കൈരളിയെ ധന്യമാക്കിയ വിജ്ഞാന സാഹിത്യ ശാഖക്ക് അമൂല്യ സംഭാവനകളർപ്പിച്ച അപൂർവ വ്യക്തിത്വത്തിന്റെ ഉടമയാണ് പത്മശ്രീ. ഡോ.വെള്ളായണി അർജ്ജുനൻ. സാഹിത്യരംഗത്തു മാത്രമല്ല വിദ്യാഭ്യാസ സാമൂഹിക മേഖലകളിലും വിലപ്പെട്ട സംഭാവനകളർപ്പിച്ച അദ്ദേഹം ഔദ്യോഗികരംഗത്തും ഉന്നത ശീർഷനായിരുന്നു. മികച്ച ഗ്രന്ഥകാരനും പ്രഗത്ഭവാഗ്മിയുമായ അദ്ദേഹം വിവിധ ഭാഷകളിൽ അഗാധമായ പാണ്ഡിത്യം ആർജ്ജിച്ചിട്ടുണ്ട്. ഒരു പണ്ഡിത ശ്രേഷ്ഠന്റെ ഭാവ ഗാംഭീര്യമല്ല ഒരു സാധാരണ അദ്ധ്യാപകന്റെ ശാലീന ഭാവമാണ് ആർക്കും അദ്ദേഹത്തിൽ ദർശിക്കാനാവുക. താനൊരു എളിയവനാണെന്ന ചിന്ത ആരിലും ഉണർത്തുന്ന വിനയാന്വതനായ ഈ സാഹിത്യ നായകൻ സാംസ്‌കാരിക കേരളത്തിന് അഭിമാനമാണ്.ഡോ.ശൂരനാട് കുഞ്ഞൻപിള്ള സാറിന്റെ പാരമ്പര്യം അവകാശപ്പെടാവുന്ന സവിശേഷ വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണദ്ദേഹം. ഇപ്പോൾ ഡോ.വെള്ളായണി അർജ്ജുനൻ കേന്ദ്രസർവകലാശാല അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ നിന്ന് മൂന്നാമത്തെ ഡിലിറ്റ് ബിരുദം സ്വീകരിച്ചു. ഗവേഷണ പ്രബന്ധം സമർപ്പിച്ച് മൂന്ന് ഡിലിറ്റ് ബിരുദം നേടുന്ന ആദ്യ ഭാരതീയനാണ് ഡോ.വെള്ളായണി അർജ്ജുനൻ. അലിഗഢ് സർവ്വകലാശാലയുടെ ബിരുദദാന സമ്മേളനത്തിൽ വൈസ് ചാൻസലർ ഡോ. സമീർഉദിൻഷായിൽ നിന്നാണ് ഡോ. വെള്ളായണി അർജ്ജുനൻബിരുദം സ്വീകരിച്ചത്. ശ്രീ നാരായണ ഗുരു പ്രഭാവം മലയാള കവിതയിൽ’ എന്ന വിഷയത്തിലുള്ള ഗവേഷണ പ്രബന്ധത്തിനാണ് മലയാളം ഫാക്കൽറ്റിയുടെ ഡിലിറ്റ് ബിരുദം ലഭിച്ചത്. 1969 ൽ ജബൽപൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് താരതമ്യ ഭാഷാശാസ്ത്രപരമായ പഠനം നടത്തിയതിന് ആഗ്രയൂണിവേഴ്സിറ്റിയിൽ നിന്ന് ഹിന്ദിയിലും, ഡിലിറ്റ് ബിരുദം നേടിയിരുന്നു. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ എം.എ ബിരുദവും തെലുങ്ക് കന്നഡ, തമിഴ് ഭാഷകളിൽ ഡിപ്ലോമയും, സംസ്‌കൃതം, പാലി തുടങ്ങിയ മറ്റു ഭാഷകളിൽ പ്രവർത്തന പരിചയും നേടിയിട്ടുള്ള ഡോ.വെള്ളായണി അർജ്ജുനൻ നാലപതിലധികം മലയാള ഗ്രന്ഥങ്ങളും വിവിധ ഭാഷകളിൽ റിസർച്ച് പേപ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്സർവ്വവിജ്ഞാന കോശം, ജീവചരിത്ര വിജ്ഞാനകോശം എന്നിവയുടെ ചീഫ് എഡിറ്റർ എന്ന നിലയിലും പ്രശസ്തനാണ്. ”മലയാളത്തിന്റെ ജൈത്രയാത്ര’ എന്ന ഗവേഷണ ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണിപ്പോൾ. ആ സംഭവബഹുലമായ ജീവിതത്തിലേക്ക് ചെല്ലാം..
വിവിധ ഭാഷകളിൽ ഡോക്ടറേറ്റു നേടി, നിരവധി ഭാഷകളിൽ അറിവാർജ്ജിച്ചു. ആകാശവാണിയിൽ തുടങ്ങി വിവിധ പദവികളിൽ ശോഭിച്ചു. പത്മശ്രീ പുരസ്‌കാരവും നേടി. ഒരു ലേഖനത്തിന്റെ പരിധിയിൽ ഒതുക്കാനാകാത്തവിധം വിപുലമാണ് അവയൊക്കെ. ആ വിവിധഘട്ടങ്ങളിലെ വളർച്ചയെ ഒന്ന് ചുരുക്കി വിവരിക്കാമോ?
1963-ൽ പി.എച്ച്.ഡി എടുത്തു. അന്ന് വളരെ ഗൗരവമുള്ള ബിരുദമായിരുന്നു അത്. ഡോക്ടറേറ്റ് നേടിയവർ അപൂർവമായിരുന്നു. പി.എച്ച്.ഡി കഴിഞ്ഞ് നിരന്തര കർമ്മസപര്യയിൽ മുഴുകി. ഡിലിറ്റ് ഡിഗ്രി നേടി. 5 വർഷം പിന്നിട്ടപ്പോൾ മറ്റൊരു ഡിലിറ്റ് കൂടിനേടി. ഒരപൂർവ്വ ബഹുമതിയായിരുന്നു.അതും ഡബിൾ ഡിലിറ്റ്. അങ്ങനെ അപൂർവ്വ സ്ഥാനത്തെത്തി. വിവിധ ഭാഷകളിൽ പരിജ്ഞാനമുണ്ടെങ്കിലേ ഗവേഷണം നടത്താനാകു.
വിദ്യാർത്ഥി ജീവിതകാലംമുതലേ സാഹിത്യരംഗവുമായി ബന്ധപ്പെട്ടിരുന്നോ?
ഫിഫ്ത് ഫോമിൽ പഠിക്കുന്ന ഘട്ടത്തിൽ ആദ്യ കവിത പ്രസിദ്ധീകരിച്ചു. മലയാളരാജ്യം വാരികയിൽ. മാധവൻപിള്ള എന്ന ഒരു പണ്ഡിതനായിരുന്നു അന്നത്തെ മലയാളരാജ്യം വീക്കിലി എഡിറ്റർ. ആദ്യ കവിത പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ നിരവധി കവിതകൾ രചിക്കുകയും അത് അപ്രകാശിതങ്ങളായി സൂക്ഷിച്ചു വയ്ക്കുകയും ചെയ്തു. പഠനത്തിലും കവിതാരചനയിലും കാട്ടിയ വിരുത് അദ്ധ്യാപകരുടേയും സഹവിദ്യാർത്ഥികളുടേയും അതിരറ്റ സ്‌നേഹവാത്സല്യങ്ങൾക്ക് പാത്രമായി. വിശ്വാമിത്ര, സാഹിതി, സത്യവാദി തുടങ്ങിയ മാസികകളിൽ കഥ, കവിത ഒക്കെ. എഴുതി. കൊല്ലത്തു നിന്നുള്ള വിദ്യാദി വർദ്ധിനി മാസികയിലും എഴുതുമായിരുന്നു.
എത്ര കൃതികൾ രചിച്ചിട്ടുണ്ട്? ആദ്യ കൃതി ഏതാണ്?
മൊത്തം 40 കൃതികൾ ഇതു വരെ രചിച്ചിട്ടുണ്ട്. ആദ്യകൃതി ചോരപ്പുങ്കുല, വിപ്ലവകവിത. ഇതിന് അവതാരിക എഴുതിയത് പാലാനാരായണൻ സാർ ആയിരുന്നു.
എന്തെല്ലാം പുരസ്‌കാരങ്ങൾ നേടി?
പത്മശ്രീ അവാർഡ്, ഇന്ത്യയിലെ ഏറ്റവും മികച്ച എൻസൈക്ലോപീഡിയ നിർമ്മിച്ചതിനുള്ള അവാർഡ്, 1983 ൽ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് നീലംസജീവ റെഡ്ഡിയിൽ നിന്നും ഇതിലേയ്ക്കായുള്ള ദേശീയപുരസ്‌കാരം നേടി. ആധുനിക ഭാരതീയ ഭാഷകളിൽ സർവ്വവിജ്ഞാനകോശം,5-ാം വല്യം നിർമ്മിതമായ ഏറ്റവും മികച്ച വിജ്ഞാന കോശം, 1984 ൽ. പിന്നെ സൗഹാർദ്ധസമ്മാൻ യു.പി ഗവൺമെന്റിന്റെ അവാർഡ്. ക്യാഷ് അവാർഡായി 25000 രൂപയും ലഭിച്ചു. ലക്‌നൗവിൽ വച്ച് അന്നത്തെ യു.പി ഗവർണ്ണർ ആണ് അവാർഡ് സമ്മാനിച്ചത്. പിന്നെ പത്മശ്രീആചാര്യ പുരസ്‌കാരം അത് കേരള റെഡ്‌ക്രോസ്സൊസൈറ്റിയുടേതാണ്. ഹിന്ദി വിദ്യാപീഠന്റെ ഗുരുശ്രേഷ്ഠ അവാർഡ്, കൂടാതെ ഹിന്ദി സാഹിത്യ അക്കാദമി തന്ന ഇന്റെഗ്രേഷൻ അവാർഡ് മുതലായവ.
സാഹിത്യരചനയിൽ പുതുതായി അങ്ങയുടെ സംഭാവനകൾ എന്തെല്ലാമാണ്?
വിദ്യാഭ്യാസം, സാഹിത്യം, നാടോടി സാഹിത്യം, ഭാഷാശാസ്ത്രം തുടങ്ങിയവയെ ആസ്പദമാക്കി രചിച്ച പ്രബന്ധങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ”പ്രബന്ധനികുഞ്ജം” എന്ന പേരിൽ
അഞ്ച് വാല്യം ആയി പ്രസിദ്ധീകരിച്ചതു കൂടാതെ ഉടനെ പ്രസിദ്ധീകരണത്തിന് തയ്യാറായിരിക്കുന്ന അഞ്ച് ബൃഹത് ഗ്രന്ഥങ്ങൾ കൂടി ഉണ്ട്. ശ്രീനാരായണ ഗുരുവിന്റെ ചിന്താവിപ്ലവം മലയാളകവിതയിൽ, ഗുരുവിന്റെ തിരുമുമ്പിൽ, മലയാളഭാഷയുടെ ജൈത്രയാത്ര, ആശാൻ നവയുഗ ശില്പി, വള്ളത്തോളിന്റെ കവനകല എന്നിവയുടെ രചനയും.
ഡോ. ശുരനാട് കുഞ്ഞൻപിള്ള, എം.പി അപ്പൻ എന്നിവർ സാഹിതൃത്തിന് നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്. അവരേയും വെള്ളായണിസാറിനേയും ആരദരിക്കുന്നതിലും, അർഹിക്കുന്ന അംഗീകാരം നൽകുന്നതിലും കേരളീയർ കുറേകുടി ഔത്സുക്യം എടുക്കേണ്ടിയിരുന്നില്ലേ? ആ പാരമ്പര്യത്തിൽ ജ്വലിച്ചുയർന്ന വ്യക്തിത്വമാണ് ഡോ.വെള്ളായണിയുടേത്. അർഹിക്കുന്ന അംഗീകാരം സിദ്ധിച്ചില്ല എന്ന ദു:ഖം അവശേഷിക്കുന്നു.
അത് മറ്റുള്ളവർ തീരുമാനിക്കേണ്ടതാണ്. കഠിനാദ്ധ്വാനം ചെയ്യുന്നവരെ മനസ്സിലാക്കാനുള്ള കഴിവ്! കുഞ്ഞൻപിള്ള സാറിനെപ്പോലെയുള്ളവരെ വേണ്ട രീതിയിൽ പരിഗണിച്ചില്ല. അർഹതയ്ക്കനുസരിച്ചുള്ള ആദരവ് നൽകാനുളള ഹൃദയവിശാലത നമ്മുടെ ആൾക്കാർക്കില്ലാത്തിടത്തോളം ഇത്തരം അവഗണനകൾ ഉണ്ടാവുക സാധാരണമാണ്.
സർവ്വവിജ്ഞാന കോശംതുടങ്ങി ഉന്നതങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുള്ള അങ്ങേയ്ക്ക് സാഹിത്യത്തിലെ പുതിയ തലമുറയെപ്പറ്റിയുള്ള അഭിപ്രായം?
ഇതിഹാസ പുരാണങ്ങളുമായി അലിഞ്ഞുചേരുന്ന ഒരു യുവതലമുറയെ സജ്ജരാക്കിയെടുക്കേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. പ്രാചീന സാഹിതൃവും ആധുനിക സാഹിത്യവും ഒരുപോലെ ഇഷ്ടപ്പെടുകയും പഠിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. കാലത്തിനനുസൃതമായി സാഹിത്യത്തിന് മാറ്റങ്ങൾ ഉണ്ടാകണമെന്ന അഭിപ്രായമാണ്. പക്ഷേ, ഈ മാറ്റം നമ്മുടെ ദേശത്തിനും ഭാഷയ്ക്കും ഇണങ്ങാത്തതരത്തിലാകരുത്. കാരണം ഇംഗ്ലീഷിലെ പുതിയ കവികളുടെ എഴ്സ പൗണ്ട് സ്റ്റീഫൺ സ്പെൻസർ, റ്റി.എസ്.ഇലിയറ്റ്, ഡബ്ലിയു. എച്ച്. ഔദൻ തുടങ്ങിയ ആധുനിക കവികളുടെ പല കവിതകളുടെയും ആശയം ചോരണം ചെയ്തു കാവ്യബിംബങ്ങളുടെ തലയും വാലും നുള്ളി കവിതയുടെ രൂപത്തിൽ എന്തെങ്കിലും കുത്തിക്കുറിച്ച സാഹിത്യത്തിലെ പരിഷ്‌കാരം എന്ന് ഭാവിക്കുന്ന എഴുത്തുകാരോട് എനിക്ക് മതിപ്പില്ല. കവിത ഉദാത്തമായ ഒരു കലാരൂപമാണ്. തോന്നിയപോലെ വികൃതമാക്കാനുള്ളതല്ല. പുത്തൻ തലമുറയിലെ പല കവികളും ഇത്തരത്തിലുള്ള വരാണെന്ന് തോന്നുന്നു. അതൊഴിവാക്കിയാൽ നമ്മുടെ സാഹിത്യരംഗം കുറേക്കൂടി ഭ്രദമായിത്തീരും.
ഇന്നിപ്പോ കവിതയുടെ മേഖല തുടങ്ങി സാഹിതൃത്തിന്റെ സമസ്ത മേഖലകളിലും ഒരു ജീർണ്ണത സംഭവിക്കുന്നതായി കരുതുന്നതിൽ പിശകുണ്ടോ?
ജീർണ്ണത ഉണ്ട്. അതിനോട് യോജിക്കുന്നു. നോവൽ, കവിത തുടങ്ങിയ രംഗങ്ങളിലാണ് ഈ ജീർണ്ണത അനുഭവപ്പെടുന്നത്. പുതിയ കവികൾ പലരും അനുകരണത്തിനാണ് പ്രാധാന്യം കൽപിക്കുന്നത്. അത് നമ്മുടെ കവിതയുടെ നൈസർഗ്ഗികതയെ തകർക്കും. ഇംഗ്ലീഷ്, ഫ്രഞ്ച്, ഭാഷകളിലെ നോവലെഴുത്തുകാരുടെ ആശയങ്ങൾ ചോർത്തി കേരളീകരിച്ച് മാറ്റങ്ങൾ വരുത്തിയ മട്ടിൽ എഴുതി വിടുന്ന നോവലുകൾ പലതും കേരളമണ്ണുമായി യാതൊരു ബന്ധവുമില്ലാത്തവയാണ്. വിദേശികളിൽ നിന്നു പറിച്ചു നടുന്ന നമുക്കിണങ്ങാത്ത കലാസൃഷ്ടികൾക്ക് നിലനിൽക്കുവാൻ സാധിക്കുകയില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
സാറിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമോ, വേദനാജനകമോ ആയ രംഗം വിവരിക്കാമോ?
അതായത് ജീവിതത്തിന്റെ രണ്ടു തലങ്ങൾ. സന്തോഷകരമായ കാര്യം- എന്തെന്നാൽ കൊച്ചുമകൾ, ഗംഗയായൊഴുകുന്നു തുടങ്ങി അഞ്ചിലധികം കവിതകൾ കേരള സർവ്വകലാശാല പ്രീഡിഗ്രി ക്ലാസ്സിലേക്കു വേണ്ടി തയ്യാറാക്കി. കാവ്യ കൈരളി എന്ന പാഠപുസ്തകത്തിൽ ചേർക്കുകയും അനേകം വിദ്യാർത്ഥികൾ ആ കവിത പഠിക്കുകയും ചെയ്തു. കൂടാതെ 1960 ൽ ഞാൻ 24 വയസ്സ് പ്രായമുള്ള അവസ്ഥയിൽ പ്രസിദ്ധീകരിച്ച ”പഞ്ചവർണ്ണക്കിളികൾ’ എന്ന കുട്ടികൾക്കായുള്ള കഥാപുസ്തകം പട്ടംതാണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തിൽ 6-ാം സ്റ്റാൻഡേർഡിലേക്കുള്ള പാഠ്യപുസ്തകമായി കേരളഗവൺമെന്റ് അംഗീകരിച്ചു. ആ പുസ്തകം 15 ലക്ഷംകുട്ടികൾ പഠിച്ചു എന്നാണ് കണക്ക്. വളരെ പ്രായമായ പല സാഹിത്യകാരന്മാരും പങ്കെടുത്ത ഈ മത്സരത്തിൽ വിജയം കൈവരിക്കാനും സാമാന്യം നല്ല ഒരു തുക പ്രതിഫലമായി ലഭിക്കാനും ഭാഗ്യമുണ്ടായി. 1970ൽ എസ്.എസ്.എൽ.സിയ്ക്ക് ഉദ്ഗ്രന്ഥ ചിന്തകൾ- എം.ജി യൂണിവേഴ്സിറ്റിയുടെ ബി.കോം പരീക്ഷയ്ക്കുള്ള പാഠ്യപുസ്തകമായും അംഗീകരിച്ചു.
ഇനി ദു.ഖകരമായ രംഗം
ജീവിതത്തിന്റെ സർവ്വസൗഭാഗ്യവും ആനന്ദവും നഷ്ടപ്പെട്ടതുപോലെ തോന്നിയ ഒരുനുഭവം. എം.എ,ബി.എഡ് പാസ്സായി വിവാഹിതയായ എന്റെ മൂത്തമകളുടെ നിര്യാണം. പെട്ടൊന്നൊരു ഹൃദസ്തംഭനമുണ്ടാവുകയും മരണത്തിൽ കലാശിക്കുകയും ചെയ്തു. (1885-ലാണെന്നു തോന്നുന്നു). പിന്നെ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിലവാരം പുലർത്തുന്ന ഒന്നിലധികം വിദ്യാലയങ്ങളുടെ മേധാവിസ്ഥാനം വഹിക്കുന്നു. ആറാലുംമൂട് ഹയർസെക്കന്ററി സ്‌കൂൾ,ശാന്തിവിള സ്‌കുൾ, കുടാതെ കടയ്ക്കാവൂർ ടോൾസ്റ്റോയ് മെമ്മോറിയൽ സ്‌കൂൾ എന്നിവ…
മൂന്നാമതും ഡിലിറ്റ് ബിരുദം നേടിയതിലുള്ള ആത്മസംതൃപ്തി അല്ലെങ്കിൽ ചാരിതാർത്ഥ്യം ഒന്ന് വ്യക്തമാക്കാമോ?
ഇന്ത്യയിൽ ഡിലിറ്റ് ബിരുദംനേടിയിട്ടുള്ള അപൂർവ്വം ചിലർ ഉണ്ടെങ്കിലും 3 ഡിലിറ്റ് ബിരുദം നേടിയവർവേറെയില്ല. ഒരു സർവ്വകലാശാലയ്ക്ക് നൽകാവുന്ന അത്യുന്നത ബിരുദമാണ് ഡിലിറ്റ്. പി.എച്ച്ഡിയ്ക്കു ശേഷം 5 കൊല്ലം തുടർച്ചയായി റിസർച്ച് ചെയ്താൽ മാത്രമേ ഡിലിറ്റ് പ്രബന്ധം സമർപ്പിക്കാൻ കഴിയുള്ളൂ. അങ്ങനെ നിരന്തരമായ ഗവേഷണം നടത്തി മുന്ന് സർവ്വകലാശാലകളിൽ നിന്ന് ഡിലിറ്റ് ബിരുദം നേടിയ പ്രഥമ ഭാരതീയനാണ് ഞാൻ എന്നുള്ള ഒരു ആത്മസംതൃപ്തി ഉണ്ട്. വളരെയേറെ ചാരിതാർതമഥ്യവുമുണ്ട്. അതായത് ശ്രീനാരായണ ഗുരുവിന്റെ ആത്മീയചിന്തകൾ, ആരാധനാ സ്വാതന്ത്യം, മതസ്വാതന്ത്ര്യം തുടങ്ങിയ മാനവീയമായ ആവശ്യകതകളെപ്പറ്റിയുള്ള സന്ദേശങ്ങൾ നമ്മുടെ കവികൾ എങ്ങനെ തങ്ങളുടെ കവിതകളിൽസ്വാംശീകരിച്ചിരിക്കുന്നു എന്ന ഒരന്വേഷണമാണ് ഈ നടത്തിയിട്ടുള്ളത്. ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നീ മഹാകവികളിൽ തുടങ്ങി ആധുനികയുഗത്തിലെ ജി.ശങ്കരകുറുപ്പ്, വൈലോപ്പിള്ളി, അക്കിത്തം നാരായണൻ നമ്പുതിരി, ഒ.എൻ.വി, വയലാർ രാമവർമ്മ തുടങ്ങിയ കവികളുടെ എല്ലാ കൃതികളും പരിശോധിച്ചശേഷമാണ് ഇത് തയ്യാറാക്കിയത്. ഗുരുവിനെ സംബന്ധിച്ചുള്ള 10 മഹാകാവ്യങ്ങളും പതിനഞ്ച് ഖണ്ഡകാവ്യങ്ങളും 20ലധികം ഖണ്ഡകാവ്യത്തിനും തുല്യമായ നീണ്ടകവിതകളും മികച്ച ഈ നൂറ് കവികളുടെ കൃതികളിൽ പ്രതിഫലിക്കുന്ന ശ്രീനാരായണ തത്വങ്ങളും കൂലങ്കഷമായി ഈ പ്രബന്ധത്തിൽ ചർച്ചചെയ്യുന്നു.
അങ്ങനെ നിരന്തരമായ ഗവേഷണം നടത്തി 3 സർവ്വകലാശാലകളിൽ നിന്ന് ഡിലിറ്റ് ബിരുദം കരസ്ഥമാക്കി. ഇന്ത്യയിൽ 3 ഡിലിറ്റ് ബിരുദങ്ങൾ സമർപ്പിച്ച് 5 ജഡ്ജിമാർ പരിശോധിച്ച് നൽകുന്നതാണ് ഈ ബിരുദം എന്ന പ്രത്യേകതയും ഉണ്ട്. 5 കൊല്ലം തുടർച്ചയായി റിസർച്ച് ചെയ്താൽ മാത്രമേ ഡിലിറ്റിനുള്ള പ്രബന്ധം സമർപ്പിക്കുവാൻ സാധിക്കുകയുള്ളു. അങ്ങനെ നിരന്തരമായ ഗവേഷണം നടത്തി 3 സർവ്വകലാശാലകളിൽ നിന്ന് ഡിലിറ്റ് ബിരുദം നേടിയ പ്രഥമ ഭാരതീയനാണ് പത്മശ്രീ ഡോ.വെളളായണി അർജ്ജുനൻ.
തയ്യാറാക്കിയത്