അറബികവിതകളിൽ നിന്നുമാണ് ഗസലുകലുടെ ആരംഭം. ഏറെ ശാന്തവും എന്നാൽ വർണ്ണനകൾ നിറഞ്ഞവരികളുമാണ് ഗസലുകളുടെ ഭാവം. പ്രത്യേകിച്ച് പ്രണയഭാവനകളെ ഏറ്റവും തീവ്രമായ വികാരഭാവത്തോടെ പ്രകടിപ്പിക്കാൻ കഴിയുന്നത് ഗസൽ രാഗത്തിലൂടെയാണ്. എടുത്തുപറയേണ്ടത് ശോകമായിട്ടുള്ള പ്രണയഗാനം തന്നെയാണ്. അതുപോലെ തനതുശാസ്ത്രീയസംഗീത പദ്ധതികളിലൊന്നാണ് ഹിന്ദുസ്ഥാനി സംഗീതം. ഈ രണ്ട് സംഗീതവും മലയാളികളുടെ ഹ്യദയത്തോട് ചേർന്നലിയാൻ തുടങ്ങിയിട്ട് കാലമേറെയായി. യഥാർത്ഥത്തിൽ ഗസലുകളുടേയും ഹിന്ദുസ്ഥാനിസംഗീതത്തിന്റെയും ശ്രുതിമാധുരി മലയാളചലച്ചിത്രഗാനങ്ങളിൽ ചേർത്തുവെച്ച് നമ്മളിലേക്കെത്തിച്ചത് നമുക്കെല്ലാവർക്കും പ്രിയങ്കരനായ ഒരു സംഗീതജ്ഞൻ തന്നെയായിരുന്നു. യേശുദാസ്പാടിയ ഈ ഗാനം ഒരു സംഗീതസംവിധാന പ്രതിഭയുടെ സംഭാവനയാണ്.
‘ താമസമെന്തെവരുവാൻ
പ്രാണസഖീ എന്റെ മുന്നിൽ
താമസമെന്തെയണയാൻ
പ്രേമമയീ എന്റെ കണ്ണിൽ’
1964-ൽ വിൻസെന്റ് സംവിധാനം ചെയ്ത ഭാർഗവീനിലയം എന്ന ചിത്രത്തിലെ ഗാനമാണിത്. ഇതിന്റെ വരികളെഴുതിയത് ഭാസ്‌കരൻമാഷും സംഗീതം എം.എസ് ബാബുരാജും. എം.എസ് ബാബുരാജിന്റെ മുഴുവൻ പേര് മുഹമ്മദ്‌സബീർബാബു എന്നാണ്. അദ്ദേഹത്തിൽ നിന്നുമാണ് നമ്മുടെ മലയാളശാഖക്ക് ഒരു പുതുമുഖം കൈവരുന്നത്. ഹിന്ദുസ്ഥാനിരാഗങ്ങൾ അന്യമായിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിൽ മലയാളഗാനശാഖയക്ക് ഹിന്ദുസ്ഥാനി സംഗീതത്തിലൂടെ മലയാളഗാനങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞതും ബാബുരാജിലൂടെയാണ്. അങ്ങനെ മലയാള ചലച്ചിത്രരംഗം പുതിയ ഒരു ഭാവത്തിലെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ പുതിയ സംഗീതലോകത്തിന് പ്രകാശവും പ്രചോദനവും നൽകി വയലാർരാമവർമ്മ. പി.ഭാസ്‌കരൻമാഷ്, എന്നീ ഗാനരചയിതാക്കളുടെ പിന്തുണയുമുണ്ടായിരുന്നു. 1963ൽ രാമുകാര്യാട്ട് സംവിധാനം ചെയ്ത മൂടുപടം എന്ന ചിത്രത്തിൽ ഈണമിട്ട ഒരു സുന്ദരഗാനമുണ്ട്. കല്ല്യാണിരാഗത്തിൽ ആ സുന്ദരഗാനം പാടിയത് മറ്റാരുമല്ല എസ്.ജാനകിയമ്മയാണ്.
‘ തളിരിട്ടകിനാക്കൾതൻ
താമരമാലവാങ്ങാൻ
വിളിച്ചിട്ടും വരുന്നില്ല വിരുന്നുക്കാരൻ
എന്റെ വിരുന്നുക്കാരൻ’
ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ബാബുരാജിന്റെ ബാല്യകാലം. അദ്ദേഹത്തിന്റെ പിതാവ് ബംഗാളിയായ ജാൻമുഹമ്മദ്‌സബീറുബായിയായിരുന്നു. അദ്ദേഹം നല്ല ഒരു സംഗീതപണ്ഡിതൻ കൂടിയായിരുന്നു. അമ്മ ഒരു മലയാളിയുമാണ്. എന്നാൽ വളരെ ചെറുപ്പത്തിൽതന്നെ അമ്മയേയും ബാബുരാജിനെയും ഉപേക്ഷിച്ച് അയാൾ കൊൽക്കത്തയിലേക്ക് മാറുകയാണുണ്ടായത്. അതിന് ശേഷം ബാബുരാജിന്റെയും അമ്മയുടേയും ജീവിതം ഒരുപാട് കഷ്ടപ്പാടുകളും, ദുരിതങ്ങളും നിറഞ്ഞതായിരുന്നു. ജീവിക്കാൻ മറ്റൊരു മാർഗ്ഗവുമില്ലാതെ ഒരുപാട് കഷ്ടപ്പെടേണ്ടതായ് വന്നു. പക്ഷേ പിതാവ് പകർന്നു നൽകിയ സംഗീതം അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നു. അങ്ങനെ ബാബുരാജ് പാട്ടുകാരനായി മാറുകയാണ്.ട്രെയിനിലെ യാത്രക്കാർക്കിടയിൽ പാട്ടുപാടുന്ന ഒരു ശീലം ചെറുപ്പത്തിലെ തുടങ്ങി ബാബുരാജ്.
‘ അകലെയകലെ നീലാകാശം അലതല്ലും മേഘതീർത്ഥം
അരികിലെന്റെ ഹ്യദയാകാശം അലതല്ലും ഗാനതീർത്ഥം
പാടിവരും നദിയും കുളിരും പാരിജാത മലരും മണവും
പാടിവരും നദിയും കുളിരും പാരിജാത മലരും മണവും
ഒന്നിലൊന്നായ് തളരും പ്രായം നമ്മളോന്നായ് അലിയുകയല്ലേ’
ബാബുരാജ് പതിവുപോലെ എല്ലാദിവസവും ട്രെയിനിൽ പാട്ടുപാടാൻ പോകാറുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം പോകുന്ന വഴിക്ക്‌വെച്ച് ഒരു പോലീസ്‌കാരൻ കുഞ്ഞുബാബുരാജിനെ കണ്ടെത്തുകയായിരുന്നു. അദ്ദേഹം ബാബുരാജിന്റെ വിശേഷങ്ങൾ ചോദിച്ചറിയുകയും, സംഗീതവാസന തിരിച്ചറിയുകയും ചെയ്തു. ബാബുരാജിനോട് എന്തെന്നില്ലാത്ത താൽപ്പര്യം തോന്നിയ പോലീസ്‌കാരൻ ബാബുരാജിനെ എടുത്തുവളർത്തുകയായിരുന്നു. ഒരു പക്ഷേ അവിടെ നിന്നായിരിക്കാം കുഞ്ഞുബാബുരാജിന്റെ സംഗീതജീവിതത്തിലേക്കുള്ള വെളിച്ചം പുറത്ത് വന്നത്. 1969ൽ പുറത്തിറങ്ങിയ ചിത്രമാണിത് ബാബുരാജ് ഈണം പകർന്ന മറ്റൊരു ഗാനം വരികൾ യൂസഫലി കേച്ചേരി. ചിത്രം ഖദീജ.
‘സുറുമ എഴുതിയ മിഴികളെ
പ്രണയമധുര തേൻതുള്ളുമ്പും സൂര്യകാന്തി പൂക്കളെ
ജാലകത്തിരശീലമീട്ടിയ ജാലമെറിയുവതെന്തിനോ
തേൻ പുരട്ടിയ മുള്ളുകൾ നിൻ കരളിലെറിയുവതെന്തിനോ’
അങ്ങനെ കോഴിക്കോട് ടി.അബൂബക്കറിന്റെ യംഗ്‌മെൻസ് ക്ലബ്ബിൽ അബ്ദുൽഖാദറിന്റെ കൂടെ ഗാനമേളയിൽ പങ്കെടുത്തുകൊണ്ടാണ് ബാബുരാജ് തന്റെ സംഗീതജീവിതത്തിലേക്ക് കടക്കുന്നത്. നാടകങ്ങളിലൂടെ പ്രശസ്തനായിതീരുകയായിരുന്നു. വിവിധ നാടകങ്ങളിൽ സംഗീതസംവിധായകനായി മാറി. ബാബുരാജ് ആദ്യം ഈണം പകർന്ന ഗാനം എന്ന് പറയുന്നത് ഇൻങ്കിലാബിന്റെ മക്കൾ എന്ന നാടകത്തിലാണ്. ആ നാടകഗാനത്തിലൂടെ ബാബുരാജ് എന്ന സംഗീതസംവിധായകനിലെ സംഗീതപ്രതിഭയെ കണ്ടെത്തുകയായിരുന്നു.
ചിത്രം-തച്ചോളി ഒതേനൻ
ഗായിക- എസ.ജാനകി വരികൾ- പി.ഭാസ്‌കരൻമാഷ്
‘തെയ് തെയ് തെയ് തെയ് തെയ് തോം…
അജ്ഞനകണ്ണെഴുതി ആലിലതാലി ചാർത്തി
അറപ്പുര വാതിലിൽ ഞാൻ കാത്തുനിന്നു..
മണവാളനെത്തും നേരും കുടുമയിൽ ചൂടാനൊരു
കുടമുല്ലമലർമാല കോർത്തിരുന്നു
മുടിമേലെകെട്ടിവെച്ചുതള്ളുനാടൻ പട്ടുടുത്തു
മുക്കുറ്റി ചാന്തുംതൊട്ട് ഞാനിരുന്നു..
കന്നിവയൽ വരമ്പത്ത് കാലൊച്ച കേട്ടനേരം
കല്ല്യാണ മണിദീപം കൊളുത്തിവച്ചു’
ടി.മുഹമ്മദ് യൂസഫിന്റെ കണ്ടംവെച്ചൊരുകോട്ട് ചെറുകാടിന്റെ നമ്മളൊന്ന്, കെ.ടി മുഹമ്മദിന്റെ വെള്ളപ്പൊക്കം, തോപ്പിൽഭാസിയുടെ യുദ്ധകാണ്ഡം, ഒരുപാട് നല്ലനല്ല നാടകങ്ങളിലൂടെ നല്ല സംഗീതം പകർന്നു നൽകി. പി.ഭാസകരൻ മാഷിന്റെ സംഗീത സംവിധാന സഹായിയായിട്ടാണ് ബാബുരാജ് ആദ്യമായി സിനിമയിൽ വരുന്നത്. 1950 കാലഘട്ടത്തിലാണ്. അതിന് ശേഷം രാമുകാര്യാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംഗീത സംവിധായകനായി മാറുന്നത്. 1957ൽ-ൽ വർഷം, 1962ൽ -പാലാട്ട് കോമൻ എന്ന ചിത്രം സംവിധാനം കുഞ്ചാക്കോ വയലാർ-എം.എസ് ബാബുരാജ് ടീം, സത്യൻ, എസ്.പി.പിള്ള, ബഹദൂർ, അഭിനേതാക്കൾ എം.എം രാജയും, സുശീലയും ചേർന്നാലപിച്ച ഗാനം.
‘ ചന്ദനപല്ലക്കിൽ വീടുകാണാൻ വന്ന ഗന്ധർവ്വരാജകുമാരാ
ആ…ഗന്ധർവ്വരാജകുമാരാ…
പഞ്ചമി ചന്ദ്രിക പെറ്റുവളർത്തിയ അപ്‌സര രാജകുമാരീ…
ആ…അപ്‌സര രാജകുമാരീ…
പൂവായ പൂവെല്ലാം പൊന്നൂഞ്ഞാലാടുമ്പോൾ
പൂവാങ്കുരുന്നില ചൂടേണം
പാതിരാപൂവിന്റെ പനിനീർ പന്തലിൽ പാലയ്ക്കാ
മോതിരം മാറേണം..
തങ്കമീ ചന്ദ്രിക മീട്ടുക മീട്ടുക ഗന്ധർവ്വരാജകുമാരാ…
അല്ലിപ്പൂങ്കാവിലെ ആവണിപ്പലകയിൽ
അഷ്ടമംഗല്യമൊരുക്കാം ഞാൻ…
ദശപുഷ്പം ചൂടിക്കാം…തിരുമധുരം നേദിക്കാം..
താമരമാലയിടീക്കാം ഞാൻ..
ഒരു നേരമെങ്കിലും ഒന്നിച്ചിരിക്കേണം
ഓരോ മോഹവും പൂക്കേണം..
പൂക്കും മോഹങ്ങൾ കിങ്ങിണി ചില്ലയിൽ
പാട്ടും പാടിയുറക്കേണം. ‘
വയലാറും. പി.ഭാസ്‌കരനും, യൂസഫലി കേച്ചേരിയുമാണ് ബാബുരാജിനൊപ്പമുണ്ടായിരുന്നത്. ഇവരുടെ കൂട്ടുകെട്ടിലൂടെ പിറന്നുവീണത് നമുക്ക് മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരുപാട് നല്ലനല്ല ഗാനസ്മ്യതികളായിരുന്നു. തച്ചോളി ഒതേനൻ എന്ന ചിത്രത്തിൽ എസ്.ജാനകിയെക്കാണ്ട് പാടിച്ചതും ബാബുരാജ് തന്നെയാണ്. അങ്ങനെ നൂറിലധികം ചിത്രങ്ങൾക്കായി 375ഓളം ഗാനങ്ങൾക്കാണ് ഈണം പകർന്നു നൽകിയത്. പ്രശസ്തിയുടെ നെറുകയിൽ നിന്ന ആ സമയത്താണ് അന്ത്യം സംഭവിക്കുന്നത്. 1978 ഒക്ടോബർ 7 ന് വിടപറഞ്ഞു. എല്ലാ മലയാളികളുടെയും മനസ്സിൽ എന്നും മായാത്ത നക്ഷത്രമായി തന്നെ നിലനിൽക്കും ഈ അനശ്വര സംഗീതസംവിധായകൻ. അദ്ദേഹത്തിന്റെ അവസാന കാലഘട്ടത്തിലെ ഗാനം പി.ഭാസ്‌കരൻമാഷ് രചിച്ച ദ്വീപ് എന്ന ചിത്രത്തിലെ കടലോ എന്ന് തുടങ്ങുന്ന ഗാനമാണ്. ശരിക്കും ആ വേർപാട് വലിയൊരു നഷ്ടം തന്നെയാണ്. അദ്ദേഹം സമ്മാനിച്ചിട്ടുള്ള ഗാനങ്ങൾ നമുക്കെന്നും മണിമുത്തുക്കളായി സൂക്ഷിക്കാം.
കടലേ….നീല കടലേ…..
കടലേ….. നീലകടലേ…
നിന്നാത്മാവിൽ നീറുന്ന ചിന്തകളുണ്ടോ..
ഒരു പെൺനദിയുടെ ഓർമ്മയിൽ മുഴുകിയുറങ്ങാത്ത
രാവുകളുണ്ടോ….
കടലേ…..നീലകടലേ……
തയ്യാറാക്കിയത്