കാവാലം നാരായണപ്പണിക്കർ അന്തരിച്ചിട്ട് നാല് വർഷം പൂർത്തിയായിരിക്കുന്നു. സാംസ്‌കാരിക പഴമയും തനിമയും വെളിവാകുന്ന രീതിയിൽ കലയെ എങ്ങനെ ആവിഷ്‌കരിക്കാമെന്നും നവീകരണത്തിലൂടെ അവ എങ്ങനെ വികാസത്തിലേക്ക് പരിണമിക്കുന്നുവെന്നും മലയാളിക്ക് കാട്ടിതന്ന പ്രതിഭാധനായിരുന്നു അദ്ദേഹം. തനതു നാടകരംഗത്ത് സ്വന്തമായി സിംഹാസനം സ്യഷ്ടിച്ച കാവാലം നാരായണപ്പണിക്കർ ആലപ്പുഴ ജില്ലയിലെ കാവാലത്ത് ഗോദവർമ്മയുടേയും, കുഞ്ഞുലക്ഷ്മിയമ്മയുടേയും മകനായി 1928 ലാണ് ജനിച്ചത്. കവി, ഗാനരചയിതാവ്, നാടകക്യത്ത്, സംവിധായകൻ, സൈദ്ധാന്തികൻ എന്നിങ്ങനെ പല നിലകളിലും ആറുദശാബ്ദക്കാലത്തിലേറെയായി കേരളത്തിന്റെ കലാസാംസ്‌കാരിക മണ്ഡലങ്ങളിൽ ഈ കുട്ടനാട്ടുകാരൻ തന്റേതായ സംഭാവനകൾ ആവോളം നൽകി നിറഞ്ഞു നിന്നു. കാവാലം എന്ന പേരു കേൾക്കുമ്പോൾ തന്നെ നാടകം എന്ന കലാരൂപമാണ് ഏവരുടേയും മനസ്സിലേക്ക് കടന്നുവരുന്നതെങ്കിലും അദ്ദേഹം കവിതയും ഗാനങ്ങളും രചിച്ചുകൊണ്ടു തന്നെ കലാജീവിതത്തിന് തുടക്കമിട്ടത്. നാടൻപാട്ടുകളും, നാടൻ കലകളും, അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നവയായിരുന്നു. തിരുവാഴിത്താൻ, അവനവൻകടമ്പ, കരിങ്കുട്ടി, ദൈവത്താൻ തുടങ്ങിയ പ്രശസ്ത നാടകങ്ങൾ രചിച്ചു. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കാവാലത്തിന്റെ സംസ്‌കൃത നാടകം ‘കർണ്ണഭാരം’ രാജ്യമൊട്ടാകെ ശ്രദ്ധയാകർഷിച്ചു. രതിനിർവ്വേദം എന്ന ഭരതൻ ചിത്രത്തിനു ഗാനങ്ങൾ എഴുതിക്കൊണ്ട് സിനിമാരംഗത്തെത്തി. തുടർന്ന് വാടകക്കൊരു ഹൃദയം, തമ്പ്, കുമ്മാട്ടി, തമ്പുരാട്ടി, ആരവം, പടയോട്ടം, മർമ്മരം, ആൾക്കൂട്ടത്തിൽ തനിയെ, അഹം, സർവ്വകലാശാല, ഉത്സവപ്പിറ്റേന്ന്, ആയിരപ്പാറ, ആരുഢം, കാറ്റത്തെ കിളിക്കൂട്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങിയ ചിത്രങ്ങൾക്ക് ഗാനരചന നിർവ്വഹിച്ചു. ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘ആമേൻ’ എന്ന സിനിമക്കാണ് കാവാലം ഒടുവിൽ ഗാനരചന നിർവ്വഹിച്ചത്. കേരളസംഗീത അക്കാദമി സെക്രട്ടറി, തിരുവരങ്ങിന്റെയും, സോപാനത്തിന്റെയും, ഡയറക്ടർ, എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. നെടുമുടിവേണു, ജഗന്നാഥൻ തുടങ്ങിയ പ്രശസ്തർ കാവാലത്തിന്റെ നാടകകളരിയിൽ സ്ഥിരസാന്നിദ്ധ്യമായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ നിരവധി അവാർഡുകൾ, കേരള സംസ്ഥാന സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, മധ്യപ്രദേശ് സർക്കാറിന്റെ കാളിദാസസമ്മാനം, നന്ദികർ നാഷണൽ അവാർഡ്, സംഗീത-നാടക അക്കാദമിയുടെ നാഷണൽ അവാർഡ്, എന്നിങ്ങനെ നാടകരചനകൾക്കും, മറ്റു കലാപ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായി ധാരാളം ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2007-ൽ പത്മഭൂഷൻ പുരസ്‌കാരം, നൽകി കേന്ദ്ര സർക്കാർ അദ്ദേഹത്തെ ആദരിച്ചു. 2009-ൽ വള്ളത്തോൾ പുരസ്‌കാരവും ലഭിച്ചു.
‘ ഭാസന്റെ നാട്യശാസ്ത്രത്തിനു മധുരതര
ക്കേരളീയത്വമേകീ
ഭാസിച്ചൂ നാടകാചാര്യനുടെ നിലയിലാ
പ്രാഭവത്തിലൊളിമിന്നി
ദൈവത്താരിൽത്തുടങ്ങീട്ടനവധി മഹിതം
നാടകങ്ങൾ രചിച്ചു
ദൈവത്തിനാനുകൂല്യപ്രച്ചരിമയതിനാ
ലെത്തി ‘ശാകുന്തളത്തിൽ’
കഥകളി, തിറ, തെയ്യം, കൂടിയാട്ടം, തുടങ്ങി പഴയ കാക്കാരിശ്ശിനാട്യംവരേയും തനിമയൊരുതരത്തിൽ ചോർന്നുപോയീടാതെ അനവധിരസമാളും വേദികൾ കയ്യടക്കി പത്മശ്രീതൊട്ടെത്രയോ പുരസ്‌കാരമിങ്ങോട്ടു തേടിവന്ന ജന്മസാഫല്യമടഞ്ഞു പുൽകി നിത്യശാന്തിയായീ മണ്ണിൽ ശിഷ്യർക്കെന്നും പരമ ഗുരുവായ് വത്സലത്ത്വത്തിനാലേ നേർവഴിയരുളിയെന്നെന്നും ലസിപ്പൂ നിത്യമായ് നീ അമരനായ് വാണീടൂം….
തയ്യാറാക്കിയത്