ഭാവിയെക്കുറിച്ച് സുന്ദരമായ സ്വപ്‌നങ്ങളുള്ളവർക്ക് മാത്രമേ അത് സ്വന്തമാക്കാൻ കഴിയുകയുള്ളൂ. ലക്ഷ്യത്തെ ഉന്നതമാക്കുന്നതും പ്രതിഭയെ ഉദ്ദീപ്തമാക്കുന്നതും വലിയ സ്വപ്‌നങ്ങളും ചിന്തകളുമാണ്. സ്വപ്‌നങ്ങൾ മാത്രമല്ല, അതിനുള്ള കഷ്ടപാടുകളും സഹനങ്ങളും ജീവിതത്തിൽ സഹിക്കാൻ കഴിയുന്നവർക്ക് മാത്രമേ ലക്ഷ്യങ്ങൡ എത്താൻ സാധിക്കുകയുള്ളൂ. ഇത്തരമൊരു കഠിനാധ്വാനത്തിന്റെ ഫലമാണ് ക്യാപ്റ്റൻ കെ.എം മുഹമ്മദ് ഷക്കീർ.
ഡോക്ടർ 1960ൽ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ എംബിബിഎസ് നാലാമത്തെ ബാച്ചിൽ വിദ്യാർത്ഥിയായി കയറുമ്പോൾ ഡോ. മുഹമ്മദ് ഷക്കീർ ജീവിതത്തിൽ ഇത്രയും ഉന്നതമായ പദവിയിലെത്തുമെന്ന ധാരണയില്ല. വൈദ്യശാസ്ത്രത്തിൽ ബിരുദം നേടുമ്പോൾ തന്നെ റിസർച്ചിലെ തന്റെ താൽപ്പര്യം അദ്ദേഹം മനസ്സിലാക്കിയിരുന്നു. 1966ൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ പഠനത്തിന് ശേഷം ഡൽഹിയിലെ എയിംസിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. അമേരിക്കയിലെത്തി. അവിടെ എൻഡോക്രൈനോളജിയിൽ പ്രാക്ടീസിനോടൊപ്പം റിസർച്ചിലും ഏർപ്പെട്ടു. കോൾഡും തൈറോയിഡും സംബന്ധിച്ച റിസർച്ചിന്റെ ഭാഗമായി സൗത്ത് പോൡലെ അന്റാർട്ടിക്കയിൽ രണ്ടുമാസം താമസിച്ചിട്ടുണ്ട്. പിന്നീട് അമേരിക്കൻ നേവിയിൽ ജോയിൻ ചെയ്തു. അമേരിക്കൻ പൗരത്വവും നേടി. തുടർന്ന് ഇരുപത്തെട്ട് വർഷത്തോളം അമേരിക്കൻ നാവികസേനയിൽ സേവനമനുഷ്ടിച്ചു. ഇതിനിടയിൽ നിരവധി അമേരിക്കൻ സൈനിക നടപടികളുടെ ഭാഗമായി. രണ്ടുമാസത്തോളം എയർക്രാഫ്റ്റ് കാരിയറിൽ പ്രവർത്തിക്കാനുമുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു. നാവികസേനയിൽ നിന്ന് 2007യിൽ വിരമിച്ചു. അതിനുശേഷം അമേരിക്കയിലെ വാഷിങ്ടണിലെ വാൾട്ടർ റീഡ് മിലിറ്ററി ഹോസ്പിറ്റലിൽ പ്രഫസറായി തന്റെ മെഡിക്കൽ സേവനം തുടർന്നു കൊണ്ടിരിക്കുന്നു. ഇത്രയും വർഷത്തെ ജീവിതത്തിനിടയിൽ ഇരുന്നൂറോളം റിസർച്ച് പേപ്പറുകളും ഇരുനൂറ്റമ്പതോളം അബ്‌സട്രാക്റ്റുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കയിൽ നിന്ന് നാഷണൽ ഡിഫൻസ് മെഡൽ, അന്റാർട്ടിക മെഡൽ, നേവി കമെന്റേഷൻ മെഡൽ തുടങ്ങിയ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കൊല്ലം ജില്ലയിൽ ജനിച്ച ഡോ. മുഹമ്മദ് ഷക്കീറിന്റെ പിതാവ് സ്‌കൂൾ ഹെഡ്മാസ്റ്ററായിരുന്നു. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ഇത്രയധികം ഉയരങ്ങൡ എത്താൻ സാധിച്ചതിന്റെ പ്രധാന കാരണം അമേരിക്കയും അവിടത്തെ സൗകര്യങ്ങളുമാണെന്ന് അദ്ദേഹം പറയുന്നു. കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ അമേരിക്ക വളരെ മുമ്പിലാണ്. നിങ്ങൾ യോഗ്യനും കഷ്ടപ്പെടാൻ തയ്യാറുമാണെങ്കിൽ അമേരിക്കയിൽ വളരെയധികം അവസരങ്ങൾ ലഭിക്കും. ജാതിയോ മതമോ തൊലിയുടെ കളറോ ഒന്നും തന്നെ അവിടെ പ്രശ്‌നമില്ല. എല്ലാ സംസ്‌കാരങ്ങളും അമേരിക്ക സ്വീകരിക്കുന്നു. അമേരിക്കൻ നേവിയിൽ പ്രവർത്തിക്കുമ്പോൾ ആരാധനയ്ക്കായി എല്ലാ മതക്കാർക്കും പ്രതേ്യകം സ്ഥലം അനുവദിച്ചതിനെപ്പറ്റി ഷക്കീർ ഒാർക്കുന്നു.
ഇന്ത്യയിലെ ആരോഗ്യ രംഗവും അമേരിക്കയിലേതും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ചികിത്സ ചിലവ് അമേരിക്കയെ അപേക്ഷിച്ച് വളരെ കുറവാണ്. പക്ഷെ ഉപയോഗിക്കുന്ന ടെക്‌നോളജിയിലും രോഗിക്ക് കിട്ടുന്ന കെയറിംഗിലും അമേരിക്ക വളരെ മുൻപന്തിയിലാണ്. ഇവിടെ പത്ത് മിനിറ്റോളം ഒരു രോഗിയെ പരിശോധിക്കാനായി ഡോക്ടർ ചിലവഴിക്കുമ്പോൾ അമേരിക്കയിൽ ഇത് മിനിമം അരമണിക്കൂർ വരെയാണ്. ഇതിനു കാരണം തിരക്കേറിയ ഇന്ത്യയിലെ ഹോസ്പിറ്റൽ സാഹചര്യങ്ങളാണ്. അമേരിക്കയിൽ നിയമസംവിധാനങ്ങൾ വളരെയധികം കർക്കശമായത് കൊണ്ട് തന്നെ ആരോഗ്യരംഗത്ത് കുറ്റകൃത്യങ്ങൾ വിരളമാണ്.
ഇന്ത്യയിൽ വളരെയധികം ടാലന്റടായിട്ടുള്ള ആളുകളുണ്ടെങ്കിലും അവർക്ക് അതുപയോഗിക്കാനുള്ള അവസരങ്ങൾ കുറവാണെന്ന് ഡോ. മുഹമ്മദ് ഷക്കീർ പറയുന്നു. അത്‌കൊണ്ടാണ് റിസർച്ചിനും മറ്റുമായി ആളുകൾ വിദേശരാജ്യങ്ങൾ തേടിപ്പോകുന്നത്. അവസ്ഥകൾ മാറാൻ ഭരണസംവിധാനങ്ങളും ഒപ്പം തന്നെ ജനങ്ങളും മാറേണ്ടതുണ്ട്. രാഷ്ട്രീയക്കാരുടെ മികവില്ലായ്മയും പലപ്പോഴും കേരളത്തിൽ മാറ്റം വരുന്നതിന് തടസ്സം നിൽക്കുന്നു. അമേരിക്കൻ രാഷ്ട്രീയത്തിലും പ്രശ്‌നങ്ങളുണ്ടെങ്കിലും ജനങ്ങൾ അവരെ ചോദ്യം ചെയ്യാൻ മടിക്കുന്നില്ല. പ്രസിഡന്റ് ട്രംപിന്റെ കാര്യം തന്നെ പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും.
അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങൡ നിന്നും നല്ല കാര്യങ്ങളും സ്വീകരിക്കാൻ ഇന്ത്യക്കാർ തയ്യാറായാൽ രാജ്യത്ത് മാറ്റങ്ങളുണ്ടാക്കാമെന്ന് മുഹമ്മദ് ഷക്കീർ പറയുന്നു. ഭാര്യ റംലത്ത് ഷക്കീറിനും മക്കളായ മൂന്ന് പെൺകുട്ടികൾക്കും പേരക്കുട്ടികൾക്കുമൊപ്പം അമേരിക്കയിലെ വാഷിങ്ടണിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഡോ. മുഹമ്മദ്് ഷക്കീർ. കേരളത്തിന്റെ ഒാർമ്മകൾ എപ്പോഴും തനിക്ക് സുഗന്ധം പകരാറുണ്ടെന്ന് അദ്ദേഹം പറയുന്നു.