റേഡിയോളജി, ഗാസ്‌ട്രോ എൻട്രോളജി, കാർഡിയോളജി എന്നിവയെല്ലാം സംയോജിപ്പിച്ച സമഗ്ര ചികിത്സയാണ് മേയ്ത്ര ഹോസ്പിറ്റലിൽ ഒരുക്കിയിട്ടുള്ളത്. രോഗിക്കും രോഗിയുടെ വീട്ടുകാർക്കുമായുള്ള പ്രത്യേക കൗൺസലിങ് സെഷനുകളും, ഭക്ഷണക്രമം സംബന്ധിച്ച വിദഗ്ധരുടെ ഉപദേശവും രോഗീ വിദ്യാഭ്യാസവും ക്ലിനിക്കിൽ അടങ്ങിയിട്ടുണ്ട്. ആഗോള നിലവാരത്തിലുള്ള വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണിത്. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ (വ്യാഴാഴ്ച ഒഴികെ) രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് മൂന്നു മണി വരെയാണ് ക്ലിനിക്കിന്റെ പ്രവർത്തനസമയം. കുടുതൽ വിവരങ്ങൾക്ക്: +91 9895005456, ഇമെയിൽ: [email protected]