കെ.പി ബ്രഹ്മാനന്ദൻ കാലം മറക്കാത്ത ഭാവഗായകൻ

കെ.പി ബ്രഹ്മാനന്ദൻ കാലം മറക്കാത്ത ഭാവഗായകൻ

മലയാള ചലച്ചിത്രഗാനാലാപന രംഗത്ത് തന്റേതായ ശൈലിവിരിയിച്ച അനശ്വര ഗായകൻ കെ.പി ബ്രഹ്മാനന്ദൻ വിടപറഞ്ഞിട്ട് 16 വർഷങ്ങൾ പിന്നിടുന്നു. തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരിൽ നിലയ്ക്കാമുക്ക് ഭജനമഠത്തിന് സമീപം പാച്ചൻ ആശാരിയുടെയും ഭവാനിയുടെയും മകനായി 1946 ഫെബ്രുവരി 22 ന് ജനിച്ചു. കടയ്ക്കാവൂർ സേതൂപാർവ്വതീഭായി ഹൈസ്‌കൂളിൽ പഠനം പൂർത്തീകരിച്ച ശേഷമാണ് കലാരംഗത്തേക്ക് പ്രവേശിച്ചത്. സിനിമാസ്വാദകരെ സംബന്ധിച്ചിടത്തോളം ഒരിക്കലും വിസ്മരിക്കാനാവാത്ത ഒരു പിടി മാസ്മരിക ഗാനങ്ങൾ കാഴ്ചവെച്ചു കടന്നുപോയ ഈ ഗായകൻ വളരെ വ്യത്യസ്തമായ മധുരതരമായൊരു ശബ്ദത്തിന്റെ ഉടമയാണെന്ന് ഉള്ളത് എടുത്തു പറയേണ്ട വസ്തുതയാണ്. ആസ്വാദക മനസ്സുകളിലമ്യതം പെയ്ത ആ ഗാനശേഖരത്തിലെ ഓരോ പാട്ടുകളും ജനഹ്യദയങ്ങളിൽ ഇന്നും അലയടിച്ചുകൊണ്ടിരിക്കുന്നു.

” താമരപ്പൂനാണിച്ചു നിന്റെ തങ്ക വിഗ്രഹം വിജയിച്ചു
പുളകം പൂക്കൂം പൊയ്ക പറഞ്ഞു യുവതീ നീയൊരു
പൂവായ് വിടരൂ.. പൂവായ് വിടരൂ….
നദിയുടെ ഹ്യദയം ഞാൻ കണ്ടൂ….”

ഗ്രാമീണ സൗന്ദര്യത്തിന്റെ സൗഭഗം നിറഞ്ഞ ഇത്തരം ഗാനങ്ങളായിരുന്നു എന്നും ബ്രഹ്മാനന്ദനെ തേടിയെത്തിയിരുന്നത്.. സ്വഛന്ദമായൊഴുകുന്ന ഒരു പുഴയുടെ ഭാവമായിരുന്നു ആ സ്വരത്തിന് ഒരു പക്ഷേ നന്മയും, സാധാരണത്വവും, ഹ്യദയവിശാലതയും മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരാളായത് കൊണ്ടാവാം അത്തരം പാട്ടുകൾ ബ്രഹ്മാനന്ദന്റെ കണ്ഠനാളത്തിലൂടെ കനക മഴയായി പെയ്തിറങ്ങിയത്. പാട്ടുകൾ പാടാനും, കേൾക്കാനും, ആസ്വദിക്കാനുമൊക്കെ നമുക്ക് കഴിഞ്ഞെന്നുവരാം. എന്നാൽ മികവറ്റ ഒരു ഗായകനായിത്തീരുകയെന്നുള്ളത് ഒരു ഭാഗ്യം തന്നെയാണ്. ഇനി ഒരു ഗായകനായി എന്ന് തന്നെയിരിക്കട്ടെ എങ്കിലും എല്ലാത്തരം പാട്ടുകളും പാടാൻ കഴിഞ്ഞെന്നും വരില്ല. നമ്മുടെ പഴയഗാനങ്ങൾ ഇന്നത്തെ ഗാനങ്ങളെ അപേക്ഷിച്ച് ഏറെ വ്യത്യസ്ഥമായിരുന്നുവെന്ന് കാണാം. രചനഗുണം കൊണ്ട് മേന്മയാർജിക്കുന്നവയായിരുന്നു. അക്കാലത്തെ ഗാനങ്ങൾ വളരെ അർത്ഥ സമ്പൂർണ്ണവും സൗന്ദര്യാത്മകവും കവിത്വമുള്ളവയായിരുന്നു അവ അവയുടെ ആത്മാവ് ചോർന്നുപോകാതെ കർണ്ണാന്ദകരമായി ആവിഷ്‌കരിക്കാനുള്ള ഒരു പ്രത്യേക വൈഭവം തന്നെ ബ്രഹ്മാനന്ദന് ജന്മനാ ലഭിച്ചിരുന്നുവെന്നുള്ളത് ഈ ഗാനങ്ങൾ കേൾക്കുന്ന ഓരേ വ്യക്തിക്കും മനസ്സിലാക്കാവുന്നതാണ്. മണ്ണിനോടും മനുഷ്യനോടും അടുത്തു നിൽക്കുന്നതും കാലത്തെ അതിജീവിക്കുന്നതുമായ എത്രയോ ഗാനങ്ങൾ തത്വചിന്താപരമായ ആശയങ്ങൾ ആളുകൾ പറഞ്ഞുകൊടുക്കുന്നതിനേക്കാൾ പാടികൊടുക്കുന്നതാണ് കൂടുതൽ ഫലപ്രദമെന്ന് തെളിയിക്കുന്ന ബ്രഹ്മാനന്ദന്റെ സ്വരമാധുരി. അതിന് ഒരുദാഹരണമാണ് ശ്രീകുമാരൻതമ്പി രചിച്ച് എം.കെ അർജുനൻ സംഗീതം നൽകിയ സി.ഐ.ഡി നസീർ എന്ന ചിത്രത്തിലെ താഴെ പറയുന്ന ഗാനം.

നീലനിശീഥിനീ…. നിൻമണിമേടയിൽ
നിദ്രാ വിഹീനയായ് നിന്നു, നിൻ മലർവാടിയിൽ
നീരുമോരോർമപ്പോൽ നിർമ്മലേ ഞാൻ കാത്തൂ നിന്നൂ…

അത് പോലെതന്നെ തെക്കൻകാറ്റ് എന്ന ചിത്രത്തിന് വേണ്ടി പി.ഭാസ്‌കരൻമാഷ് രചിച്ച് എ.ടി ഉമ്മർ ഈണം പകർന്ന

” പ്രിയമുള്ളവളേ… നിനക്കുവേണ്ടി…
പിന്നെയും നവസ്വപ്‌നോപഹാരം ഒരുക്കീ…
ഒരുക്കീ…നിനക്കുവേണ്ടിമാത്രം…. പ്രിയമുള്ളവളേ…
ശാരദപുഷ്പവനത്തിൽ വിരിഞ്ഞൊരു ശതാവരീ മലർപോലെ…
വിശുദ്ധയായ് വിടർന്ന നീയെന്റെ വികാരരാജാങ്കണത്തിൻ…
വികാരരാജാങ്കണത്തിൽ…”

ബ്രഹ്മാനന്ദൻ ആലപിച്ച ഗാനങ്ങളെല്ലാം തന്നെ സൂപ്പർഹിറ്റുകളായിരുന്നുവെന്ന് മാത്രമല്ല അവയൊക്കെ എല്ലാത്തരം ആസ്വാദകരും ഹ്യദയത്തിലേറ്റുവാങ്ങുകയും ചെയ്തുവെന്നുള്ളതാണ് സത്യം. ആദ്യകാലത്ത് ഒട്ടനവധി അമച്വർ നാടകങ്ങൾക്കും ന്യത്തസംഘങ്ങൾക്കും വേണ്ടി പാടിയിരുന്ന ബ്രഹ്മാനന്ദൻ ആറ്റിങ്ങൽ ദേശാഭിമാനി തിയറ്റേഴ്‌സിന്റെ അഗ്നിപുത്രി എന്ന നാടകത്തിലൂടെയാണ് മലയാളക്കരയിൽ പരക്കെ അറിയപ്പെടാൻ തുടങ്ങിയത്. ഇത് ബ്രഹ്മാനന്ദന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറുകയാണുണ്ടായത്. എസ്.എൽപുരം സന്ദാനന്ദന്റെ ‘അഗ്നിപുത്രി’ മലയാള നാടകരംഗം അടക്കിവാണ ഒരു നാടകമായിരുന്നു. ആ നാടകത്തിന്റെ വീഥികളിലൊക്കെ തന്നെ ബ്രഹ്മാനന്ദന്റെ സ്വരരാഗസുധയുടെ അലയൊലികൾ അത്യപൂർവ്വമായി ഒരനുഭൂതിയിലേക്ക് കടന്നുചെല്ലാൻ സഹായകമായി പരിണമിച്ചത്. ഇതോടെ മലയാളസിനിമയുടെ കാരണവരെന്നറിയപ്പെടുന്ന ശോഭനാപരമേശ്വരൻ നായരുടെ ശ്രദ്ധയിൽപ്പെട്ട ഈ ഗായകന് 1969ൽ അദ്ദേഹം നിർമ്മിച്ച ‘ കള്ളിച്ചെല്ലമ്മ’ എന്ന ചിത്രത്തിൽ പാടാനുള്ള അവസരം ലഭിച്ചു. പി.ഭാസകരൻ രചിച്ച് കെ.രാഘവൻമാഷ് സംഗീതം പകർന്ന

” മാനത്തെകായലിൽ മണപ്പുറത്തിന്നൊരു താമരകളിത്തോണി…
വന്നടുതുത്തു താമരകളിത്തോളി…”

എന്ന ആദ്യ ഗാനം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റി മികവും പുതുമയുമാർന്ന ബ്രഹ്മാനന്ദന്റെ ശബ്ദം മലയാളസിനിമാസ്വാദകരുടെ ഹ്യദയതലങ്ങളിൽ പുളകിതമാവുകയായിരുന്നു. അതിഭാവുക, അനുകരണമില്ലാത്ത ആസ്വരം ആസ്വാദകർക്ക് നന്നേ ബോധിച്ചു. കൈമോശം വന്ന പ്രണയത്തിന്റെ കാമുക മനസ്സിന്റെ ആർദ്ര വികാരങ്ങൾ നിറഞ്ഞ വരികൾ ഈ ഗായകൻ ഭാവാത്മകമായി അവതരിപ്പിച്ചപ്പോൾ ആസ്വാദക മനസ്സുകളിലൂടെ അതിന്റെ തീവ്രത നനഞ്ഞിറങ്ങുകയായിരുന്നു. ശ്രീകുമാരൻതമ്പി, ദക്ഷിണാമൂർത്തി ടീമിന്റെ ശാസത്രം ജയിച്ചു മനുഷ്യൻ തോറ്റു എന്ന ചിത്രത്തിലെ

“താരകരൂപിണി നീ എന്നുമെന്നുടെ
ഭാവനരോമാഞ്ചമായിരിക്കും” എന്ന ഗാനവും മലയാളക്കരയെ സ്വാധീനിച്ച ബ്രഹ്മാനന്ദന്റെ മനോഹര ഗാനങ്ങളിലൊന്നാണ്.
‘ക്ഷേത്രമേതെന്നറിയാത്ത തീർത്ഥയാത്ര’
‘ ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ’
‘ ദേവീ ഭഗവതി… ‘
‘ഇന്ദുകളഭം ചൂടീ…കളകളം കിളിചിലച്ചു’
‘മാനതാരകൾ പൂഞ്ചിരിച്ച’

തുടങ്ങിയ ഗാനങ്ങൾ ബ്രഹ്മാനന്ദന്റെ അധരങ്ങൾ ഇതൾ വിടർത്തിയവയാണ്. 1989ൽ മലയത്തിപ്പെണ്ണ് എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്ന്‌കൊണ്ട് ഈ ഗായകൻ സംഗീതസംവിധായകന്റെ മേലങ്കി കൂടിയണിഞ്ഞു. വയലാർ ദക്ഷിണമൂർത്തി കൂട്ടുകെട്ടിൽ പിറന്ന ഇന്റർവ്യൂവിലെ, ‘ കനകം മൂലം ദുഃഖം കാമിനി മൂലം ദുഃഖം ‘ എന്ന ഗാനവും സ്വർഗ്ഗം മറ്റൊരു രാജ്യത്തുണ്ടെന്ന് സ്വപ്‌നം കാണുന്നവരെ തുടങ്ങിയ ഗാനങ്ങളും ഒരിക്കലും ആസ്വാദക ഹ്യദയങ്ങളിൽ നിന്നും മാഞ്ഞുപോകുകയില്ല. ആദ്യ പാഠം എന്ന ചിത്രത്തിൽ വാണിജയറാമും ബ്രഹ്മാനന്ദനും ചേർന്ന് പാടിയ ‘ പുഷ്പമംഗല്യരാത്രിയിൽ-രാഗസ്വപ്‌നമംഗല്യരാത്രിയിൽ ‘ എന്ന ഗാനം ആർക്കാണ് മറക്കാൻ കഴിയുക. അങ്ങനെ ഒത്തിരിയൊത്തിരി മധുരോദാരമായ ഗാനങ്ങൾ മലയാളത്തിന് നൽകിയിട്ടാണ് അനശ്വരഗായകനായ ബ്രഹ്മാനന്ദൻ കാലയവനികക്കുള്ളിൽ മറഞ്ഞത്. എങ്കിലും കാലത്തിന് മറക്കാനാവാത്ത ആ ഭാവഗായകൻ മാനവമനസ്സുകളിൽ ഇന്നും ജീവിക്കുന്നു. ഭാര്യ ഉഷയും, മകൻ രാകേഷ് ബ്രഹ്മാനന്ദനും മകൾ ആതിരയുമടങ്ങുന്നതാണ് കുടുംബം. രാകേഷ് പിതാവിന്റെ പാത പിന്തുടരുന്നു. പിന്നണി ഗായകനായും ഗാനമേള ട്രൂപ്പുകളിലുമായി പ്രവർത്തിച്ചുവരുന്നു. 2004 ആഗസ്റ്റ് 10 ന് അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.

കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ
Share

Leave a Reply

Your email address will not be published. Required fields are marked *