വാസ്തുശിൽപ കലയിലെ അതികായൻ

വാസ്തുശിൽപ കലയിലെ അതികായൻ

കോഴിക്കോടിന്റെ മുഖമായ മാനാഞ്ചിറ, കെ.എസ്.ആർ.ടി.സി ടെർമിനൽ, ബീച്ച് നവീകരണം, കോഴിക്കോട് കോർപ്പറേഷൻ ഓഫീസ്, ഫാത്തിമ ഹോസ്പിറ്റൽ കോഴിക്കോട്, മലപ്പുറത്തെ കോട്ടക്കുന്ന് പാർക്ക്, തിരൂരിലെ തുഞ്ചൻ പറമ്പ്, ഇരിങ്ങൽ ക്രാഫ്ട്‌സ് വില്ലേജ് തുടങ്ങിയ ഒട്ടനവധി ചരിത്രപ്രധാനമായ കെട്ടിടങ്ങൾ നിർമ്മിച്ച് ആർക്കിടെക്ചർ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത ആർക്കിടെക്ട് ആർ.കെ രമേഷ് പീപ്പിൾസ് റിവ്യൂവിനോട് സംസാരിക്കുന്നു.

വിസ്മയ പി.

ഓലമേഞ്ഞ വീടുകളും ഓടിട്ട കെട്ടിടങ്ങളും വിസ്മൃതിയിൽ മറഞ്ഞു. ഇത് അംബരചുംബികളായയ കെട്ടിടങ്ങളുടെയും ഡിസൈനർ വീടുകളുടേയും, ഓൺലൈനിൽ വീട് പാഴ്‌സലായി വാങ്ങുന്നവരുടെയും കാലമാണ്. കെട്ടിട നിർമ്മാണത്തിൽ ആർക്കിടെക്ചറിനുള്ള പങ്ക് വളരെ വലുതാണ്. നഗരത്തിന്റെ മുഖത്തിന് മോടി കൂട്ടുന്ന കെട്ടിടങ്ങൾ നിർമ്മിക്കുന്നതിലും ഭവനനിർമ്മാണത്തിലും ആർക്കിടെക്ചർ ഒഴിവാക്കാൻ സാധിക്കാത്ത ഘടകമായി മാറിയിരിക്കുന്നു. ഇന്നത്തെ മാത്രമല്ല നാളെ യുഗത്തിന്റെ കൂടി മുഖമാണ് ഒരു ആർക്കിടെക്റ്റ് നിർമ്മിക്കുന്നത്. അത്തരം ദീർഘദർശനമാണ് അവരെ നിലനിർത്തുന്നത്.

താങ്കൾ ആർക്കിടെക്ചർ മേഖലയിലേക്ക് വരാനുള്ള കാരണമെന്താണ്?

ഞാൻ ആർക്കിടെക്ചറിന് പോണമെന്ന് കരുതി തന്നെയാണ് പഠനമാരംഭിച്ചത്. പക്ഷേ അതിനു വേണ്ടി ഒരുപാട് ത്യാഗങ്ങൾ സഹിക്കേണ്ടിവന്നു. ആദ്യം കോതമംഗലം മാർതെരേസാസ് കോളേജിൽ ജോയിൻ ചെയ്തതാണ്. പക്ഷെ അവിടെ ചെന്നപ്പോഴാണ് മനസ്സിലായത് അവിടെ ആർകിടെക്ചർ ഇല്ല സിവിൽ എഞ്ചിനിയറിംഗ് മാത്രമേ ഉള്ളൂവെന്ന്. അതുകൊണ്ട് അന്ന് ഞാൻ വീട്ടുകാർ പോലും അറിയാതെ തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫർ വാങ്ങിച്ചു. അങ്ങനെയാണ് ആർക്കിടെക്ചറിലേക്ക് എത്തിയത്.

തിരുവനന്തപുരത്താണ് താങ്കൾ ഓഫീസ് തുടങ്ങാനിരുന്നത് എന്നാൽ കോഴിക്കോടാണ് ഓഫീസ് തുടങ്ങിയത് എന്താണ് ഇതിനു പിന്നിലുള്ള കാരണം?

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം ആയിരുന്നു അത്. തിരുവനന്തപുരത്ത് ഞാൻ ഓഫീസൊക്കെ എടുത്ത് ലെറ്റർ ഹെഡ് ഒക്കെ പ്രിന്റ് ചെയ്തതാണ്. എന്നാൽ അതിനിടെ ഒരു മാര്യേജ് ഫംഗ്ഷനിൽ പങ്കെടുക്കാനായി കോഴിക്കോട്ടേക്ക് വന്നതാണ്. അപ്പോഴാണ് മനസ്സിലാക്കിയത് കോഴിക്കോട് ക്വാളിഫൈഡ് ആർക്കിടെക്ട് ഇല്ലെന്ന.് അന്ന് ഇവിടെ വന്നത് ഒരു പരിചയവും ഇല്ലാതെയാണ് എന്നാൽ ഒരു പരിചയവും ഇല്ലാതെ വന്ന എന്നെ റെക്കമെന്റ് ചെയ്തതും വേണ്ട പ്രോത്സാഹനം തന്ന് എന്നെ അംഗീകരിക്കുകയും ചെയ്തത് വലിയ കാര്യമാണ്. പിന്നീടാണ് എന്നെ പോലെ ഒന്നോ രണ്ടോ പേർ വന്നത്. അതുവരെ ആർക്കിടെക്ചർ ക്വാളിഫിക്കേഷൻ ഇല്ലാത്ത സിവിൽ എഞ്ചിനിയേഴ്‌സ് ആയിരുന്നു ഇവിടെ വർക്ക് ചെയ്തിരുന്നത്.

എത്ര വർഷമായി താങ്കൾ ഈ മേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്?

ഏകദേശം 50 വർഷമായി, അതു ഞാൻ ഓർത്തിരിക്കാൻ കാരണം തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിലെ 6-ാം ബാച്ച് ആയിരുന്നു ഞങ്ങൾ . കഴിഞ്ഞ വർഷമാണ് ഞങ്ങൾ അവിടെ നിന്ന് പഠിച്ചിറങ്ങിയിട്ട് 50 വർഷമായെന്ന് ഞാൻ അറിഞ്ഞത്.

തുടക്കകാലത്തെ അങ്ങയുടെ അനുഭവങ്ങൾ എന്തെല്ലാമായിരുന്നു?

ആദ്യകാലത്തൊക്കെ വളരെയധികം നെഗറ്റീവ് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതങ്ങനെയാണ്, അന്ന് ആർക്കിടെക്ചർ എന്താണെന്ന് പോലും ആളുകൾക്ക് ബോധ്യമില്ല. അത് ഞങ്ങൾ അവരെ പഠിപ്പിക്കുകയാണ് ചെയ്തത്. ടൗൺഹാളിൽ വെച്ച് ക്ലാസ് എടുത്തിരുന്നു. അന്നത്തെ മേയർ പി.ടി മധുസൂദനക്കുറിപ്പി ന്റെ സാന്നിധ്യത്തിൽ അവുക്കാദർ കുട്ടി നഹ യാണ് അത് ഉദ്ഘാടനം ചെയ്തത്. അതൊരു എക്‌സിബിഷൻ തന്നെയായിരുന്നു. എന്താണ് ആർക്കിടെക്ചർ എന്ന് ആളുകൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. പിന്നെ അന്നൊക്കെ ചെറിയ ബില്ലുകൾ പാസ്സാവാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ആളുകൾ അത്ഭുതപ്പെടുകയായിരുന്നു. വീടിന്റെ ചിത്രം വരയ്ക്കാൻ ഇത്രയും പണം വേണമോ എന്ന്. പക്ഷേ പിന്നീട് അവർക്കിതിന്റെ കാര്യം മനസ്സിലായി. വീടിന്റെ സ്ട്രക്ച്ചറിൽ ലാഭിക്കുന്ന പണത്തിന്റെ ചെറിയൊരു അംശം മാത്രമേ ഫീസായി വരുമായിരുന്നുള്ളു.

കോഴിക്കോടിന്റെ ടൂറിസം മേഖലയെ പറ്റി സാറിന്റെ അഭിപ്രായം എന്താണ്?

കോഴിക്കോട് വളരെ നല്ല സ്ഥലമാണ്. പക്ഷെ ആളുകളുടെ ശീലങ്ങളും, വൃത്തിഹീനമായ അന്തരീക്ഷവും ആണ് കോഴിക്കോടിന്റെ മുഖം നശിപ്പിക്കുന്നത്. ഇവിടുത്തെ ഭക്ഷണത്തിന്റെ രുചി കാരണമാണ് കോഴിക്കോട് ഒരു ഫുഡ് ഹബ്ബായി മാറിയത്. എന്നാൽ ഒരാളോട് വഴി ചോദിച്ചിട്ട് പറഞ്ഞു കൊടുത്താൽ നന്ദി പറയാൻ പോലും നമ്മൾ മറന്നു പോവുകയാണ്. വൃത്തികേടിന്റെ കേന്ദ്രമായിക്കൊണ്ടിരിക്കുകയാണ് ഇവിടം. ഞാൻ ഒരുപാട് യാത്രചെയ്യുന്ന ആളാണ് പുറം നാടുകളിലൊന്നും ഞാൻ ഇതുപോലെ മാലിന്യം കൂട്ടിയിടുന്നത്. കണ്ടിട്ടില്ല. നേരം പുലരുന്നതിനു മുൻപു തന്നെ അവിടെ മാലിന്യങ്ങൾ നിർമ്മാർജ്ജനത്തിനായി കൊണ്ടുപോവുന്നു. എന്നാൽ ഇവിടെ മാലിന്യം പ്രദർശന വസ്തുവാണ്. അതിനാൽ തന്നെ ടൂറിസ്റ്റുകൾ ഇവിടേക്കു വരാൻ താൽപര്യപ്പെടില്ല. ഇന്ത്യയിൽ ട്രെയിനിൽ യാത്ര ചെയ്തവർക്കറിയാം ടോയ്‌ലറ്റിലെ മഗ്ഗ് ചങ്ങലയിൽ ബന്ധിപ്പിച്ചു വച്ചിരിക്കും. അത് നമ്മുടെ സ്വഭാവമാണ് കാണിക്കുന്നത്. കാരണം തരം കിട്ടിയാൽ നമ്മളത് മോഷ്ടിച്ചു കൊണ്ടുപോകും. അത് തെറ്റായ കാര്യമാണ്. ആഫ്രിക്കയിലെ ഫോറസ്റ്റുകളിലെ ബാത്ത്‌റൂമിൽ പോലും ലിക്വിഡ് സോപ്പും, ടിഷ്യുവും വെച്ചിട്ടുണ്ട്. അത് ആരും എടുത്ത് കൊണ്ടുപോകില്ല. എന്നാൽ ഇവിടെ അതല്ല സ്ഥിതി. ഞാൻ ഡൽഹി എക്‌സ്പ്രസ്സിലെ ഉയർന്ന ഉദ്യോഗസ്ഥനോട് ഒരിക്കൽ എന്തുകൊണ്ടാണ് അവർ ലിക്വിഡ് സോപ്പും, ടിഷ്യുവും വെക്കാത്തതെന്നു ചോദിച്ചു. അവർ പറഞ്ഞത് മുൻപ് ഞങ്ങളത് വെച്ചിരുന്നു പക്ഷേ ആളുകൾ ടിഷ്യുവും, ലിക്വിഡ് സോപ്പും മുഴുവനായും എടുത്തു കൊണ്ടുപോവാൻ തുടങ്ങി അതിനാൽ നിർത്തിയെന്നാണ്. ഇത്തരം വികലമായ സ്വഭാവങ്ങൾ മാറ്റുക തന്നെ വേണം.
ഹോട്ടലുകൾ ഏറെയുള്ള നാടാണിത്. എന്നാൽ എത്ര ഹോട്ടലുകളിൽ നമുക്ക് വിശ്വാസത്തോടെ ഭക്ഷണം കഴിക്കാൻ കഴിയും? വിരലിലെണ്ണാവുന്നവ മാത്രം. ചില ഹോട്ടലുകളുടെ പിൻ ഭാഗത്തു ചെന്നു നോക്കിയാൽ നമുക്കു പിന്നെ അവിടെ നിന്ന് ഭക്ഷണം കഴിക്കാൻ തോന്നില്ല. അത്രയ്ക്കും വൃത്തിഹീനമാണ് അവിടം. ദുബായ് പോലുള്ള നഗരങ്ങളിൽ ചെറിയ ഹോട്ടലുകളിൽ നിന്നുപോലും നമുക്ക് പേടികൂടാതെ ഭക്ഷണം കഴിക്കാം. കാരണം അവർ വൃത്തിയോടെയാണ് പാചകം ചെയ്യുന്നതും, പരിസരം സൂക്ഷിക്കുന്നതും. പിന്നെ അധികാരികൾ വൃത്തിഹീനമായ രീതിയിൽ കടകൾ കണ്ടാൽ അത് തീർച്ചയായും പൂട്ടിച്ചിരിക്കും. ഓപ്പൺ കിച്ചൺ രീതിയാണ് വേണ്ടത്. ഭക്ഷണം പാകം ചെയ്യുന്നത് കഴിക്കുന്നവന് കാണുവാൻ സാധിക്കണം. ശുചിത്വത്തിലും, സ്വഭാവത്തിലും ശ്രദ്ധ ചെലുത്തിയാൽ ടൂറിസം ഇവിടെ പച്ചപിടിക്കും. ക്രൊയേഷ്യ പോലുള്ള രാജ്യങ്ങളെ നാം കണ്ടു പഠിക്കേണ്ടതാണ്. അവിടെ മുഴുവൻ രണ്ടുനില കെട്ടിടങ്ങളാണ് അതും ഓടിട്ടത്. 25 വർഷം മുമ്പ് മാനാഞ്ചിറ രൂപകൽപ്പന ചെയ്യാൻ നിർദ്ദേശിച്ച കളക്ടറെ പിന്നീട് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് കോഴിക്കോട് മുഴുവൻ ഓടിട്ട കെട്ടിടങ്ങൾ വരേണ്ടതായിരുന്നു എന്നാണ്. യഥാർത്ഥത്തിൽ നമുക്ക് മൾട്ടി സ്‌റ്റോറിഡ് ബിൽഡിംഗ്‌സിന്റെയൊന്നും ആവശ്യമില്ല. ലോ റൈസ് ഹൈ ഡെൻസിറ്റി പ്ലാനിംഗ് എന്ന ആശയത്തിൽ ഉള്ള പ്ലാനുകൾ തയ്യാറാക്കുകയാണ് വേണ്ടത്

ഈയടുത്ത് സാറിനെ ആകർഷിച്ച പദ്ധതികൾ ഏതെങ്കിലും ഉണ്ടോ?

കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് ഒന്നരയേക്കർ സ്ഥലത്ത് ഓടുകൊണ്ടും ഹോളോ ബ്ലോക്കുകൾ കൊണ്ടും 70 ഓളം വീടുകൾ നിർമ്മിച്ച് നൽകുവാൻ കേരള ഹൗസിംഗ് ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇത് പ്രവാസികൾക്കുവേണ്ടിയുള്ളതാണ്. 3 ബെഡ്‌റൂം അടങ്ങിയ വീട് സ്ഥലം ഉൾപ്പെടെ 15 ലക്ഷം രൂപയ്ക്ക് കൊടുക്കും. എന്നാണവർ പറയുന്നത്. കഷ്ടപ്പാടും, ദുരിതവും പേറി അന്യനാടുകളിൽ ജീവിക്കുന്ന പല പ്രവാസികൾക്കും വീടെന്നത് ഒരു സ്വപ്നം മാത്രമാണ്. അത്തരക്കാരെ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.

ബിൽഡിംഗുകൾ പ്ലാസ്റ്റർ ചെയ്യുന്നതിനോട് സാറിന്റെ അഭിപ്രായം എന്താണ്?

ഭംഗി എന്നുള്ളത് രണ്ട് വിധത്തിലാണ് ഇൻഹറന്റ് ബ്യൂട്ടിയും. കോസ്‌മെറ്റിക് ബ്യൂട്ടിയും. ഇൻഹറന്റ് ബ്യൂട്ടി എന്നു പറഞ്ഞാൽ നിങ്ങൾ ജന്മനാ സുന്ദരിയാണ് ഇനി അതിനു ഭംഗി കൂട്ടാനായി നിങ്ങൾ ഒന്നും ചെയ്യേണ്ട കാര്യമില്ല. കോസ്മറ്റിക് ബ്യൂട്ടി ആർട്ടിഫിഷ്യൽ ആണ്. എല്ലാ ബിൽഡിഗും നിർമ്മിക്കുമ്പോൾ ഭംഗിയുള്ളതാണ്. ഓടിട്ട ബിൽഡിംഗും, ഇഷ്ടികകൊണ്ടുണ്ടാക്കിയ ബിൽഡിംഗും ഒക്കെ ഭംഗിയുള്ളതാണ്. പക്ഷെ പ്ലാസ്റ്റർ ചെയ്യുമ്പോൾ അതിന്റെ ഭംഗി നഷ്ടപ്പെടുന്നു. അത് കോസ്മറ്റിക് ബ്യൂട്ടിയാണ്. അതു പിന്നെ പെയിന്റ് ചെയ്യണം, ചായം പൂശണം ഇതിനൊക്കെ പണവും വരും. ഇതിന്റെയൊന്നും ആവശ്യമില്ല, അല്ലാതെ തന്നെ ഭംഗിയുള്ളതാണ്. പല ബിൽഡിംഗുകളും പണിയുമ്പോൾ മനോഹരമാണ്. നിങ്ങൾ മാനാഞ്ചിറ സക്വയർ കണ്ടിട്ടുണ്ടാകും. വെട്ടുകല്ല് ഉപയോഗിച്ചിട്ടുണ്ട്. അതെന്തിനാണെന്നറിയാമോ? അവിടെ മാനാഞ്ചിറയുടെ മുൻപിൽ മനോഹരമായ ഒരു ബിൽഡിംഗ് ഉണ്ടായിരുന്നു ഇവിടുത്തെ കലക്‌ട്രേറ്റ് അതു നിന്നിടത്താണ്. എൽ.ഐ.സിയുടെ ഒരു കോൺക്രീറ്റ് ബിൽഡിംഗ് ഉണ്ടാക്കിവച്ചത്. പഴയ കളക്ടറേറ്റിന്റെ പ്രതീകാത്മകമായിട്ടാണ് മാനാഞ്ചിറ സക്വയർ വെട്ടുകല്ലും, ഓട് ഉപയോഗിച്ച് ഉണ്ടാക്കിയത്. മാനാഞ്ചിറയുടെ ഗെയ്റ്റും അതിന് പ്രതീകമാണ്. ആ ബിൽഡിംഗ് ഉണ്ടായിരുന്നുവെങ്കിൽ അതൊരു മ്യൂസിയമായി മാറിയേനെ.

സാറിന്റെ പ്രശസ്തമായ ഒരു നിർമ്മിതിയായിരുന്നു ഷെൽഹൗസ്. അങ്ങനെയുള്ള വീടുകൾ വേണമെന്ന് പറഞ്ഞ് ആളുകൾ സമീപിക്കാറുണ്ടോ?

തീർച്ചയായും, ഇപ്പോൾ ഒരുപാട് പേർ എന്നെ സമീപിക്കുന്നുണ്ട്. ഷെല്ലിന്റെ പ്രത്യേകത എന്താണെന്നുവച്ചാൽ അതിൽ സ്റ്റീൽ ഉപയോഗിക്കുന്നില്ല. എനിക്ക് അതിന് പേറ്റന്റ് ഉള്ളതു കാരണം അത് മറ്റാർക്കും നിർമ്മിക്കാൻ സാധിക്കില്ല. അതിനെപ്പറ്റി അറിയാതെ പലരും അതു നിർമ്മിച്ച് അബദ്ധത്തിൽ ചെന്ന് ചാടിയിട്ടുണ്ട്. ഞാൻ പണമുണ്ടാക്കാൻ വേണ്ടിയല്ല പേറ്റന്റ് എടുത്തത്. ഞാനിതുവരെ അതിന്റെ പേരിൽ ആരൊടും പണം വാങ്ങിയിട്ടില്ല. കുറേനാൾ മുമ്പ് പൂനെയിൽ ലെപ്രസി ഹോസ്പിറ്റലിനു വേണ്ടി ഷെല്ല് പണിതിരുന്നു. അതിന്റെ പേരിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഒരു പ്രമുഖ പത്രത്തിൽ അതിന്റെ ആർക്കിടെക്ട് മറ്റൊരാളെണെന്ന പേരിൽ വാർത്ത വന്നിരുന്നു. പിന്നീട് പേറ്റന്റിന്റെ കാര്യം മനസ്സിലായപ്പോൾ അവർ എന്നെ വന്നു കണ്ട് മാപ്പു പറഞ്ഞു. ഇതുപോലെ മറ്റൊരു സംഭവമുണ്ടായത്. ഷെലിനുപയോഗിച്ച കല്ലിന്റെ പേരിലാണ്. ഒരാൾ കരുതി ഞാനുണ്ടാക്കിയ കല്ല് ഹോളോ ബ്ലോക്കുകൊണ്ടുണ്ടാക്കിയതാണല്ലോ എന്നാൽ പിന്നെ ബ്രിക്ക് വച്ച് ഉണ്ടാക്കിക്കളയാം എന്ന്. ബ്രിക്കുകൊണ്ടുണ്ടാക്കി കമ്പിയിട്ട് വാർത്ത തമിഴ്‌നാട്ടിൽ 50 വീടുകൾ അയാൾ പണിതു.ഹിന്ദു പത്രത്തിൽ അതിന്റെ പടം വന്നു. ഞാൻ അപ്പോൾ തന്നെ അയാളെ വിളിച്ച് പേറ്റന്റിന്റെ കാര്യം പറഞ്ഞു. അയാളും എന്നെ വന്നുകണ്ട് മാപ്പ് പറഞ്ഞു. പിന്നെ തിരുവനന്തപുരത്ത് നിന്നും കണ്ണൂരു നിന്നുമൊക്കെ ഒട്ടേറെപ്പേർ ഷെൽഹൗസ് പണിയണമെന്ന് ആവശ്യപ്പെട്ട് വരാറുണ്ട്. ഇതിനു വേണ്ടി ഭ്രാന്തുപിടിച്ചു നടക്കുന്ന ആളുകളുണ്ട്. അത്തരത്തിലൊരാളായിരുന്നു സംവിധായകൻ രാമു കാര്യാട്ട്. അദ്ദേഹത്തിന് വേണ്ടി എടമുട്ടത്ത് ഞാൻ ഷെൽഹൗസ് പണിതുകൊടുത്തു. ഇന്നും ആ കെട്ടിടം അവിടെയുണ്ട്

പഴയകാല നിർമ്മാണങ്ങളിലെ സാങ്കേതികതയും, ഇപ്പോഴത്തെ സാങ്കേതികതയും തമ്മിലുള്ള വ്യത്യാസം?

പഴയ സാങ്കേതികതയിൽ നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. അതിൽ നിന്നും ഞാൻ ഈ അടുത്ത കാലത്ത് സ്വയം നിർമ്മിക്കുന്ന വീടുകൾ എന്നൊരു സിസ്റ്റം ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ഒന്നു രണ്ട് കാര്യങ്ങൾ മാത്രമേ നമുക്ക് ആശ്രയിക്കേണ്ടതായി വരുന്നുള്ളൂ. വയറിംഗ്, പ്ലംബിംഗ്, പോലുള്ളത് ബാക്കിയെല്ലാം നമുക്ക് സ്വയം ചെയ്യാൻ കഴിയും. അങ്ങനെയൊരു ടെക്‌നോളജി ഉണ്ടാക്കിയപ്പോൾ ഞാൻ കണ്ടുപിടിച്ച ഒരു കാര്യമുണ്ട്. ഈ കണ്ണൂർ, തലശ്ശേരി ഏരിയയിൽ നമുക്ക് സാധാരണക്കാരനും വലിയ വീടുകൾ ഉള്ളതായി കാണാം. അവരെങ്ങനെയാണ് ഇത് നിർമ്മിച്ചതെന്ന് ഞാൻ അത്ഭുതപ്പെട്ടു അങ്ങനെയാണ് ഞാൻ ഇതിനെക്കുറിച്ച് അന്വേഷിച്ച് കണ്ടു പിടിച്ചത്. അതിന്റെ ചരിത്രം എന്താണെന്ന് വച്ചാൽ വീടുപണിയാൻ തീരുമാനിച്ചാൽ അവർ വയലിലേക്കിറങ്ങി ടേബിൾ മോൾഡഡ് ബ്രിക്ക് ഉണ്ടാക്കും. അത് ഉണക്കിയതിനു ശേഷം ഒരു കൽപണിക്കാരനെ വിളിച്ച് തറകെട്ടിക്കും. വേവിക്കാത്ത ഇഷ്ടിക ലൈം പ്ലാസ്റ്റ് ചെയ്തതിനുശേഷമാണ് വീട് പണിയുന്നത്. അതിൽ നിന്നാണ് ഞാൻ എർത്ത് ബിൽഡിംഗ്‌സ് ഉണ്ടാക്കിയെടുത്തത്. ഇങ്ങനെ പല സിസ്റ്റംസ് ഉണ്ട്. ഞാൻ എപ്പോഴും റിസർച്ച് ചെയ്യുന്ന ആളാണ്. ഏറ്റവും ഇന്നൊവേറ്റീവ് ആയി കണ്ട ഒരു കാര്യമാണ് ഇസ്രായേലിലെ സ്ഥലമില്ലാതെ കൃഷി ചെയ്യുന്ന പദ്ധതി. ഇതു പോലെ സ്ഥലം ഇല്ലാതെ വീട് പണിയുന്ന പദ്ധതി പരീക്ഷണഘട്ടത്തിലാണ്, വിജയിച്ചുവെന്നു എന്ന് തന്നെ പറയാം

പ്രളയത്തെ ചെറുക്കുന്ന വീടുകൾ സാർ ഡിസൈൻ ചെയ്യുന്നുണ്ടോ?

ഇനിയിപ്പൊ എന്തു നിർമ്മിച്ചാലും പ്രളയത്തെ പ്രതീക്ഷിച്ച് വേണം നിർമ്മിക്കാൻ (ചിരിക്കുന്നു) അത്തരം നിർമ്മിതികൾ പോസിബിൾ ആണ്. കുട്ടനാട്ടിലെ പ്രളയബാധിതർക്കുള്ള വീട് രൂപകൽപന ചെയ്തിട്ടുണ്ട്. ഒരു പ്രളയം കഴിഞ്ഞ സമയത്ത് അത് ഉണ്ടാക്കിയിരുന്നെങ്കിൽ അടുത്ത പ്രളയകാലത്ത് ഉപയോഗിക്കാൻ സാധിച്ചേനെ.
എന്തായാലും ഇപ്പോൾ ഗവർൺമെന്റ് അത് നിർമ്മിക്കാൻ പോകുന്നുണ്ട്. ഫൈബർ ബോട്ടുകളെ പോലെ പൊങ്ങിക്കിടക്കുന്ന വീടുകളാണിത്. ഇത്തരം വീടുകൾക്ക് ഒരുപാട് നല്ല വശങ്ങൾ ഉണ്ട്. കുട്ടനാട്ടുകാരുടെ ആട്, കോഴി, താറാവ് പോലുള്ള പക്ഷിമൃഗാദികളെ സംരക്ഷിക്കാൻ കൂടും ഈ വീടിനോട് ചേർന്ന് തന്നെയുണ്ട്. രണ്ടു മുറികളെ ഹൗസ്‌ബോട്ടിലെ ഹോം സ്‌റ്റേ പോലെ കൺവേർട്ട് ചെയ്താൽ അതിന്റെ വാടക വാങ്ങി അവർക്ക് ബോട്ടിന്റെ ചിലവും, ബാങ്ക് ലോണും അടച്ച് തീർക്കാം. അവർക്ക് ജീവിക്കാനുള്ള കാശും കിട്ടും. പിന്നെ ഇതിൽ ബയോടോയ്‌ലറ്റ്‌സാണ് ഉപയോഗിക്കുന്നത്. മഴവെള്ളം ഫിൽറ്റർ ചെയ്‌തെടുത്താൽ അവർക്ക് കുടിക്കാനുള്ള വെള്ളവും ലഭിക്കും. 5 ലക്ഷം രൂപയ്ക്ക് 2 ബെഡ്‌റൂം ഉള്ള ഒരു ബോട്ട് ലഭിക്കും. ഇതിന്റെ റിപ്പോർട്ടിൽ ഞാൻ ആഡ് ചെയ്ത ഒരു സെന്റൻസ് ഉണ്ട്. അത് വളരെ റെലവന്റ് ആണ്. ‘എ പോർട്ടിൽ ജനറേറ്റർ ആന്റ് ഔട്ട് ബോർഡ് ഏൻജിൻ വിൽ കൺവേർട്ട് ദി റിഹാബിലേഷൻ പിരീഡ് ഇൻറ്റൂ ഏൻ എൻജോയബിൾ ഹോളിഡേ’. പോർട്ടബിൾ ജനറേറ്റർ ഉണ്ടെങ്കിൽ അവർക്ക് ലൈറ്റ് യൂസ് ചെയ്യാം. ഔട്ട് ബോർഡ് എൻജിൻ ഉള്ളതു കാരണം അവർക്കിത് എവിടേക്കു വേണമെങ്കിലും ഓടിച്ചു കൊണ്ടുപോകാം. അങ്ങനെ ദുരിതാശ്വാസ കാലം അവർക്ക് മനോഹരമായ അവധി ദിവസമായി മാറും. ഇതിനെക്കൂടാതെ വേറെയും മോഡലുകൾ ചെയ്യുന്നുണ്ട്. മണ്ണിടിച്ചിൽ ഉള്ള സ്ഥലങ്ങിലേക്കും, വെള്ളം കയറുന്ന സ്ഥലങ്ങളിലേക്കും അനുയോജ്യമായ മോഡലുകൾ ചെയ്യുന്നുണ്ട്.

മരടിലെ ഫ്‌ളാറ്റ് പൊളിച്ചതിനെ പറ്റി സാറിന്റെ അഭിപ്രായം എന്താണ് ?

അതിനു ഞാൻ എതിരാണ്. മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ പാടില്ലായിരുന്നു. അതിന്റെ പരിസ്ഥിതി ആഘാതം പഠിക്കാതെ ചെയ്തതാണ്. അതു പാവപ്പെട്ടവർക്ക് സൗജന്യമായി വീടായ് നൽകാമായിരുന്നു. അതത്രയും ബിൽറ്റ് അപ് ഏരിയ അല്ലേ. അതിന്റെ ആഘാതം വളരെ വലുതാണ്. അതിന്റെ വേസ്റ്റ് എല്ലാം ഇപ്പോൾ വീണ്ടും റീസൈക്കിൾ ചെയ്ത് ഉപയോഗപ്പെടുത്താനുള്ള ശ്രമം നടത്തുകയാണ്. അതിന്റെയൊന്നും ആവശ്യം ഇല്ലായിരുന്നു. മൂലംപള്ളിയിൽ വീടില്ലാത്തവർക്ക് അത് സൗജന്യമായി നൽകാമായിരുന്നു. അത് കൊടുത്തില്ല അത് തെറ്റായിപ്പോയി. പാലാരിവട്ടം പാലം പൊളിക്കലിനും ഞാൻ എതിരാണ്. അത് പൊളിക്കേണ്ട യാതൊരാവശ്യവുമില്ല. അവർ ലോഡ് ടെസ്റ്റ് നടത്തിയില്ല. എസ്സ്‌പ്ലോസീവ് ടെസ്റ്റ് നടത്തിക്കഴിഞ്ഞാൽ വളരെ പെട്ടന്നു തന്നെ എത്ര ലോഡ് എടുക്കും, എത്ര നില പണിയാം എന്നെല്ലാം അറിയാം. അത്തരം ടെസ്റ്റ് ഒക്കെ നടത്തിയിരുന്നെങ്കിൽ ഈ 18 കോടിയൊന്നും പൊളിച്ചുകളയണ്ട, 2കോടി പോലും ചിലവാക്കേണ്ട അത് റീയൻഫോഴ്‌സ് ചെയ്ത് വീണ്ടും ബലപ്പെടുത്തി നിർത്താൻ സാധിക്കുമായിരുന്നു.

മാനാഞ്ചിറ സ്‌ക്വയർ, കെ.എസ്.ആർ.ടി.സി ബിൽഡിംഗ് തുടങ്ങി ഒട്ടേറെ ചരിത്ര പ്രാധാന്യമേറിയ നിർമിതികൾ സാർ ഡിസൈൻ ചെയ്തിട്ടുണ്ട്. ഇത്രയും കാലത്തിനിടയ്ക്ക് ഏതെങ്കിലും നിർമ്മാണം വെല്ലുവിളി ഉയർത്തിയിട്ടുണ്ടോ ?

വെല്ലുവിളി മാത്രമേ ഉള്ളൂ. എല്ലാം തന്നെ വെല്ലുവിളികളാണ്. പക്ഷെ ഞാൻ ഒന്നു കൊണ്ടും തൃപ്തനല്ല അതുകൊണ്ടു തന്നെ എനിക്ക് മാസ്റ്റർപീസ് എന്നു പറയാൻ ഒന്നും ഇല്ല. അടുത്ത വർക്ക് ബെറ്റർ ആക്കണം എന്നു കരുതുന്ന ആളാണ് ഞാൻ. അതുകൊണ്ടാണ് എനിക്ക് ഇംപ്രൂവ്‌മെന്റ് സാധ്യമാകുന്നത്

ഗ്രീൻ ബിൽഡിംഗിനെക്കുറിച്ച് സാറിന്റെ അഭിപ്രായം എന്താണ് ?

ഞാൻ ഗ്രീൻ ആർക്കിടെക്ചറിന് എതിരാണ്. നമ്മുടെ നാട്ടിൽ ഒരുപാട് പഴയ ബിൽഡിംഗ്‌സ് ഉണ്ട്. കല്ലും, ഇഷ്ടികയും, ഒക്കെ വച്ച് ഉണ്ടാക്കിയവ. എത്ര പുരാതന കെട്ടിടങ്ങളാണ് ഒരു കോട്ടവും തട്ടാതെ നിൽക്കുന്നത്. അവ പ്രക്യതിക്ക് ദോഷമില്ലാത്തവയാണ്. അവയൊക്കെയാണ് യഥാർത്ഥത്തിൽ ഗ്രീൻ ബിൽഡിംഗ്‌സ് എന്നാൽ ഇപ്പോഴത്തെ ഗ്രീൻ ആർകിടെക്ചർ സർട്ടിഫിക്കേഷൻ ശരിയായ രീതിയിലുള്ളതല്ല.

Share

Leave a Reply

Your email address will not be published. Required fields are marked *