ധീര രക്തസാക്ഷി വക്കം അബ്ദുൽ ഖാദർ

ധീര രക്തസാക്ഷി വക്കം അബ്ദുൽ ഖാദർ

 

‘ വക്കത്ത് ജാതനാം ഖാദർ
വക്കത്തിനഭിമാനമായ്
സ്വാതന്ത്രതക്കായ് പോരാടി
രക്തസാക്ഷിത്വം വരിച്ചു’

തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് താലൂക്കിൽപ്പെട്ട കടയ്ക്കാവൂരിന് സമീപമാണ് വക്കം ഗ്രാമം. ഈ ഗ്രാമത്തിലാണ് 1917 മെയ് 16ന് ധീരവിപ്ലവകാരിയായ അബ്ദുൽഖാദർ ജനിച്ചത്. പിതാവ് വാവകുഞ്ഞും, മാതാവ് ഉമ്മസലുമ്മയുമാണ്. കലയിലും, കായിക വിനോദങ്ങളിലും തൽപ്പരനായിരുന്ന ഖാദർ അധ്യാപകർക്കും , സഹവിദ്യാർത്ഥികൾക്കും പ്രിയങ്കരനായി വളർന്നു. 1936ൽ മെട്രികുലേഷൻ പരീക്ഷ പാസ്സായ ഖാദർ പൊതു പ്രവർത്തനവുമായി ബന്ധപ്പെട്ട് വളരെ വേഗം ശ്രദ്ധേയനായി.  ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ ജീവത്യാഗം ചെയ്ത നിരവധി ധീരദേശാഭിമാനികളുടെ സ്മരണ ഇന്നും ജ്വലിച്ചു നിൽക്കുന്നുണ്ട്. സ്വാതന്ത്ര്യ സമരത്തിൽ തൂക്കിലേറ്റപ്പെട്ട വിപ്ലവകാരിയായിരുന്ന ഭഗത്‌സിംഗിന്റെയും, രാജ് ഗുരുവിന്റെയും, സുഖ്‌ദേവിന്റെയും ചരിത്രം സ്മരണീയമാണ്. സ്വാതന്ത്ര്യ സമരത്തിന് വേണ്ടി പോരാടിയതിന് അബ്ദുൽഖാദറിനെ ബ്രീട്ടീഷ് ഭരണകൂടം തൂക്കികൊന്നത് 1943 സെപ്തംബർ 10-ാം തിയതിയായിരുന്നു. മദ്രാസിലെ സെൻട്രൽ ജയിലിൽ വെച്ച് രാജ്യദ്രോഹ കുറ്റം ചുമത്തി വക്കം ഖാദറിനെ 26-ാം വയസ്സിലാണ് തൂക്കിലേറ്റിയത്. ഇപ്പോൾ അദ്ദേഹത്തിന്റെ 77-ാം ചരമവാർഷികമാണ്. ആ ധീരദേശാഭിമാനിയുടെ ജന്മശതാബ്ദി വീരസ്മരണ പുതുക്കാൻ തിരുവനന്തപുത്ത് ഐ.എൻ.എ ഹീറോ വക്കം ഖാദർ നാഷണൽ ഫൗണ്ടേഷൻ സംഘടിപ്പിച്ചു വരുന്നുണ്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സ്വർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ത്യാഗത്തിന്റെ ഉജ്ജ്വല പ്രതീകമാണ് വക്കം ഖാദർ.ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ മഹാത്മാഗാന്ധിയെ കടയ്ക്കാവൂർ റെയിൽവേ സ്‌റ്റേഷനിൽ പോയി കാണാൻ മഹാഭാഗ്യം ലഭിച്ച യുവാവ്. ഗാന്ധിജിയിലൂടെ ദേശാഭിമാന പ്രചോദിതനാവുകയും ചെയ്തു. പോലീസിന്റെ നോട്ടപ്പുള്ളിയായി മാറിയ ഖാദറിനെ അതിൽ നിന്ന് രക്ഷിക്കാനും ഒരു തൊഴിൽ സമ്പാദിക്കാനുമാണ് പിതാവായ വാവാകുഞ്ഞ് മലയായിലേക്ക് അയച്ചത്. മലയായിലെത്തിയ വക്കം ഖാദർ ജോലിയിൽ പ്രവേശിച്ചിട്ടും അടങ്ങിയിരുന്നില്ല. പെനാങ്കിൽ വെച്ച് നേതാജിയുടെ നേതൃത്വത്തിലുള്ള ഐ.എൻ.എയിൽ ചേർന്നുകൊണ്ട് ‘സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ’ പരിശീലനം സിദ്ധിച്ചു. മൊത്തം 20 യുവാക്കൾ 1942 സെപ്തംബറിൽ നാലു സംഘങ്ങളായി കടൽമാർഗ്ഗം ഇന്ത്യയിലേക്കു വന്നു. ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് ഗവൺമെന്റിന്റെ രഹസ്യങ്ങൾ ചോർത്തി ഐ.എൻ.എക്കു നൽകുകയായിരുന്നു ഇവരുടെ ദൗത്യം. ഇന്ത്യയിലെത്തിയ ഇവർ പോലീസ് പിടിയിലായി. യാത്രയുടെ 9-ാം ദിവസം ഖാദറും സംഘവും താനൂർ കടപ്പുറത്താണ് വന്നിറങ്ങിയത്. സബ്മറൈനിൽ വന്നിറങ്ങിയ യുവാക്കൾ ഒരു ‘ഡിഞ്ചി’ ലെ സാഹസിക യാത്രയിലൂടെയാണ് കരയിലെത്തിയത്. ഇവരെ പോലീസ് പിടികൂടി മദ്രാസ് സെൻട്രൽ ജയിലിൽ എത്തിച്ച് അവിടുത്തെ സ്‌പെഷ്യൽ കോടതിയിൽ വിചാരണ നടത്തി ശിക്ഷിക്കുകയായിരുന്നു. ഈ കേസ് കൈകാര്യം ചെയ്യാൻ എമിനി ഏജന്റ്‌സ് ഓർഡിനൻസ് നമ്പർ വൺ ഒഫ് 1943 എന്നൊരു ഓർഡിനൻസ് പുറപ്പെടുവിച്ച് അതിന് ബ്രീട്ടീഷ് സർക്കാർ 1939 സെപ്തംബർ മുതലുള്ള മുൻകാലപ്രാബല്യം നൽകി. ഇന്ത്യയുടെ ഭരണ വ്യവസ്ഥിതിയെ അട്ടിമറിക്കാൻ ജപ്പാന്റെ പ്രതിഫലം പറ്റുന്ന ഏജന്റായി പ്രവർത്തിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഗവൺമെന്റിന്റെ രഹസ്യങ്ങൾ ചോർത്തിക്കൊടുത്ത് രാജാധികാരത്തെ അപമാനിച്ചുവെന്നാണ് ഖാദറിന്റെയും സംഘത്തിന്റെയും പേരിൽ ചുമത്തിയ കുറ്റം.വക്കം ഖാദർ, ഫൗജാസിംഗ്, ബർധാൻ, ബോണിഫെയ്‌സ് പെരേര, അനന്തൻനായർ, എന്നിവരെ അഞ്ച് വർഷത്തെ കഠിനതടവിന് ശേഷം തൂക്കികൊല്ലാൻ വിധിച്ചു. മരണദിനത്തിന്റെ ‘മണിമുഴക്കം മധുരവരുന്നുഞാൻ’ എന്ന ഇടപ്പള്ളി രാഘവൻപിള്ളയുടെ മണിമുഴക്കം എന്ന കാവ്യത്തിലെ വരികൾ ശ്രദ്ധിച്ചു നോക്കണം. ബ്രീട്ടിഷ് സാമ്രാജ്യം തുലയട്ടെ ബ്രീട്ടീഷ് ആധിപത്യം തകരട്ടെ എന്ന മുദ്രാവാക്യം വിളിയോടെയാണ് വിധിന്യായം കേട്ടത്. ചാരപ്രവർത്തനത്തിൽ ഏർപ്പെട്ടു എന്ന പേരിൽ കോഴിക്കോടു വെച്ച് അറസ്റ്റ് വരിക്കുകയും, കടുത്ത മർദ്ദനത്തിന് വിധേയനാവുകയും ചെയ്തിരുന്നു എന്ന കാര്യം കൂടി ഇവിടെ സ്മരണീയമാണ്. അതിന് ശേഷമാണ് പോലീസ് മദിരാശിയിലേക്ക് കൊണ്ടുപായത്. പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച വക്കം ഖാദർ എക്കാലവും സ്വാതന്ത്ര്യത്തിന്റെയും ദേശാഭിമാനത്തിന്റെയും മങ്ങാത്ത ജ്വാലയായി നിലനിൽക്കും. ബ്രീട്ടീഷ് ഗവൺമെന്റിന്റെ രഹസ്യങ്ങൾ ചോർത്തി ജപ്പാന് നൽകാനും, ബ്രീട്ടീഷ് രാജാധികാരത്തെ അപമാനിക്കാനും ലക്ഷ്യമിട്ടിരുന്നു എന്നതിന്റെ പേരിൽ കുറ്റാരോപണവും ചാർജ് ചെയ്തു. ഒന്നാം പ്രതി ഖാദർ തന്നെയായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ തടവറകളിലൊന്നായ സെന്റ് ജോർജ് കോട്ടയിലെ ഇരുട്ടറയിൽ നരകജീവിതം നയിക്കേണ്ടതായും വന്നു. അങ്ങനെ നിരവധി യാതനകൾ സ്വാതന്ത്യസമരസേനാനി എന്ന നിലയിൽ അനുഭവിച്ചു. എന്ന സവിശേഷ വ്യക്തിത്വമാണ് ഖാദറിന്റെത്. 1943 മാർച്ച് 8-ാം തിയ്യതി വധശിക്ഷ വിധിച്ചു. വക്കം ഖാദർ അസാധാരണമായ ദേശാഭിമാനബോധവും ധീരതയുമുള്ള യുവാവായിരുന്നു. സ്വാതന്ത്യസമരത്തിന് വേണ്ടി ജീവൻത്യാഗം ചെയ്ത വക്കം ഖാദർ ധീരദേശാഭിമാനിയും മതേതരത്തിന്റെ പ്രതീകവുമായി മാറി നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ എന്നും തിളങ്ങി നിൽക്കും.

 

വക്കം അബ്ദുൾ ഖാദർ ധീരദേശാഭിമാനി

വക്കത്ത് ജാതനാം ഖാദർ
വക്കത്തിനഭിമാനമായ്
സ്വാതന്ത്ര്യത്തിന് പോരാടി
രക്തസാക്ഷിത്വമാർന്നവൻ

കടയ്ക്കാവൂരിലന്നു ഗാന്ധി
യെത്തവെ ഓടിചെന്നു
കരങ്ങൾ കണ്ണിൽവച്ചു
മുത്തമേകിയ ബാലൻ
ദേശഭക്തിയിലഭിമാനമാർന്ന്
സ്വദേശത്തെ സ്‌നേഹിച്ചവൻ

അത് ചാരവ്യത്തിയായ് കണ്ടിട്ടന്നു
തൂക്കിലേറ്റുവാൻ ശിക്ഷിക്കപ്പെട്ടവൻ
ശിക്ഷയേറ്റുവാങ്ങുമ്പോൾ പോലും
ഭാരതമാതാകീജയ് എന്നാർത്തു വിളിച്ചവൻ
നമ്മൾതന്നഭിമാനഭാജനമായ വന്ദ്യൻ
നമ്മുടെയുള്ളിന്നുള്ളിൽ എന്നും വസിച്ചീടും

തയ്യാറാക്കിയത്

കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ
Share

Leave a Reply

Your email address will not be published. Required fields are marked *