ഇരുട്ടു കനക്കുന്ന കാലത്ത് വെളിച്ചമേകാൻ ഭാഷയും സംസ്‌കാരവും ശക്തിപ്പെടണം. കെ. പി. രാമനുണ്ണി

ഇരുട്ടു കനക്കുന്ന കാലത്ത് വെളിച്ചമേകാൻ ഭാഷയും സംസ്‌കാരവും ശക്തിപ്പെടണം. കെ. പി. രാമനുണ്ണി

ഷാർജ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച മലയാളം മിഷൻ പ്രവേശനോത്സവം
സാഹിത്യകാരൻ കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്യുന്നു. ഗീത ഗോപി എം.എൽ.എ
വേദിയിൽ.

ഷാർജ: ഇരുട്ടു കനക്കുന്ന കാലത്ത് ഭാഷയേയും സംസ്‌കാരത്തേയും ശക്തിപ്പെടുത്തിക്കൊണ്ടുമാത്രമേ തെളിമയുള്ള നാളുകളെ സൃഷ്ടിക്കാനാകൂ എന്ന് മലയാളം മിഷൻ ഭരണസമിതി അംഗവും, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. മലയാളം മിഷൻ ഷാർജ മേഖല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭാഷ മഹനീയമാകുന്നത് അതിനെ ഉള്ളുറപ്പോടെ സ്വീകരിക്കാൻ ഒരു ജനത തയ്യാറാകുമ്പോൾ ആണ്.
എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന ലക്ഷ്യം മലയാളം മിഷൻ മുന്നോട്ടുവെക്കുന്നത് ലോകത്തെമ്പാടുമുള്ള മലയാളികൾ മാതൃ നാടിനോടും, ഭാഷയോടും നിലനിർത്തുന്ന മമതയെ ചേർത്തുനിർത്താനാണ്. വിദേശരാജ്യങ്ങളിൽ ഭാഷയും സംസ്‌കാരവും പരിപോഷിപ്പിക്കുന്നതിൽ മലയാളികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇതിന് വിദേശ മലയാളികളെ പ്രത്യേകം അഭിനന്ദിക്കുകയാണ്. മലയാളം മിഷൻ പ്രവർത്തനങ്ങൾ വിദേശരാജ്യങ്ങളിൽ ശക്തിപ്പെടുത്തുന്നതിന് വിദേശമലയാളികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. യു എ ഇ യിൽ ശ്ലാഘനീയമായ വിധത്തിലാണ് മലയാളം മിഷൻ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മലയാളം മിഷൻ ഷാർജ മേഖല പ്രവേശനോത്സവം വേറിട്ട ഒരു സാംസ്‌കാരിക ഉത്സവമായി മാറി. മേഖലയിലെ വിവിധ പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ അരങ്ങേറിയ വൈവിധ്യമാർന്ന കലാപരിപാടികൾ ഭാഷയുടെ തനിമയും തിളക്കവും വിളിച്ചറിയിക്കുന്നവയായിരുന്നു. കലാപരിപാടികളിൽ മികവ് തെളിയിച്ചു കൊണ്ട് അൽ ഇബ്തിസാമ സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ കാണികളുടെ പ്രശംസ പിടിച്ചു പറ്റി.
വിവിധ സെൻററുകളിൽ നിന്നും പഠിതാക്കൾ കൊണ്ടുവന്ന അക്ഷരങ്ങൾകൊണ്ട് അക്ഷരമരം അലങ്കരിച്ചു കൊണ്ടാണ് പ്രവേശനോത്സവത്തിന് തുടക്കംകുറിച്ചത്. അതിഥികളെ ഘോഷയാത്രയുടേയും അക്ഷരങ്ങളുടേയും അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. മലയാള സാഹിത്യത്തിന്റെ ഓർമ്മപ്പാതകളിലൂടെ കാണികളെ കൂട്ടിക്കൊണ്ടുപോകുന്ന സാഹിത്യ ചരിത്ര പ്രദർശനം, കേരളീയ പാരമ്പര്യത്തിന്റെ നേർചിത്രങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകി ചിട്ടപ്പെടുത്തിയ പുരാവസ്തു പ്രദർശനം ഇവയെല്ലാം പ്രവേശനോത്സവത്തിലെ വേറിട്ട വിഭവങ്ങളായിരുന്നു.
മലയാളം മിഷൻ വായനാദിനത്തോടനുബന്ധിച്ച് ആഗോള അടിസ്ഥാനത്തിൽ നടത്തിയ വായനാക്കുറിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ദുബായ് മേഖല മലയാളം മിഷൻ അധ്യാപിക രമണി ടീച്ചറെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. ഇതിന്റെ ഭാഗമായി ലഭിച്ച മുഴുവൻ തുകയും രമണി ടീച്ചർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി. ലോക കേരളസഭ യോടനുബന്ധിച്ച് മലയാളം മിഷൻ ആഗോള അടിസ്ഥാനത്തിൽ നടത്തിയ സാഹിത്യ മത്സരങ്ങളിൽ വിജയിച്ച മലയാളം മിഷൻ റാസൽഖൈമ മേഖലയിലെ റിജാന റിയാസ് (ചെറുകഥ ജൂനിയർ വിഭാഗം മൂന്നാം സ്ഥാനം) യാസ്മിൻ ഹംസ (കവിതാരചന ജൂനിയർ വിഭാഗം മൂന്നാം സ്ഥാനം) എന്നീ പ്രതിഭകളേയും, ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മലയാളത്തിൽ പുസ്തകം പ്രസിദ്ധീകരിച്ച ഷാർജ മേഖലയിൽ താമസിക്കുന്ന എഴുത്തുകാരേയും ചടങ്ങിൽ അനുമോദിച്ചു.
പ്രവേശനോത്സവ ത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ. പി. ജോൺസൺ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ യു എ ഇ കോഡിനേറ്റർ കെ എൽ ഗോപി സ്വാഗതമാശംസിച്ചു.
ഗീത ഗോപി എംഎൽഎ, ഇന്ത്യൻ അസോസിയേഷൻ ട്രഷറർ കെ ബാലകൃഷ്ണൻ, അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീനാഥ് കാടഞ്ചേരി, നോർക്ക റൂട്ട്‌സ് ഡയറക്ടർ ഒ.വി. മുസ്തഫ, സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച് വികാരി റവ. ഫാദർ ജോർജ് കുര്യൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ട്രഷറർ ടി കെ അബ്ദുൽ ഹമീദ്, മുൻ മാനേജിങ് കമ്മിറ്റി അംഗം അജയകുമാർ എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചു. ശ്രീകുമാരി ആൻറണി കൃതജ്ഞത രേഖപ്പെടുത്തി. ലോകത്തിൽ 45 ൽ അധികം രാജ്യങ്ങളിൽ ഇപ്പോൾ മലയാളം മിഷൻ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മലയാളം മിഷൻ പഠിപ്പിക്കുന്ന നാലു കോഴ്‌സുകൾ പൂർത്തിയാകുന്നതോടെ മലയാളത്തിൽ പത്താംക്ലാസിന് തുല്യമായ സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. ഉപരിപഠനത്തിനും, സർക്കാർ ഉദ്യോഗത്തിനും മലയാളം നിർബന്ധമായ സാഹചര്യത്തിൽ പ്രവാസികൾക്ക് ഏറെ ഗുണകരമായ ഒരു സംവിധാനമാണ് മലയാളം മിഷൻ ഭാഷാ പഠന പദ്ധതി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 052 5515236 എന്ന വാട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *