അറബ്-ഗൾഫ് നാടുകളിൽ നിന്നും മലയാളികളുടെ ശക്തമായ തിരിച്ചൊഴുക്കാണ് കേരളം അഭിമുഖീകരിക്കുന്നത്. ഈ പ്രതിസന്ധി അവസരമാക്കുകയും തിരിച്ചു വരുന്നവരെ നാടിന്റെ സമ്പത്താക്കി മാറ്റുകയും ചെയ്യുന്നതിനുള്ള ചില നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ്. രാജ്യത്തിന്റെ വികസനപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ന്യൂസിലാന്റ്, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങൾ പൗരന്മാരെ വിദേശത്ത് നിന്നു തിരിച്ചു വിളിച്ചതും പ്രതിസന്ധിയും തകർച്ചയും അതിജീവിച്ച് ജപ്പാൻ, വിയറ്റ്‌നാം, കിഴക്കൻ യൂറോപ്പ് തുടങ്ങിയ രാജ്യങ്ങൾ ലോകത്തിന് തന്നെ മാതൃകയാകുന്ന രൂപത്തിൽ വളർന്നു വന്നതും നമുക്ക് പാഠമാണ്. ചരിത്രം വിശകലനം ചെയ്താൽ പ്രവാസിമലയാളികളുടെ അഞ്ചാമത്തെ പലായനം അറബ്-ഗൾഫ് നാടുകളിൽ നിന്നുള്ള പ്രവാസി മലയാളികളുടെ തിരിച്ചുവരവ് കൂടുതൽ ശക്തിപ്പെടുമെന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു. സ്വന്തം നാട്ടിൽ സുഖത്തോടും സന്തോഷത്തോടും കൂടി ജീവിക്കാനുള്ള അവസരംതിരിച്ചു വരുന്ന പ്രവാസികൾക്ക് സൃഷ്ടിച്ചു കൊടുക്കുകയാണ് ഇനി വേണ്ടത്. രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്ന ബർമ്മയിൽനിന്നുള്ള മടക്കമാണ് മലയാളികളുടെ ആദ്യത്തെ പലായനമായി ചരിത്രം രൂപപ്പെടുത്തുന്നത്. ഇത് നടന്നിട്ട് എട്ട് പതിറ്റാണ്ട് കഴിഞ്ഞു. 1950 ൽ സിലോണിൽ സിങ്കാരികളും തമിഴരും തമ്മിലുണ്ടായ ഭാഷാപ്രശ്‌നം ആഭൃന്തരകലാപമായി മാറിയപ്പോൾ നിലനിൽപ്പ് നഷ്ടപ്പെട്ട പതിനായിരക്കണക്കിന് മലയാളികൾ കേരളത്തിലേക്ക് ഓടി വന്നു. 1981-82 കാലങ്ങളിൽ ഇറാൻ ഇറാഖ് യുദ്ധം കാരണം എല്ലാം വിട്ടെറിഞ്ഞ് ഓടി വന്ന മലയാളികളിൽ വലിയ ശതമാനം തിരിച്ചു പോകാൻ സാധിക്കാതെ കേരളത്തിൽ തന്നെ തങ്ങി. കേരളത്തെ നടുക്കിയ മറ്റൊരു ദുരന്തമായിരുന്നു 1990 ലെ ഗൾഫ് യുദ്ധവും അതിനെ തുടർന്ന് രണ്ട് ലക്ഷത്തോളം മലയാളികളുടെ തിരിച്ചുവരവും. കോവിഡ് മൂലമുള്ള പ്രതിസന്ധികാരണം കേരളം ഇപ്പോൾ അഭിമുഖീകരിക്കുന്നത് പ്രവാസി മലയാളികളുടെ അഞ്ചാമത്തെ തിരിച്ചുവരവാണ്. 2013 ൽ സൗദി അറേബ്യയിലെ നിതാഖാത് കാരണം തിരിച്ചു വന്ന മലയാളികളുടെ കാര്യം ഇവിടെ വിസ്മരിക്കുന്നില്ല. മലയാളിക്ക് പുതിയൊരു മേച്ചിൽ സ്ഥലം കണ്ടെത്താനുള്ള സാധ്യത കുറവാണെന്നാണ് ആഗോള സാമൂഹ്യ സാമ്പത്തിക രംഗത്തെ മാറ്റങ്ങൾ സൂചിപ്പിക്കുന്നത്, തിരിച്ചുവരുന്ന ഓരോ മലയാളിക്കും നാട്ടിൽ സുരക്ഷിതമായും സംതൃപ്തിയോടെയും ജീവിക്കാനുള്ള വഴി ഒരുക്കണമെന്നാണ് ഈ വഴിത്തിരിവ് നമ്മെ ഓർമ്മിപ്പിക്കുന്നത്. ഇന്നത്തെ പ്രതിസന്ധി അവസരമാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് ഗ്ലോബൽ ഫൗണ്ടേഷൻ ഫോർ എൻ.ആർ.ഐ.എന്ന സംഘടന രൂപം നൽകിയിരിക്കുകയാണ്.
പ്രവാസികൾക്ക് ആത്മവിശ്വാസം നൽകുന്ന പദ്ധതിയുടെ ചുരുക്കം താഴെ:
1.വിവിധ മേഖലകളിൽ വൈദഗ്ധ്യവും പ്രാവീണ്യവുമുള്ള പ്രവാസികൾ രാജ്യത്തിന്റെ സമ്പത്താണെന്നും പ്രതിസന്ധി അവസരമാക്കണമെന്നും മുന്നിൽ കണ്ടു, കൊണ്ടാണ് പുനരധിവാസ പ്രവർത്തന രേഖ തയ്യാറാക്കുന്നത്. രാജ്യത്തിന്റെ വികസനപ്രവർത്തനങ്ങളിൽ ഭാഗവാക്കാകാൻ ന്യൂസിലാന്റ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ പൗരന്മാരെ വിദേശത്ത് നിന്ന് തിരിച്ചുവിളിച്ച ഉദാഹരണം ഓർക്കുക. പ്രതിസന്ധികൾ മറി കടന്നും അതിജീവിച്ചും വികസനത്തിന്റെ വൻ വളർച്ചകൈവരിച്ച ജപ്പാൻ, വിയറ്റ്‌നാം, കിഴക്കൻ യുറോപ്പ് തുടങ്ങിയ രാജ്യങ്ങളുടെ അർപ്പണ ബോധത്തോടും പ്രതിബദ്ധതയോടും കൂടിയ പ്രവർത്തനം മാതൃകയാക്കുക.
2.തിരിച്ചെത്തിയ പ്രവാസികളുടെ പ്രാവീണ്യം ഉപയോഗപ്പെടുത്തി ടൂറിസം വൻ വൃവസായമാക്കി വളർത്തിയെടുക്കുക. കേരളത്തിലെ പ്രധാന കാർഷിക വിളകളായ നാളികേരം, ചക്ക തുടങ്ങിയവയിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ആരംഭിക്കുക.
3. നഷ്ടപ്പെട്ടുപോയ കൃഷി വീണ്ടെടുക്കുക, വ്യവസായസംരംഭങ്ങളോട് ആരോഗ്യപരമായ സമീപനം പുലർത്തുക, പ്രവാസിസംരംഭകരെ പ്രോത്സാഹിപ്പിച്ച് അക്കരെയല്ല ഇക്കരെയാണ് പച്ച എന്നവരെ ബോധ്യപ്പെടുത്തുക തുടങ്ങിയ ഉദ്ദേശലക്ഷ്യങ്ങളോടെയുള്ള ബോധവൽക്കരണ ക്ലാസ്സുകൾക്ക് രൂപം നൽകുക.
4. കാർഷിക- വ്യവസായ സംരംഭങ്ങളിൽ ഏർപ്പെടുന്നവർക്ക് പുതിയ ആശയങ്ങൾ, നൂതന രീതികൾ, നിയമോപദേശങ്ങൾ, നിർമ്മാണ രീതികൾ, മറ്റു വ്യവസ്ഥകൾ തുടങ്ങിവയെ സംബന്ധിച്ച് പ്രവാസികൾക്ക് അവബോധം നൽകുന്ന സെമിനാറുകൾ സംഘടിപ്പിക്കുക.
5, ബ്രാൻഡ് കേരള ഉൽപ്പന്നങ്ങൾ ലോകം മൂഴുവൻ എത്തിക്കാൻ വിവിധ ഏജൻസികളുമായും ചെറുകിട വൃവസായ സംഘടനകളുമായും സഹകരിച്ചുകൊണ്ട് ഗ്ലോബൽ ഫൗണ്ടേഷൻ ഫോർ നോൺ റിസിഡൻസ് ഇന്ത്യൻസ് ആസൂത്രണം ചെയ്യുന്ന പദ്ധതിയിൽ സാങ്കേതിക വിദ്യകളിൽ നൈപുണ്യം നേടിയ പ്രവാസികൾക്ക് അവസരം നൽകുക.
6. തിരിച്ചു വരുന്ന പ്രവാസികളിൽ വ്യവസായ കാർഷിക മേഖലകളിൽ സംരംഭം തുടങ്ങുന്നവർക്ക് മാർഗ്ഗനിർദേശം നൽകുന്നതിന് ഒരു ഗൈഡൻസ് സെന്ററും
ഏക ജാലക സമ്പ്രദായവും അവരുടെ കഴിവും പരിചയവും പ്രാവീണ്യവും വിദ്യാഭ്യാസ യോഗ്യതയും നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിന് ഒരു ഡാറ്റാ ബാങ്കും ആരംഭിക്കേണ്ടത് അനിവാര്യമാണ്.