തിരുവനന്തപുരം: ബുധനാഴ്ച മുതൽ സംസ്ഥാനത്ത് നടത്താനിരിക്കുന്ന സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല സമരത്തിൽ നിന്നും ബസ്സുടമാ സംയുക്ത സമര സമിതി പിൻമാറണമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ.
സമര സമതി ഉന്നയിച്ച പ്രശ്‌നങ്ങളിൽ സർക്കാർ അനുഭാവപൂർവ്വമായ നടപടികൾ സ്വീകരിച്ചുവരികയാണ്. ബസ് ചാർജ്ജ് വർധിപ്പിക്കുന്നതിന് വിവിധ നടപടിക്രമങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ ആരംഭിക്കുകയും വിവിധ വിഭാഗങ്ങളുടെ ഭാഗം കേട്ടുവരികയുമാണ്. കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാരിന് ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതു ഗതാഗത രംഗത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്റ്റേജ് കാര്യേജുകളുടെ വാഹന നികുതി നിരക്ക് സർക്കാർ വെട്ടിക്കുറച്ചിട്ടുണ്ട്. ഇതുപോലുള്ള മറ്റ് അനുകൂല നടപടികളും സ്വീകരിച്ചുവരുന്നുണ്ട്. വിവിധ പരീക്ഷകൾ നടന്നുവരുന്ന സമയം കൂടി ആയതിനാൽ വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും പ്രയാസമുണ്ടാക്കുന്ന സമര പരിപാടികളിൽ നിന്നും ബസ്സുടമകൾ പിൻമാറണം. കൊറോണ രോഗത്തിന്റെ ഭീഷണി നേരിട്ടുവരുന്ന ഈ സമയത്ത് സർക്കാരിന്റെ നടപടികളുമായി ഇപ്പോൾ ബസ്സുടമകൾ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.