അഭിനയം, എഴുത്ത്-രചന മലയാളത്തിന്റെ സ്വന്തം നെടുമുടിവേണു

അഭിനയം, എഴുത്ത്-രചന മലയാളത്തിന്റെ സ്വന്തം നെടുമുടിവേണു

 

സുപ്രസിദ്ധ സിനിമാതാരം നെടുമുടിവേണുവുമായി അദ്ദേഹത്തിന്റെ വസതിയിൽ വച്ച് ലേഖകൻ കെ.പ്രേമചന്ദ്രൻനായർ നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ

മലയാള ചലച്ചിത്രത്തിൻറെ വസന്തകാലത്ത് സിനിമയിൽ എത്തിയ താങ്കൾ അരവിന്ദൻ, ഭരതൻ, പത്മരാജൻ തുടങ്ങിയ പ്രഗത്ഭരോടൊത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഇന്നത്തെ ഏറ്റവും പുതിയ തലമുറയോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ടല്ലോ! ഈ വ്യത്യാസത്തെ താങ്കൾ എങ്ങനെയാണ് അടയാളപ്പെടുത്തുന്നത് ?

പഴയതലമുറ, പുതിയ തലമുറ എന്ന് പറയുന്നത് സിനിമയിൽ മാത്രമല്ല, രാഷ്ട്രീയരംഗത്തും സാംസ്‌കാരിക രംഗങ്ങളിലും സാഹിത്യരംഗത്തും എല്ലാരംഗങ്ങളിലും പോലെ സിനിമയിലുമുണ്ട്. ഞാനീ രംഗത്ത് വരുമ്പോഴുണ്ടായിരുന്ന സംവിധായകർ, കാരണവന്മാർ വെട്ടിത്തെളിച്ചതിൽ നിന്ന് വിഭിന്നമായ വഴിയുണ്ടാക്കാൻ ശ്രമിച്ചവരാണ്. പുതിയതലമുറയിൽപ്പെട്ട പലരും ചെയ്യാൻ ശ്രമിക്കുന്നതും അത് തന്നെയാണ്. ഇത് തിരിച്ചറിയാനുള്ള മനസ്സുണ്ടാവുക എന്നുള്ളതാണ് ഏറ്റവും മുഖ്യമായകാര്യം. ഒപ്പം ഞങ്ങളൊക്കെ തുടങ്ങിയ കാലത്തെക്കാൾ ഇതുവരെയുള്ള സിനിമയുടെ സാങ്കേതികമായ വളർച്ചയും പരിഗണിക്കേണ്ടതുണ്ട്.

സിനിമ ഒരു സാംസ്‌കാരിക വ്യായാമമല്ല മിറച്ച് കമ്പോള വ്യവഹാരത്തിന്റെ കമോഡിറ്റി ആണ്. ഇതിൽ രണ്ടിലും പങ്കെടുക്കുന്ന ഒരാളെന്ന നിലയിൽ അത്യന്തികമായ സിനിമ എന്തായിരിക്കണം ?

ഏറ്റവും ശക്തമായി വിഷയങ്ങൾ അവതരിപ്പിക്കാൻ പറ്റിയ മാധ്യമമാണ് സിനിമ. സാഹിത്യത്തിലായാലും മറ്റ് കലാരംഗങ്ങളിലായാലും ഉള്ളതുപോലെ ഇവിടെയും കച്ചവടവും ഉണ്ട്. സിനിമയെ സംബന്ധിച്ചടത്തോളം ഒട്ടേറെ പണം മുടക്കുള്ള ഒരു പ്രസ്ഥാനമായതിനാൽ പലപ്പോഴും, കലയേയും കച്ചവടത്തെയും സമരസപ്പെടുത്തി പോകാനേ സാധിക്കൂ. പ്രത്യേകിച്ചും ചലച്ചിത്രാഭിനയം സിനിമ ഏതൊരു സൃഷ്ടിയെയും പോലെ സംവിധായകന്റെ പരിപൂർണ്ണ നിയന്ത്രണത്തിലുള്ള ഒരു കലാരൂപം തന്നെയാണ്. ആസ്വാദകൻ എന്ന നിലയിൽ സിനിമയെ അങ്ങനെ കാണാനാണ് എനിക്കിഷ്ടം.

പൂരത്തിന്റെ തുടർച്ച എന്താണില്ലാതെ പോയത് ?

ഒന്നാമത് എന്റെ മനസ്സിലുള്ള സിനിമ എന്ന് പറയുന്നത് നമ്മൾ കണ്ടു പോരുന്നതരം ചേരുവകളുള്ള ഒന്നല്ല. പുതിയ ഒരു സിനിമ അതിന്റെ ബീജാവാപം മുതൽ ബഹുജന സമക്ഷം സമർപ്പിക്കുന്നതുവരെയുള്ള തയ്യാറെടുപ്പും ആവശ്യമുള്ള നീണ്ട സമയവും പലപ്പോഴും ഒത്തുവരാറില്ല എന്നുള്ളതാണ് സത്യം. വിഷയവും, സമ്പത്തും, മനസ്സും, ആരോഗ്യവും എല്ലാം ഒത്തുവരുന്ന ഒരു കാലത്ത് അത് വീണ്ടും സംഭവിച്ചു കൂടെന്നില്ല കാരണം സിനിമ എന്ന കലാരൂപത്തിന്റെ അത്യന്തികമായ സൃഷ്ടിപരതയും അതിന്റെ ആനന്ദവും അനുഭവിക്കുന്നത് ഒരു യഥാർത്ഥ സംവിധായകൻ മാത്രമാണ്.

കാവാലത്തിന്റെ നാടകത്തിൽ നിന്ന് വന്ന ഒരാളെന്ന നിലയിൽ ഒരു ചോദ്യം മലയാള നാടക വേദിക്ക് കാവാലത്തിന്റെ സംഭാവന എന്താണ് ?

മലയാള നാടകവേദി എന്ന ഒരു പ്രാദേശിക പ്രയോഗത്തിൽ ഒതുങ്ങി നിൽക്കുന്ന ‘ ആളല്ലല്ലോ കാവലം. നമ്മുടെ ചുറ്റുപാടിൽ ഇല്ലാത്തതിനെയാണ് നമ്മൾ പുറമെ നിന്ന്അന്വേഷിക്കുന്നത്. നമ്മുടെ ശാസ്ത്രീയവും നാടോടിയുമായ കലാരൂപങ്ങളിൽ ആധുനിക നാടകവേദിയും വേണ്ടതെല്ലാം നിറഞ്ഞു നില്പുണ്ട്. ഈ സത്യമാണ് കാവാലം തിരിച്ചറിഞ്ഞത.അങ്ങനെ കേരളീയവും അതിനപ്പുറം ഭാരതീയവും ആയ ഒരു നാടക അവതരണ സമ്പ്രദായം മറ്റൊരാൾക്കും കഴിയാതിരുന്നത് കണ്ടെത്തി പ്രായോഗികമായി പ്രകടപ്പിച്ച ആളാണ് അദ്ദേഹം.

പത്മരാജന്റെ ഒരിടത്തൊരു ഫയൽ വാൻ എന്ന ചിത്രത്തിലൂടെ കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനുനാന്ദിയായി എങ്ങനെയായിരുന്നു ആ ഒരു അനുഭവം ?

അതായത് ആദ്യമായി നരപ്പിച്ച് അഭിനയിച്ച കഥാപാത്രം ഹാസ്യങ്ങളിലെ ശിവൻ പിള്ള മേസിരിയായിരുന്നു എന്ന് വെച്ച് തുടർന്നുള്ള സിനിമകളിൽ അതൊരു ശീലമായി വന്നില്ല. കള്ളൻ പവിത്രനും, വിടപറയും മുൻപേയും, രചനയും, അപ്പുണ്ണിയും തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങൾ ചെറുപ്പക്കാരായിരുന്നവല്ലൊ. എന്തുകൊണ്ടാണ് എന്നെ ഒരു പ്രായത്തിൽ കവിഞ്ഞ വേഷത്തിന് തീരുമാനിച്ചതെന്ന് അന്ന് ഞാൻ പത്മരാജനോടു ചോദിക്കയുണ്ടായി. തനതു നാടകവേദിയുടെ തുടക്കത്തിലെ നാടകമായിരുന്നു ദൈവത്താൻ അതിൽ സമാന്യം നല്ല പ്രായമുള്ള നടുവിന് ഒത്തിരിവളവുള്ളകാലം കണിയാൻ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. തിരുവനന്തപുരത്ത് അവതരണം കഴിഞ്ഞ് അണിയറയിലേക്ക് വന്നവരുടെ കൂട്ടത്തിൽ പത്മരാജനും ഉണ്ടായിരുന്നു. ഏതോ പ്രായമുള്ള ആളാണ് കണിയാൻ വേഷം കെട്ടിയത് എന്ന് ധരിച്ചിരുന്ന പത്മരാജൻ, മേയ്ക്കപ്പെല്ലാം അഴിച്ച് 25 ൽ താഴെ പ്രായമുള്ള എന്നെ കണ്ടു അത്ഭുതപ്പെട്ടു എന്ന് പറഞ്ഞു. ആ ഒരു ധൈര്യത്തിലാണ് ശിവൻപിള്ള മേസരിയെ ഏല്പിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.

ഇതേവരെ എത്ര ചിത്രങ്ങളിൽ അഭിനയിച്ചു?

കൃത്യമായി എണ്ണിയിട്ടില്ല എണ്ണാത്തത് മനഃപൂർവ്വമായിരുന്നു. എണ്ണിയാൽ കൂടുതലും ഒരു കഥയും കാര്യവുമില്ലാത്ത സിനിമകളാണ്. എന്റെയോ പ്രേക്ഷകന്റെയോ മനസ്സിൽ തങ്ങി നില്ക്കുന്ന സിനിമയും കഥാപാത്രങ്ങളും താരതമ്യേന ന്യൂനപക്ഷമാണ്. അതുകൊണ്ടാണ് നോക്കാത്തത്, എങ്കിലും 500 നടുത്തെത്താനാണ് സാധ്യത.

സാറിന്റെ കുടുംബത്തെ പറ്റി അറിയാനാഗ്രഹിക്കുന്നു?

എന്റെ അച്ഛനും അമ്മയും അദ്ധ്യാപകരായിരുന്നു. അഞ്ച് ആൺമക്കളിൽ ഇളയവനാണ് ഞാൻ. മക്കളെയെല്ലാം കർണ്ണാടക സംഗീതം, കഥകളി സംഗീതവുമെല്ലാം അഭ്യസിപ്പിക്കുന്നതിലും കലാപരമായ ഒരു വീക്ഷണം എല്ലാ കാര്യത്തിലും ഉണ്ടാക്കിയെടുക്കുന്നതിലും അച്ഛൻ ദത്തശ്രദ്ധനായിരുന്നു. ആലപ്പുഴ എസ്.ഡി കോളേജിൽ നിന്നുമലയാളം ഐച്ഛികമായെടുത്ത് ബി.എ നല്ലമാർക്കോടുകൂടി പാസ്സായി. കാവാലം തന്റെ നാടക വേദി ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറിച്ചു നട്ടപ്പോൾ എന്നെയും കൂടെ കൂട്ടി. പിന്നെ കുറേക്കാലം നാടകവും പത്ര പ്രവർത്തനവുമായി തിരുവനന്തപുരത്ത്. അരവിന്ദന്റെ തമ്പ് ആണ് ആദ്യ സിനിമ. 1982 ലായിരുന്നു വിവാഹം. നെടുമുടിക്കാരിയും ബന്ധുവുമായ സുശീലയായിരുന്നു വധു. രണ്ട് ആൺകുട്ടികൾ മുത്തയാൾ ദുബായിൽ ജോലി ചെയ്യുന്നു. ഇളയവൻ എഞ്ചിനീയറിംഗ് കഴിഞ്ഞ് നിൽകുന്നു. രണ്ട് പേര കുട്ടികൾ തിരുവനന്തപുരത്ത് എം.വി ദേവൻ രൂപ കല്പന ചെയ്ത തമ്പ് എന്ന് പേരിട്ട ഗൃഹത്തിൽ വസിക്കുന്നു.

സാറിന്റെ ആദ്യ കാല അനുഭവും – മറക്കാനാവാത്ത ഒരനുഭവം വിവരിക്കാമോ ?

എന്തെങ്കിലും ഒന്നായിട്ടു പറയാൻ ബുദ്ധിമുട്ടാണ് പ്രേക്ഷകരുടെ പലവിധ കഥാപാത്രങ്ങളോടുള്ള പ്രതികരണം തന്നെയാണ് ഇന്നും ഓർമ്മയിലുള്ള രസമുള്ള കാര്യങ്ങൾ സിനിമയിൽ ജ്യേഷ്ഠനായും പ്രായമുള്ളവരായും ഒക്കെ കണക്കാകുകയും അവരുടെയൊക്ക പ്രാർത്ഥനകളിൽ പ്രത്യകിച്ച് അമ്മമാരുടെ, ഉൾക്കൊള്ളുകയും ചെയ്യുക എന്ന് പറയുന്നതാണ് ഏറ്റവും വലിയ ചാരിതാർത്ഥ്യം.

അഭിനയരംഗത്ത് അങ്ങയെ ആകർഷിച്ച പ്രതിഭകൾ ?

സിനിമയിലാണെങ്കിൽ പഴയകാലനടന്മാരിൽ കൊട്ടാരക്കരയും, സത്യനും, ശങ്കരാടിയും, അടൂർഭാസിയും അങ്ങനെ പലരേയും ഓർക്കാനുണ്ട്. ഒപ്പം വന്നവരിൽ, മാനസികമായി കൂടുതൽ അടുപ്പം ഉണ്ടായിരുന്നത് ഭരത് ഗോപി ചേട്ടനുമായാണ്. അത് നാടകകാലം മുതലേയ്ക്കുള്ള ബന്ധമാണ്. പിന്നീട് സമകാലികരും പുതിയ തലമുറയിൽ പ്പെട്ടവരും, അങ്ങനെ മാനിക്കാൻ തോന്നുന്ന ഒട്ടേറെ സഹപ്രവർത്തരുണ്ട്.

എഴുത്ത്, അഭിനയം, രചന തുടങ്ങി പലവഴികളിലൂടെയാണല്ലൊയാത്ര? അതേകുറിച്ച് ?

എഴുത്ത് പലപ്പോഴും വേണമെന്ന് വച്ച് ചെയ്യുന്നതല്ലാ സൗഹൃദമുള്ളവരുമായി സിനിമാ ചർച്ചക്കിരിക്കുമ്പോൾ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ചില കഥകൾ സിനിമയാക്കപ്പെട്ടിട്ടുണ്ട്. കാറ്റത്തെ കിളികൂട്, മർമ്മരം, ശ്രുതി, തീർത്ഥം, പണ്ട് പണ്ട് ഒരു രാജകുമാരി അങ്ങനെ പലതും ”കാവേരി” തനിയെ തുടങ്ങിയ ഈ ചലച്ചിത്ര യാത്രയുടെ ഭാഗമെന്നേ പറയേണ്ടതുള്ളൂ.

നാടകാചാര്യൻ കാവാലത്തിന്റെ മരണം ഏതൊക്കെ തരത്തിൽ ബാധിച്ചു കലാ കേരളത്തെ ?

ജീവിച്ചിരുന്നപ്പോൾ തന്നെ കലാകേരളം കാവാലത്തെ വേണ്ടതുപോലെ തിരിച്ചറിഞ്ഞിട്ടില്ല. നമുക്ക് സ്വന്തമായിട്ടുള്ളതിനെയൊക്കെ തേടിപ്പിടിച്ച് ആവിഷ്‌കാരത്തിന് അവയെല്ലാം ഉപയുക്തമാക്കിയ കലാകാരനാണല്ലൊ കാവാലം. നാടകം, കവിത, ഗാനങ്ങൾ, സംഗീതം, നൃത്തം, നാടോടി വഴക്കം എന്നിങ്ങനെ വിവിധ മേഖലകൾ എന്ന് തോന്നാമെങ്കിലും ഇവയിലെല്ലാമടങ്ങിയിരുന്ന ദേശീയതയെ ഒരേ ചരടിൽ സമന്വയിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇതിന് മുമ്പ് ഒരാൾക്കും ചെയ്യാൻ കഴിഞ്ഞിട്ടില്ലാത്ത ഗാനങ്ങളാണ് അദ്ദേഹം ചെയ്തു വച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗമുണ്ടാക്കിയ നഷ്ടം അല്ലെങ്കിൽ വിടവ് ചിന്തകൾക്കും വായനകൾക്കും അതീതമാണ്.
മലയാള സിനിമയുടെ വസന്തകാലത്ത് ചലിത്രരംഗത്തേക്ക് കടന്നുവന്ന ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ് നെടുമുടി എന്ന പേരിൽ അറിയപ്പെടുന്ന നെടുമുടിവേണു. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ പി.കെ കേശവൻപിള്ളയുടേയും കുഞ്ഞികുട്ടിയമ്മയുടേയും മകനായി 1948 മെയ് 22 ന് ജനിച്ചു. 7 സഹോദരന്മാരിൽ ഏറ്റവും ഇളയനാണ് വേണു. വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജ്ജീവമായിരുന്നു. ആലപ്പുഴ എസ്.ഡി കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയിൽ പത്രപ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജിൽ അദ്ധ്യാപകനായും പ്രവർത്തിച്ചു. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദൻ പത്മരാജൻ, ഭരത്‌ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. യഥാർത്ഥ പേര് കേശവൻ വേണു ഗോപാലൻ നായർ. നാടക രംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിലെത്തിയത്. തമ്പ് എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയൽമാൻ എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റത്തിന് നാന്ദിയായി. അധികം വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്മാരിൽ ഒരാളായി നെടുമുടിവേണു മാറി. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്ഥതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സജീവമായി. പാച്ചി എന്ന അപരനാമത്തിൽ ചലച്ചിത്രങ്ങൾക്ക് തിരക്കഥയും നെടുമുടി രചിച്ചിട്ടുണ്ട്. കാറ്റത്തെ കിളികൂട്, തീർത്ഥം, ശ്രുതി അമ്പടഞാനേ, ഒരു കഥ ഒരു നുണക്കഥ, സവിധം അങ്ങനെ ഒരവധിക്കാലത്ത് തുടങ്ങിയ ചിത്രങ്ങൾ കൂടാതെ പൂരം എന്ന ചലച്ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്. കമലാഹാസൻ നായകനായി അഭിനയിച്ച ഇന്ത്യൻ, വിക്രം നായകനായി അഭിനയിച്ച അന്ന്യൻ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പത്മരാജന്റെ കള്ളൻ പവിത്രനിലും ശ്രദ്ധേയമായ റോൾ പ്രായത്തിനതീതമായമറ്റൊരുറോൾ സർഗ്ഗത്തിലെ ഭാഗവതാരായിട്ടുള്ളത് അങ്ങനെ പോകുന്നു ആ കലാസപര്യ…

സുപ്രസിദ്ധ സിനിമാതാരം നെടുമുടിവേണുവുമായി ലേഖകൻ കെ.പ്രേമചന്ദ്രൻനായർ നടത്തിയ അഭിമുഖം
Share

Leave a Reply

Your email address will not be published. Required fields are marked *