ടൗണിലെ ജോലി സ്ഥലത്തേക്ക് ഭാര്യയുടെ അർജന്റ് വിളി മൊബൈലിൽ എത്തി. എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ തളർന്ന സ്വരത്തിൽ അവൾ പറഞ്ഞു. നമ്മുടെ കോളനിയിലെ ബേബി മരിച്ചെന്ന് ഇവിടെ പലരും പറയുന്നു. അതിന്റെ വാസ്തവം ഒന്നറിയാമോ? ഫോൺ ഉടനെ ഡിസ്‌കണക്ട് ചെയ്ത് ഞാൻ റസിഡന്റ് അസോസയേഷൻ സെക്രട്ടറിയെ വിളിച്ചു. അദ്ദേഹം ഉടൻ മറുപടി തന്നു. കേട്ടത് ശരിയാണെന്ന്, ഇത്‌കേട്ട ഉടനെ ആകപ്പാടെ ഒരു തളർച്ചയും ദാഹവും തോന്നി. ഉടനെ കുറച്ചു വെള്ളം കുടിച്ചു. അപ്പോൾ ഏതാണ്ട് സമയം വൈകുന്നേരം 5.30 ആയിട്ടുണ്ട്. ഞാൻ ഉടനെ വീട്ടിലേക്ക് തിരിച്ചു.. ബേബിയുടെ വീട് കഴിഞ്ഞാണ് എന്റെ വീട്. ബേബിയുടെ വീട്ടിൽ കുറെ ആളുകൾ കൂടിയിട്ടുണ്ട്. വിവരം അന്വേഷിച്ചപ്പോൾ അന്നേ ദിവസം ഉച്ചക്ക് വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് കുറച്ച് കഴിഞ്ഞപ്പോൾ ചർദ്ദിച്ചു. ആകെപ്പാടെ ക്ഷീണം തോന്നുകയും ചെയ്തു. എന്തായാലു പെട്ടെന്നു തന്നെ ടൗണിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിന്റെ രണ്ട്ദിവസം മുമ്പെ കുടുംബവുമായി ബാംഗ്ലൂരിൽ നിന്ന് വന്നതേയുള്ളൂ. ഒരാഴ്ച ബാംഗ്ലൂരിൽ ഉണ്ടായിരുന്നു. അന്നേ ദിവസംമുതൽ പനിയും ഉണ്ടായിരുന്നു. മരുന്നും കഴിച്ചിരുന്നു. പനി മാറിയാണ് നാട്ടിലേക്ക് തിരിച്ചത്.ആശുപത്രിയിൽ എത്തിയ ഉടനെ അവർ ഒരു ഇഞ്ചക്ഷൻ കൊടുത്തു. ആ ഇഞ്ചക്ഷൻ വയറു സംബന്ധമായ അസുഖങ്ങൾക്ക് വേണ്ടിയുള്ളതാണ് എന്ന് നഴ്‌സ് പറഞ്ഞുവത്രെ. ഉടനെത്തന്നെ അസ്വസ്ഥതകൾ വർദ്ധിക്കുകയും പെട്ടെന്ന് ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. കൂടെ ഭാര്യയും മക്കളും ഉണ്ടായിരുന്നു.നിമിഷങ്ങൾക്കകം ആ ദു:ഖവാർത്ത പുറത്തു വന്നു. ബേബി നമ്മളെ വിട്ടു പിരിഞ്ഞുപോയി.
ബേബിയുമായി ഞാൻ പരിചയപ്പെട്ടിട്ടു ഏതാണ്ട് രണ്ട് വർഷമേ ആയിട്ടുള്ളൂ. പക്ഷെ വളരെ അടുത്ത ഒരു സുഹൃത്ത് ആയിമാറി. എപ്പോഴും തമാശ പറയലും ചിരിയുമാണ് രീതി. എന്നാലോ ഒരു കാര്യം ഏൽപ്പിച്ചാൽ അത് ചിട്ടയോടെ ചെയ്ത് തീർക്കുക എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ഞങ്ങളുടെ കോളനിയിൽ റസിഡന്റ് അസോസിയേഷൻ രൂപവൽക്കരിക്കുന്നതിൽ അദ്ദേഹം മുഖ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ഈ നടപ്പ് വർഷത്തിൽ അദ്ദേഹം ഖജാഞ്ചിയായിരുന്നു.കണക്കുകളെല്ലാം വളരെ കൃത്യമായി സൂക്ഷിക്കും. ഫണ്ട് ആവശ്യം വരുമ്പോൾ മെമ്പർമാരിൽ നിന്ന് പിരിച്ചെടുക്കുന്നതിൽ അദ്ദേഹം വളരെയധികം ശുഷ്‌കാന്തി കാണിക്കുകയും ചെയ്യും. ചിലപ്പോൾ ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. ബേബി അദ്ദേഹത്തിന്റെ അഭിപ്രായം വെട്ടിതുറന്ന് പറയുകയും പ്രശ്‌നങ്ങൾ അതോടെ അവസാനിക്കുകയും ചെയ്യും. ഞങ്ങളുടെ റസിഡന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരു ഏകദിന വിനോദയാത്ര സംഘടിപ്പിക്കുകയുണ്ടായി. അതിന്റെ സംഘാടനത്തിൽ മുമ്പന്തിയിൽ ബേബി ഉണ്ടായിരുന്നു. വിനോദയാത്ര ഒരു വിനോദമാക്കുന്നകാര്യത്തിലും അദ്ദേഹം വളരെ സമർത്ഥനായിരുന്നു. നന്നായി കൂട്ടായ്മയോടെചേർന്ന് ഡാൻസ് ചെയ്യുന്നതിനും മടിയില്ല.
അത് പോലെതന്നെ കഴിഞ്ഞ ഓണാഘോഷത്തിനും ബേബി വളരെ നല്ല പ്രവർത്തനം കാഴ്ചവെക്കുകയുണ്ടായി. ഈ വക കാര്യങ്ങൾ ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ അകാല നിര്യാണത്തിൽ ഏവരുംദു:ഖിതരാണ്. ഈകോളനിയിൽ തന്നെ അദ്ദേഹം ഒരു സംരക്ഷകനെന്ന നിലയിൽ പ്രവർത്തിച്ചുണ്ട്.വളരെ സന്തുഷ്ടമായഒരു കുടുംബ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. തിന്മകളെ വെടിഞ്ഞ് നന്മകൾ മാത്രം ചെയ്യുന്നതിൽ അദ്ദേഹത്തെ ആരും പ്രശംസിക്കുകയും ചെയ്യും. അദ്ദേഹത്തിന് ഹോസ്പിറ്റലിൽ നിന്ന് കിട്ടിയ ചികിത്സയിൽ ചില സംശയങ്ങൾ ഉണ്ടായി. അങ്ങിനെപെട്ടെന്ന് ഒരു മരണത്തിന് കാരണം ഒരു നിലയിലും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്ന് നിസ്സംശയം പറയാം. ആശുപത്രിയിൽ ചെന്ന് ഉടനെ ആശുപത്രി അധികൃതർ കൊടുത്ത ഇഞ്ചക്ഷൻമൂലം എന്തെങ്കിലും സൈഡ് ഇഫക്ട്‌സ് ഉണ്ടായോ എന്ന്‌സംശയിക്കുന്നു.
ബേബിയുടെ അകാല നിര്യാണം ഈ ഗ്രാമത്തിനും,കോളനിക്കും നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. വിധിയെ തടുക്കാൻ നമുക്ക് കഴിയുകയില്ലല്ലോ! അതിന്റെ നിഴലിൽ നമ്മൾ സമാധാനിക്കുന്നു.
രണ്ട് വർഷത്തിനു ശേഷം
ബേബിയുടെ അകാല നിര്യാണത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നു വന്ന വീഴ്ചയെക്കുറിച്ച് കോടതിയിൽ നടന്ന കേസിൽ ബേബിയുടെ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം കൊടുക്കണമെന്ന് കോടതി വിധി വന്നു. എന്നിരുന്നാലും ബേബിയുടെ ജീവനെ തിരികെ കുട്ടുന്നതല്ലല്ലോ.നമ്മുടെ ആശുപത്രികളിൽ കാണുന്ന അശ്രദ്ധമൂലം എത്ര കുടുംബങ്ങളാണ് അനാഥരാകുന്നത്. ഇതിനു ഒരറുതിവരുത്തിയേ തീരൂ.
ചെറുകഥ