മനുഷ്യ നന്മയ്ക്ക് വേണ്ടി പ്രതികരിക്കണം

മനുഷ്യ നന്മയ്ക്ക് വേണ്ടി പ്രതികരിക്കണം

അറിയപ്പെടുന്ന കവിയും, ഗാനരചയിതാവുമായ ശ്രീ.ചുനക്കര രാമൻകുട്ടിയും, ലേഖകൻ കെ.പ്രേമചന്ദ്രൻനായരുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ

കവിത എഴുതാൻ ചില നിയമങ്ങളുണ്ട് വ്യത്തം, അലങ്കാരം, പ്രാസം, എന്നിവയൊക്കെ അതിന്റെ ഭാഗങ്ങളാണ്. കവിത ചന്തോബദ്ധവുമായിരിക്കണം. ഭാവതലം അറിയാവുന്ന കവികൾ ഇപ്പോൾ തീരെ ഇല്ലെന്നാണ് എന്റെ പക്ഷം.

സർക്കാർ ഉദ്യോഗസ്ഥനായിരുന്ന താങ്കൾ ഈ രംഗത്തേക്ക് വരാനുള്ള സാഹചര്യം എന്താണ് ? ആരുടെയെങ്കിലും സമ്മർദ്ദമോ, സഹായമോ ഇതിനു പിന്നിലുണ്ടോ ?

വളരെ ചെറുപ്പം മുതലേ എനിക്ക് സാഹിത്യത്തോട് താൽപ്പര്യം തോന്നിയിരുന്നു. അക്കാലത്ത് എന്റെ ഗ്രാമത്തിൽ ഒരു വായനശാല ഉണ്ടായിരുന്നു. എന്റെ ജ്യേഷ്ഠനായിരുന്നു അതിന്റെ സെക്രട്ടറി. അത് കൂടുതൽ വായിക്കാനുള്ള അവസരം ഉണ്ടാക്കി. ചങ്ങമ്പുഴ, ഇടപ്പള്ളി, തുടങ്ങിയവരുടെ ക്യതികളാണ് ഏറെ വായിച്ചത്. കവിതയോടും കൂടുതൽ ഇഷ്ടം തോന്നാൻ ഇത് കാരണമായി. മറ്റ് പലരുടേയും കവിതകളും വായിച്ചിട്ടുണ്ട്.

 വിദ്യാർത്ഥിയായിരുന്നപ്പോൾ തന്നെ സാഹിത്യരംഗവുമായി ബന്ധപ്പെട്ടിരുന്നോ ?

ഫിഫ്ത്തുഫോമിൽ പഠിക്കുന്ന കാലത്തു തന്നെ കവിതകൾ എഴുതാനും സ്‌കൂളിൽ കവിതകൾ ചെല്ലാനും അദ്ധ്യാപകർ നിർബന്ധിച്ചു. അന്നു മുതലാണ് എന്റെ ഈ കവിതയിലേക്കുള്ള പ്രവേശനം. പന്തളം എൻ.എസ്.എസ് കോളേജിൽ ചേർന്നപ്പോൾ ഇത് കുറച്ചുകൂടി പരിപോഷിപ്പിക്കാൻ അവസരം ലഭിച്ചു.

 അക്കാലത്ത് ആനുകാലികങ്ങളിൽ എഴുതിയിരുന്നോ ?

കൊല്ലത്തു നിന്നും പ്രസിദ്ധീകരിക്കുന്ന ജനയുഗം, മലയാള രാജ്യം, എന്നീ വാരികളിൽ കവിതകൾ എഴുതാൻ തുടങ്ങി തുടർന്ന് മറ്റ് പല മാസികകളിലും എഴുതി. അങ്ങനെ നാട്ടിൽ ഒരു കവി എന്ന പേര് കൂടി ലഭിച്ചു. അതോടെ കവിയാകാനുള്ള മോഹവും ഉള്ളിൽ വളർന്നു. വായനയ്ക്ക് കൂടുതൽ സമയം കണ്ടെത്തി. വായുവും ആഹാരവും പോലെ തന്നെ വായനയും ജീവിതത്തിന്റെ ഭാഗമായി. ആശാൻ, ഉള്ളൂർ, വള്ളത്തോൾ, എന്നിവരുടെ കൃതികളെല്ലാം തന്നെ വായിച്ചിരുന്നു.

 എന്തെല്ലാം പുരസ്‌കാരങ്ങൾ നേടി ?

ആകാശവാണി നടത്തിയ നാടക മത്സരത്തിൽ 1971 ലും 1976 ലും ഗാനരചനയ്ക്ക് ക്യാഷ് അവാർഡുകൾ ലഭിച്ചു. ഗായത്രി അവാർഡ്, വികാസ് അവാർഡ്, സമന്വയം സാഹിത്യ അവാർഡ്, ജി.ശങ്കരപ്പിള്ള സർഗ്ഗപ്രതിഭാ പുരസ്‌കാരം, വായനാ സാഹിത്യ പുരസ്‌കാരം, തുടങ്ങി വളരെയധികം പുരസ്‌കാരങ്ങളും അവാർഡുകളും ലഭിച്ചിട്ടുണ്ട്.

 സിനിമാ രംഗത്തേക്കുള്ള കടന്നുവരവ് എന്നാണ് ? ആദ്യ സിനിമാഗാനം ഏത് ചിത്രത്തിന് വേണ്ടിയായിരുന്നു. ?

1977ൽ ആയിരുന്നു ആദ്യസിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. ‘ആശ്രമം’ ആയിരുന്നു ആദ്യ സിനിമ. തുടർന്ന് ആയിരത്തോളം ഗാനങ്ങൾ പല ചിത്രങ്ങൾക്കായി രചിയ്‌ക്കേണ്ടി വന്നിട്ടുണ്ട്. ഈ രംഗത്ത് നാൽപ്പത് വർഷം പിന്നിടുന്നു. ഇപ്പോൾ കൂടുതലും ശ്രദ്ധിക്കുന്നത് കവിതാ രചനയിലാണ്.

 ഹിറ്റായ ഗാനം ‘ ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ ‘ എന്നതാണല്ലോ ? ഇതിൽ പറയുന്ന ദേവദാരു വ്യക്ഷം കവി സങ്കൽപ്പമാണോ-അതോ ഹിമാലയസാനുകളിലും താഴ് വരകളിലും ഇത്തരം വ്യക്ഷങ്ങൾ ഉണ്ടോ ?

എം.പി വീരേന്ദ്രകുമാറിന്റെ ‘ നല്ല ഹൈമവത ഭൂമിയിൽ എന്ന പുസ്തകത്തിൽ പേജ് 305 നോക്കണം. ഹിമാലയത്തിന്റെ താഴ്‌വരയിൽ ഇത് നിരനിരയായി നിൽക്കുന്നത് ഞാൻ കണ്ടപ്പോൾ -ചുനക്കരയുടെ ഗാനത്തിന്റെ വരികളും മനസ്സിൽ ഓർമ്മ വന്നു. അവിടെ നിന്നുകൊണ്ട് ഞാനും ആ വരികൾ പാടാൻ തുടങ്ങി. എന്റെ മനസ്സിന്റെ താഴ്‌വാരങ്ങളിലും ദേവദാരുക്കൾ പൂക്കുന്നുവെന്ന് തോന്നി. എന്ന് പുസ്തകത്തിൽ പറയുന്നുണ്ട്.
പിന്നെ ഒറ്റശേഖര മംഗലം ഹയർസെക്കന്ററി സ്‌കൂളിന്റെ മുറ്റത്ത് ഒരു ദേവദാരു വ്യക്ഷം നിൽപ്പുണ്ട്. ആ സ്‌കൂളിന്റെ മാനേജർ സിംലയിൽ പോയപ്പോൾ വാങ്ങിക്കൊണ്ടുവന്ന് നട്ടതാണ്. കൂടാതെ കാളിദാസന്റെ മേഘസന്ദേശത്തിൽ മേഘങ്ങളോടായി കാളിദാസൻ പറയുന്നുണ്ട്. ആ മലയും കടന്ന് അപ്പുറത്ത് പോകുമ്പോൾ ദേവതാരു പൂത്തുനിൽക്കുന്നതായി കാണാം എന്ന്. ദേവലോകത്തുള്ള ഈ വ്യക്ഷത്തിന്റെ സവിശേഷത ഈ പൂവിന്റെ നിറം ഒരിക്കലും മങ്ങുകയില്ലാ എന്നാതാണ്. ഇതിന്റെ സൗരഭ്യം ഒരിക്കലും കുറയുകയില്ലാ. വേദ ആചാര്യനും സംസ്‌ക്യത പണ്ഡിതനുമായ കാലടി പരമേശ്വരൻപിള്ള ഈ വ്യക്ഷത്തെ പറ്റി പറയുന്നുണ്ട്. (ശങ്കർ,മേനക) ജോടികളായി അഭിനയിച്ച ‘എങ്ങനെ നീ മറക്കും ‘ എന്ന സിനിമയിലെ ഗാനമാണ് ‘ ദേവതാരു പൂത്തു’ എന്ന് തുടങ്ങുന്ന ഗാനം.

 ജനിച്ചു വളർന്ന ഗ്രാമത്തെക്കുറിച്ച് ?

ചുനക്കര ഒരു ഗ്രാമ പ്രദേശമാണ്. കൂടുതലും കർഷകർ. ഞാനും ഒരു കർഷകകുടുംബത്തിലാണ് ജനിച്ചത്. അഞ്ച് സഹോദരങ്ങൾ. അമ്മയാണ് വളർത്തിയത്. അമ്മയെക്കുറിച്ചാണ് കൂടുതൽ കവിതകളും എഴുതിയത്. ഉദാ : ‘ വരം ‘ എന്ന കവിത.

വിണ്ണിലെ നവരത്‌ന സഞ്ചയം വേണ്ട
മണ്ണിലെയാ സ്വർണ്ണഖനികളും വേണ്ട
കടൽ കനിഞ്ഞേക്കുന്ന മുത്തുകൾ വേണ്ട
കാലം കവർന്ന എന്റെമ്മയെ തരുമോ ?
ആ സ്‌നേഹസാഗരത്തിരയിൽ നീരാടാൻ
ആ മാത്യവാത്സല്യപീയുഷം നുകരാൻ
കാരുണ്യക്കടലോയെന്റെമ്മയെയേകൂ.
അതുമതി ദേവാ മറ്റൊന്നുമേ വേണ്ട. …
ഇത്രയും വരികൾ ചൊല്ലിയപ്പോൾ അദ്ദേഹത്തിന്റെ കണ്ഠം ഇടറി. അമ്മയെക്കുറിച്ചുള്ള ഹൃദയസപർശിയായ ഈ വരികൾ കേട്ടപ്പോൾ ഈ ലേഖകനും ആ മാതൃസ്‌നേഹം നുകരാൻ കഴിഞ്ഞു.

 ഇത്രയും നാളത്തെ കലാ-സാംസ്‌കാരികരംഗത്തെ പ്രവർത്തനത്തിലെ ആത്മസംത്യപ്തിയും ചാരിതാർത്ഥൃവും ഒന്ന് വൃക്തമാക്കാമോ ?

ധാരാളം എഴുതി അഞ്ഞൂറിൽപ്പരം നാടകഗാനങ്ങൾ കൂടാതെ ഇരുപതിരണ്ടോളം കവിതാസമാഹാരങ്ങൾ,ഒട്ടേറെ സിനിമാഗാനങ്ങൾ, കൂടാതെ മഹാകവി കുമാരനാശാന്റെ ദുരവസ്ഥ എന്ന ഖണ്ഡകാവ്യത്തിന്റെ നാടകാവിഷ്‌കരണം. അങ്ങനെ ഈ രംഗത്ത് മികച്ച സംഭാവനകൾ നൽകാൻ കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യം ഉണ്ട്.

 മാറുന്ന കാലത്തിൽ കവിതയും മാറണമെന്ന അഭിപ്രായമുണ്ടോ ?

കാലഘട്ടത്തിനനുസരിച്ച് ഉള്ള മാറ്റം കവിതയിലുമുണ്ടാകണം. അതിലൂടെ നമ്മുടെ തനതായ പാരമ്പര്യത്തിലേയ്ക്ക് തിരിച്ചു വരണം.

 സമൂഹത്തിലുണ്ടാകുന്ന സംഭവങ്ങളിൽ കവിതകളും പ്രതികരിക്കേണ്ടതില്ലേ ?

തീർച്ചയായും പ്രതികരിക്കണം.അത് കവികളുടെ ബാധ്യതയാണ്. മനുഷ്യനന്മയ്ക്കുവേണ്ടിയാണ് പ്രതികരിക്കേണ്ടത്. മനുഷ്യ മനസ്സിൽ അടിഞ്ഞു കിടക്കുന്ന മാലിന്യങ്ങളെ കഴുകി കളയാൻ അത് ആവശ്യമാണെന്ന് തത്വചിന്തകനായ അരിസ്‌റ്റോട്ടിൽ പറഞ്ഞിട്ടുണ്ട്. ഈ പ്രപഞ്ചത്തിനു മുഴുവനും നന്മ ചെയ്യുവാനുള്ള ഉത്തരവാദിത്വം കവികൾക്കുള്ളതാണെന്ന് വാത്മീകിയും ഉണർത്തിയിട്ടുണ്ട്. എഴുത്തച്ഛൻ, പി.ഭാസകരൻ, വള്ളത്തോൾ തുടങ്ങിയവരുടെ കവിതകൾ ഇതിന് ഉദാഹരണങ്ങളാണ്.

കവിയരങ്ങുകൾ, അക്ഷരശ്ലോകസദസ്സുകൾ, എന്നിവ വലിയൊരു സാംസ്‌കാരിക അനുഭവമായിരുന്നു. കേരളത്തിൽ എന്നാൽ ഇന്ന് അത്തരം വേദികളിൽ പുതിയതലമുറയുടെ സജ്ജീവസാന്നിദ്ധ്യം ഇല്ലാതെ പോകുന്നു എന്താണ് ഇതെക്കുറിച്ച് അഭിപ്രായം.?

ദ്യശ്യമാധ്യമങ്ങളുടെ കടന്നുവരവാണ് പ്രധാനം. മറ്റൊന്ന് പുസ്തകവായന പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല എന്നതാണ്. ഇന്നത്തെ കുട്ടികൾ കൂടുതലായി ഈ കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല. കവിത എഴുതാൻ ചില നിയമങ്ങൾ ഉണ്ട്. വ്യത്തം,അലങ്കാരം, പ്രാസം, എന്നിവയൊക്കെ അതിന്റെ ഭാഗങ്ങളാണ്. കവിത ചന്തോബദ്ധവുമായിരിക്കണം. ഭാവതലം അറിയാവുന്ന കവികൾ ഇപ്പോൾ തീരെ ഇല്ലെന്നാണ് എന്റെ പക്ഷം.

ആലപ്പുഴ ജില്ലയിലെ ചുനക്കര എന്ന ഗ്രാമത്തിൽ ജനനം. അച്ഛൻ ക്യഷ്ണൻ, അമ്മ നാരായണി.1958ൽ വ്യവസായ-വാണിജ്യ വകുപ്പിൽ ഉദ്യോഗസ്ഥനായി തിരുവനന്തപുരത്തെത്തി ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥാ,കവിത, ലേഖനം മുതലായവ എഴുതി സാഹിത്യ പ്രവർത്തനത്തിലെത്തി. ആകാശവാണിയിലൂടെ ഒട്ടേറെ നാടകഗാനങ്ങൾ, ലളിത ഗാനങ്ങൾ, മുതലായവ സംപ്രേഷണം ചെയ്തിട്ടുണ്ട്.

ലേഖകൻ കടയ്ക്കാവൂർ പ്രേമചന്ദ്രൻനായർ കവിയും ഗാനരചയിതാവുമായ ശ്രീ.ചുനക്കര രാമൻകുട്ടിയുമായി നടത്തിയ അഭിമുഖം.

 

Share

Leave a Reply

Your email address will not be published. Required fields are marked *