അഭയ കേസ്: പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

അഭയ കേസ്: പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: അഭയ കേസ് പ്രതികളായ തോമസ് കോട്ടൂര്‍, സെഫി എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണം, സംസ്ഥാനം വിടരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം.

തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരേ സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതിയാണ് പരിഗണിച്ചത്. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹരജിയില്‍ വിധി പ്രസ്താവിച്ചത്. കേസ് വിചാരണ ഉള്‍പ്പെടെയുള്ള നടപടികള്‍ നീതിപൂര്‍വമായിരുന്നില്ലെന്നാണ് ജാമ്യ ഹരജിയില്‍ പ്രതികള്‍ പറയുന്നത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദര്‍ തോമസ് കോട്ടൂര്‍ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സി.ബി.ഐക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

28 വര്‍ഷം നീണ്ട നിയമനടപടിക്ക് ശേഷമായിരുന്നു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണ് എന്നായിരുന്നു കോടതി കണ്ടെത്തിയിരുന്നത്. 49 സാക്ഷികളെ ഉള്‍പ്പെടെ വിസ്തരിച്ച ശേഷമായിരുന്നു അഭയ കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി 2020 ഡിസംബര്‍ 23ന് വിധി പറഞ്ഞത്.

1992 മാര്‍ച്ച് 27നാണ് കോട്ടയം ബി.സി.എം കോളജിലെ രണ്ടാം വര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ഥിനിയായ സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സി. സെഫിയ്ക്കും ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. കോട്ടൂരിന് ഇരട്ട ജീവപരന്ത്യവും സെഫിയ്ക്ക് ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *