മലയാള സിനിമയ്ക്കും, സംഗീതലോകത്തിനും വലിയ സംഭാവനകൾ നൽകിയ മഹത് പ്രതിഭയാണ് ശ്രീകുമാരൻ തമ്പി. ഗാനരചയിതാവ്, സംവിധായകൻ, കവി, സംഗീത സംവിധായകൻ, സിനിമാനിർമ്മാതാവ് എന്നീ രംഗങ്ങളിലെല്ലാം അദ്ദേഹം ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തിയത്.കൈരളിയുടെ അനുഗ്രഹമായ ഈ സർഗ്ഗപ്രതിഭയുമായി പീപ്പിൾസ്‌റിവ്യൂ റിപ്പോർട്ടർ കടയ്ക്കാവൂർ പ്രേമചന്ദ്രൻനായർ നടത്തിയ അഭിമുഖം
കവി, ഗാനരചയിതാവ്, സംവിധായകൻ, സംഗീത സംവിധായകൻ, നിർമ്മാതാവ് എന്നീ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള അങ്ങ് സ്വന്തം കഴിവ് പൂർണ്ണമായും പ്രകടിപ്പിച്ചു എന്ന് തോന്നുന്നത് ഏത് മേഖലയിലാണ്?
എല്ലാ മേഖലകളിലും പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു സിനിമാനിർമ്മാതാവ് എന്ന നിലയിൽ വിട്ടുവീഴ്ച ചെയ്യാറുണ്ട്. അതായത് ശ്രീകുമാരൻ തമ്പി എന്ന നിർമ്മാതാവും ശ്രീകുമാരൻതമ്പി എന്ന സംവിധായകനും തമ്മിൽ ആശയപരമായ ഒരു സംഘട്ടനമുണ്ട്. ബുദ്ധിപരമായ സത്യസന്ധത നിലനിർത്തണമെങ്കിൽ നിർമ്മാതാവ് ഒരുപാട് നഷ്ടം
സഹിക്കേണ്ടി വരും. ശ്രീകുമാരൻതമ്പി എന്ന നിർമ്മാതാവിന് വലിയ നഷ്ടങ്ങൾ വന്നിട്ടുണ്ട്.
പദഭംഗിയും, അർത്ഥസംപുഷ്ടവും, കാവ്യാത്മകവുമായ പഴയ നിത്യഹരിതഗാനങ്ങൾ എന്നെന്നും മനസ്സിൽ നിറഞ്ഞു നിൽക്കും.അത്തരം ഗാനങ്ങൾ എഴുതാൻ ഇന്നത്തെ കവികൾക്ക് കഴിയാത്തതാണോ? അതോ കാലഘട്ടത്തിന്റെ മാറ്റം ആണോ?
ഇന്നത്തെ കവികളെ ഞാൻ ഒരിക്കലും കുറ്റം പറയില്ല. ഇന്നത്തെ കവികൾ മോശക്കാരാണെന്നും പറയില്ല. റഫീക്ക് അഹമ്മദ് നല്ല കവിയാണ്. കുടാതെ വയലാർ ശരത് ചന്ദ്ര വർമ്മയും മെച്ചപ്പെട്ട ഗാനങ്ങൾ എഴുതാറുണ്ട്. കലയും കാലവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. എഴുത്തച്ഛനും, മഴമംഗലം നമ്പൂതിരിയും, ചെറുശ്ശേരിയും എഴുതിയ ശൈലിയല്ല ഇന്ന്, കാലഘട്ടമനുസരിച്ച് എല്ലാ മേഖലയിലും മാറ്റം വരും.
പ്രണയഗാനങ്ങൾ എഴുതുന്നതിൽ അങ്ങയെപ്പോലെ ഇത്രത്തോളം പ്രാഗത്ഭ്യമുള്ള മറ്റൊരു കവി ഇല്ല എന്ന് തന്നെ പറയാം. ഇത്തരം ഗാനങ്ങൾ എഴുതാൻ അങ്ങേയ്ക്ക് പ്രചോദനമേകിയ ഘടകങ്ങൾ?
പ്രകൃതി തന്നെ പ്രണയനിർഭരമാണ്. അതിന് പറയുന്നതു ”നെവർ സെ ഗുഡ് ബൈ”. സൂര്യനെ ഭൂമി ചുറ്റുന്നു എന്തുകൊണ്ട് എന്നാൽ ഭൂമി സൂര്യനെ പ്രണയിക്കുന്നു. അതുപോലെ ഭൂമിയെ ചന്ദ്രൻ ചുറ്റുന്നു ഭൂമിയെ ചന്ദ്രൻ പ്രണയിക്കുന്നു. പിന്നെ കാറ്റും മരങ്ങളും, ഇളം കാറ്റിൽ ഇലകൾ ആടുന്ന നദിയും തീരവും, പൂവും ശലഭങ്ങളും എന്ന പോലെ ഈ പ്രപഞ്ചത്തിലെവിടെ നോക്കിയാലും പ്രണയം കാണാം. പ്രണയവും പ്രകൃതിയും കൂടി ചേരുന്നത് ഒരു ബിംബമാണ്.
തമ്പിസാറിന്റെ വരികൾ.
‘പ്രണയത്തിന് മൃതിയുണ്ടോ
വസുന്ധരഭ്രമണ ചെയ്വതെ പ്രണയത്തിനാൽ’
പ്രണയത്തിന് മരണമില്ല. മരണമില്ലാത്ത വികാരം.
കവിത ഗാനമായും, സിനിമാപാട്ടുകളായും, പാട്ട് ശബ്ദമായും,പിന്നീടത് വാക്കുകളായും രൂപാന്തരപ്പെട്ടു വരുന്ന ഈ കാലത്ത് ഒരു ഗാനരചയിതാവിനെ സിനിമയ്ക്കാവശ്യമുണ്ടോ?
അതായത് പഴയ കാഘഘട്ടത്തിൽ ആസ്വാദകർ സിനിമ കാണുന്നത് അതിലെ പാട്ടുകൾ മാത്രം നോക്കിയായിരുന്നു. ഇന്നത്തെ
സിനിമകൾക്ക് പാട്ട് ആവശ്യമില്ല. പണ്ട് കഥാപാത്രത്തിന്റെ മനസ്സ് കാണിക്കുകയാണ് പാട്ടുകളിലൂടെ.
രചന – വയലാർ.
ഉദാ: വാഴ്‌വേമായത്തിലെ ഗാനം
”ചലനം …. ചലനം”
പാട്ടുകളുടെ മഹത്വം കൊണ്ട് മാത്രം ഓടുന്ന പടങ്ങൾ ഉണ്ടായിരുന്നു.
ഉദാ: പിക്‌നിക് എന്ന ചിത്രം.
അന്നത്തെ പാട്ടുകളുമായി ഇന്നത്തെ പാട്ടുകൾ താരതമ്യം ചെയ്യുന്നതും ശരിയല്ല. അന്നത്തെ ലക്ഷ്യം അതായിരുന്നു. അന്നത്തെ പാട്ടുകൾ കഥാപാത്രങ്ങളുടെ മനസ്സ് ചിത്രീകരിക്കാൻ വേണ്ടിയായിരുന്നു. ഇന്നത്തെ പ്രേമഗാനങ്ങൾ പോലും സംഘനൃത്തങ്ങൾക്ക് വേണ്ടിയാണ് ഇവിടെ താരതമ്യത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. താരങ്ങൾക്ക് പ്രാധാന്യം കൊടുത്തു സിനിമ വരുമ്പോൾ പാട്ടുകൾക്ക് പഴയ നിലവാരം പുലർത്താനാകും.
സിനിമാ രംഗത്ത് ഏതാണ്ട് അരനൂറ്റാണ്ട് പരിചയമുള്ള അങ്ങേയ്ക്ക് സിനിമ എന്തു പാഠമാണ് നൽകിയത്?
സിനിമ എന്ന കല തന്നെ വഞ്ചനയുടെ കലയാണ്. തിരശ്ശീലയിൽ നിഴൽ കാണിച്ച് അത് ജീവനുള്ള രൂപമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതാണ് സിനിമ. സിനിമ ഷൂട്ട് ചെയ്യണമെങ്കിൽ ധാരാളം പ്രകാശം വേണം. പക്ഷേ സിനിമ പ്രദർശിപ്പിക്കുന്നത് ഇരുട്ടത്താണ്. ഇതേക്കുറിച്ച് പഴയ ഹാസ്യനടൻ എസ്.പി.പിള്ള അദ്ദേഹത്തിന്റെ ശൈലിയിൽ പറഞ്ഞിട്ടുണ്ട്.
”വെളിച്ചത്ത് പിടിച്ച് ഇരുട്ടത്ത് കാണിയ്ക്കുന്ന സാധനമാണ് സിനിമ എന്ന്.” അപ്പോൾ ആ രംഗത്ത് വഞ്ചന വിജയിക്കുന്നെങ്കിൽ അത്ഭുതപ്പെട്ടിട്ടു കാര്യമില്ല. സിനിമയിൽ ആത്മാർത്ഥത എന്ന വാക്കിന് യാതൊരു സ്ഥാനവുമില്ല. അന്നന്നത്തെ രാജാവിനെ വാഴ്ത്തുന്ന പ്രജകളാണ് ഇന്നുള്ളത്. അഭിമാനത്തിന് വില കൽപ്പിക്കുന്നവന് സിനിമയിൽ പെട്ടെന്ന് വളരാൻ കഴിയില്ല.
യാഥാർത്ഥ്യങ്ങളും മിഥ്യയും കൂടി കുഴഞ്ഞ ഒരു ദൃശ്യ സങ്കൽപമാണല്ലോ സിനിമ. കച്ചവട താൽപര്യങ്ങൾക്കപ്പുറത്ത് സിനിമയിൽ നിന്ന് ഒരു പ്രേക്ഷകൻ എന്താണ് പ്രതീക്ഷിക്കേണ്ടത്?
ഒരു വിഭാഗം സിനിമ ആൾക്കാരെ വിനോദിപ്പിക്കുന്നു, അവിടെ യുക്തിക്കോ വിമർശനത്തിനോ യാതൊരു ലക്ഷ്യവുമില്ല. രണ്ടാമത്തേത് ശുദ്ധ സിനിമയാണ്. ലക്ഷ്യ ബോധമുള്ള ഒരു സംവിധായകൻ തന്റെ ഇഷ്ടത്തിനൊത്ത് എടുക്കുന്ന സിനിമ. അതിന് പല ലക്ഷ്യങ്ങളുണ്ട്. അത് തികച്ചും ഒരു കലാസൃഷ്ടിയാണ്.ഒരു സംവിധായകനെന്ന നിലയിൽ ഈ രണ്ട് തരം സിനിമയും എടുത്തിട്ടുള്ള ആളാണ് ഞാൻ. ഗാനവും, മോഹിനിയാട്ടവും സംവിധാനം ചെയ്ത ഞാൻ തന്നെയാണ്, നായാട്ടും പുതിയ വെളിച്ചവും സംവിധാനം ചെയ്തത്. തികച്ചും കലാമൂല്യമുള്ള ചിത്രം. ഇത് ജനങ്ങൾക്ക് വേണ്ടി എടുത്തു.
പിന്നെ പി.ഭാസ്‌ക്കരൻ മാഷ്, എ.വിൻസന്റ്, സേതുമാധവൻ, എം.കൃഷ്ണൻനായർ, ശശികുമാർ, എ.ബി.രാജ് തുടങ്ങിയവർ അന്നൊക്കെ സംവിധായകർക്കായിരുന്നു പ്രാധാന്യം. പിന്നീട് 80 കളിൽ താരങ്ങൾക്ക് പ്രാധാന്യം വന്നു. 80 കൾക്ക് ശേഷം മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങൾ വരികയും സിനിമ താരകേന്ദ്രീകൃതമാകുകയും ചെയ്തു. ഇപ്പോൾ സിനിമകളെ കുറിച്ചു പറയുമ്പോൾ സംവിധായകരെ പറ്റി പറയില്ല താരങ്ങളെക്കുറിച്ചാണ് പറയുന്നത്. ഇത് മലയാള സിനിമയെ മാറ്റി മറിച്ച സാരമായ പരിവർത്തനമാണ് ഇതിന്റെ അനന്തര ഫലം നാമിപ്പോൾ അനുഭവിയ്ക്കുന്നു.
”മാളിക പണിയുന്നവർ” എന്ന സിനിമയ്ക്ക് ശേഷം അത്തരം സിനിമകൾ താങ്കൾ എന്തുകൊണ്ടാണ് എടുക്കാത്തത്?
ജനം കാണാത്തതുകൊണ്ട്.
സാറിന്റെ കുടുംബത്തെപ്പറ്റി?
പുല്ലൂർ തമ്പിമാർ എന്നറിയപ്പെടുന്ന നാടുവാഴി കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അതിന് പുല്ലൂർ മഠം വലിയ കൊട്ടാരം, ഊഞ്ഞാൽ മഠം, മേടയിൽ, കരിമ്പാലേത്ത് എന്നീ വിവിധ വീടുകൾ. എല്ലാം തന്നെ നാലു കെട്ടുകളായിരുന്നു. കരിമ്പലേത്തു വീട്ടിലാണ് ഞാൻ ജനിച്ചത്. അച്ഛൻ കൃഷ്ണപിള്ള താങ്കൾ, അമ്മ ഭവാനി അമ്മ തങ്കച്ചി.
പുത്തൂർ താങ്കൾമാർ എന്നറിയപ്പെട്ടിരുന്ന കുടുംബത്തിലാണ് അച്ഛൻ ജനിച്ചത്. ഓണാട്ടുകരയുടെ രാജാവ് നൽകിയ സ്ഥാനപ്പേരായിരുന്നു.താങ്കൾ എന്നത് ഒറ്റ കുടുംബമേയുള്ളൂ. തമ്പി സ്ഥാനം തിരുവിതാംകൂർ രാജാവ് തന്നു.തമ്പിരാജേന്ദ്രൻ എന്നാണ് സ്ഥാനപ്പേർ. പുത്തൂർ വീട്ടിൽ തമ്പിരാജേന്ദ്രൻ എന്ന സ്ഥാനപ്പേരുള്ള ചാത്തുതമ്പി പത്മനാഭൻ തമ്പി ശ്രീകുമാരൻ തമ്പി എന്നാണ് മുഴുവൻ പേര് (പഴയ ഭാഗപത്രത്തിൽ ഇതാണ്).
പിന്നെ എന്റെ ഭാര്യയുടെ പേര് രാജേശ്വരി എന്നാണ്. രാജി എന്ന് വിളിക്കും. മക്കൾ രണ്ട് പേർ. കവിതയും ,രാജകുമാരനും. വളർത്തു പുത്രി പൂർണ്ണിമ.
ചെറുമക്കൾ : കവിതയുടെ മകൾ വരദ
രാജകുമാരന്റെ മക്കൾ : തന്മയ, തനയ
വളർത്തു പുത്രി പൂർണ്ണിമയുടെ മകൻ : അംജിത്ത്
വയലാർ ഭാസ്‌ക്കരൻ മാഷ്, ഒ.എൻ.വി എന്നീ ഗാന പ്രതിഭകൾ കത്തിനിൽക്കുന്ന സമയത്താണ് താങ്കൾ എഴുതിത്തുടങ്ങുന്നത്. അവസാനമായി ഏതെങ്കിലും തരത്തിലുള്ള രചനാമത്സരം ഉണ്ടായിട്ടുണ്ടോ?
എന്റെ ചോദ്യത്തിന് ശാന്തമായി മന്ദഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
അവർ മൂന്ന് പേരെയും പോലെ എഴുതാൻ കഴിയണം. എന്ന ആഗ്രഹം ഉണ്ടായിരുന്നു. അതിനായി കഠിനമായി പരിശ്രമിച്ചു. ഇന്ന് അവർക്കൊപ്പം എത്താൻ കഴിഞ്ഞത് എന്റെ ഭാഗ്യം. അഞ്ഞൂറോളം ചലച്ചിത്രഗാനങ്ങളാണ് എന്റെ ഗാനരചനയിലുള്ളത്. ഇത്രയും ആലപിച്ച ഒരു ഗായകൻ യേശുദാസാണ്. പിന്നെ ജയചന്ദ്രന് വേണ്ടി 194 ഗാനങ്ങൾ എഴുതുകയുണ്ടായി. ബ്രഹ്മാനന്ദൻ പാടിയ പകുതി പാട്ടുകളും എന്റേതാണ്. കൂടാതെ ലളിതഗാനങ്ങളും മറ്റും ഉണ്ട്.
35 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ഒരു ചിത്രം എടുത്തു. ”അമ്മയ്‌ക്കൊരു താരാട്ട്. മധുവിനേയും ശാരദയേയും മുഖ്യ കഥാപാത്രങ്ങളാക്കി കൊണ്ട് സുരാജ് വെഞ്ഞാറമൂട്, ലക്ഷ്മി ഗോപാലസ്വാമി , മാമുക്കോയ, ഇന്ദ്രൻസ്, ബിന്ദു പണിക്കർ, സായ്കുമാർ ഇവരെ കൂടാതെ പുതുമുഖങ്ങളായി വേണു ചിത്രാലയ കഥകളി നർത്തകി, താരാവർമ്മ എന്നിവരുമുണ്ട്.
ദക്ഷിണാമൂർത്തിസ്വാമി സംഗീതം പകർന്ന പാടുന്ന പുഴ എന്ന ചിത്രത്തിലെ ഒരു ഗാനം ഉണ്ടെല്ലൊ ”ഹൃദയസരസിലെ പ്രണയപുഷ്പമേ” എന്ന് തുടങ്ങുന്ന ഇത് സാറിന്റെ ഭാര്യക്ക് വേണ്ടി എഴുതിയതാണെന്നു പറഞ്ഞു കേട്ടിട്ടുണ്ടല്ലോ ?
അതു ശരിയാണ്.