സ്റ്റേഷനറി വകുപ്പിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതിനുള്ള നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം: കേരള ഗവ. എംപ്ലോയീസ് യൂണിറ്റി ഫോറം

ഹരിപ്പാട്: സ്റ്റേഷനറി വകുപ്പിലെ 238 തസ്തികകളില്‍ 125 തസ്തികകളും വാനിഷിംഗ് കാറ്റഗറി ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജീവനക്കാരുടെ സംഘടനയായ കേരള ഗവണ്‍മെന്റ് എംപ്ലോയീസ് യൂണിറ്റി ഫോറം ശക്തമായ പ്രതിഷേധം അറിയിച്ചു. സ്റ്റേഷനറി കേന്ദ്രീകൃതമായി വാങ്ങാതെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഇ-മാര്‍ക്കറ്റ് പ്ലേസില്‍ നിന്നും നേരിട്ട് വാങ്ങുന്നതാണ് ലാഭകരം എന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍ വസ്തുതാപരമല്ലെന്ന് ഫോറം ചൂണ്ടിക്കാണ്ടി.

ഓരോ ഓഫീസും ഇത്തരത്തില്‍ പെറ്റി പര്‍ച്ചേസ് നടത്തിയാല്‍ സംസ്ഥാനമൊട്ടാകെയുള്ള എല്ലാ ഓഫീസുകള്‍ക്കുമായി ആകെ എത്ര തുക അനുവദിക്കേണ്ടിവരും എന്ന് കണക്കാക്കാനോ നിലവിലുള്ള എസ്റ്റാബ്ലിഷ്‌മെന്റുമായുള്ള ഒരു താരതമ്യ പഠനം നടത്തുവാനോ കേരളത്തിലെ മുഴുവന്‍ ഓഫീസുകളിലും ഇതിനുള്ള ക്രമീകരണങ്ങള്‍, വിഭവ ശേഷി തുടങ്ങിയവ ഉറപ്പാക്കിയിട്ടുണ്ടെന്ന് സ്ഥാപിക്കുവാനോ തയ്യാറാകാതെ വളരെ അപക്വമായ തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഫോറം കുറ്റപ്പെടുത്തി. തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന കമ്മിറ്റികള്‍ക്ക് ഉന്നതങ്ങളില്‍ നിന്നും ക്വാട്ട നിശ്ചയിച്ച് നല്‍കിയിട്ടുണ്ടെന്ന് ഫോറം സംശയം പ്രകടിപ്പിച്ചു.

ഭരണപരമായ മേല്‍നോട്ട പരിചയം മാത്രമുള്ള ഈ കമ്മിറ്റിക്ക് വകുപ്പുകളെക്കുറിച്ചും, വിവിധ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ശാസ്ത്രീയ ധാരണയുണ്ടാവില്ല എന്നും ഫോറം പ്രസ്താവിച്ചു. കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയാന്തരീക്ഷത്തില്‍ വകുപ്പുസെക്രട്ടറിമാരും വകുപ്പുമേധാവികളും ഭരണമുന്നണിയുടെ പ്രീതിക്കായി തസ്തിക വെട്ടുന്ന പ്രക്രിയയില്‍ മത്സരബുദ്ധിയോടെയാണ് ഏര്‍പ്പെട്ടിരിക്കുന്നത്.

സര്‍ക്കാര്‍ വകുപ്പുകളില്‍ നടത്തുന്ന ഏതൊരു തരം പരിഷ്‌കാരങ്ങളും സുതാര്യമായ നടപടിക്രമങ്ങളോട് കൂടിയതും ഭരണത്തിന്റെ ഗുണഭോക്താക്കളും പങ്കാളികളുമായ പൊതുജനങ്ങളേയും സര്‍ക്കാര്‍ ജീവനക്കാരേയും വിശ്വാസത്തിലെടുത്തുവേണമെന്ന്‌  ഫോറം ആവശ്യപ്പെട്ടു. ശാസ്ത്രീയവും സമഗ്രവുമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ലാത്ത എല്ലാ പിപ്പിടി പരിഷ്‌കാരങ്ങളേയും തള്ളിക്കളയണമെന്നും അതിനെതിരെ പ്രതിരോധത്തിന്റെ ഐക്യനിര സൃഷ്ടിക്കാന്‍ സംഘടനാ ഭേദമന്യെ എല്ലാ ജീവനക്കാരും പ്രക്ഷോഭത്തിന്റെ പാതയില്‍ അണിചേരണമെന്നും കേരള ഗവണ്‍മെന്റ് എംപ്ലോയീസ് യൂണിറ്റി ഫോറം ആഹ്വാനം ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *