കോഴിക്കോട് : കേരളത്തിലെ ബഹുഭൂരിഭാഗം ഹജ്ജ് തീർത്ഥാടകരും കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്നുള്ളവരായതിനാൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് കോഴിക്കോട്ടു തന്നെ പുനഃസ്ഥാപിക്കണമെന്ന് മലബാർ ചേംബർ പ്രസിഡന്റ് കെ.വി ഹസീബ് അഹമ്മദും കാലിക്കറ്റ് എയർപോർട്ട് കമ്മറ്റി ചെയർമാൻ പി.വി ഗംഗാധരനും കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി, വ്യോമയാന വകുപ്പ് മന്ത്രി, കേന്ദ്രഹജ്ജ് കമ്മറ്റി ചെയർമാൻ എന്നിവർക്കയച്ച നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു. മുമ്പ് കോഴിക്കോട്ടായിരുന്ന ഹജ്ജ് എംബാർക്കേഷൻ പോയിന്റ് വിമാനത്താവളത്തിന്റെ അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണ് കൊച്ചിയിലേക്ക് മാറ്റിയത്. വിപുലമായ ഒരു ഹജ്ജ് ഹൗസ് വിമാനത്താവളത്തിനു സമീപം ഉണ്ട്. ഇത്തരം എല്ലാ സ്ഥിരം സംവിധാനങ്ങളും ഉള്ള കോഴിക്കോട് വിമാനത്താവളത്തെ ഒഴിവാക്കി കൊച്ചിക്കു നൽകിയത് തികച്ചും വിവേചനാപരമാണ്. കൂടാതെ ഹജ്ജ് തീർത്ഥാടകരെ ബുദ്ധിമുട്ടിക്കുന്ന ഒരു നടപടിയാണെന്നവർ അഭിപ്രായപ്പെട്ടു.