പിന്നോട്ടില്ല; അഗ്നിപഥ് റിക്രൂട്ട്‌മെന്റിനുള്ള ആദ്യ വിജ്ഞാപനം പുറത്തിറങ്ങി, ജൂലൈ മുതല്‍ രജിസ്‌ട്രേഷന്‍

പിന്നോട്ടില്ല; അഗ്നിപഥ് റിക്രൂട്ട്‌മെന്റിനുള്ള ആദ്യ വിജ്ഞാപനം പുറത്തിറങ്ങി, ജൂലൈ മുതല്‍ രജിസ്‌ട്രേഷന്‍

  • വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കും

ന്യൂഡല്‍ഹി: ഹ്രസ്വകാല റിക്രൂട്ട്‌മെന്റായ അഗ്നിപഥിന് കരസേന വിജ്ഞാപനമിറങ്ങി. ജൂലൈ മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. കരസേനയില്‍ ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23 നുമായി രണ്ട് ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ 2023 പകുതിയോടെ സേനയുടെ ഭാഗമാകുമെന്ന് കരസേന മേധാവി മനോജ് പാണ്ഡെ ഇന്നലെ വ്യക്തമാക്കിയിരുന്നു. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കും.

17.5 മുതല്‍ 21 വയസുവരെയുള്ള ഉദ്യോഗാര്‍ഥികള്‍ക്കുള്ളതാണ് അഗ്നിപഥ്. സൈന്യത്തെ കൂടുതല്‍ യുവത്വത്തിലേക്കെത്തിക്കുക എന്നതാണ് പദ്ധതി കൊണ്ടുള്ള ലക്ഷ്യങ്ങളില്‍ ഒന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ ശക്തമായ പ്രതിഷേധമാണ് രാജ്യം മുഴുവന്‍ സര്‍ക്കാരിന് നേരിടേണ്ടി വന്നത്. സ്ഥിരം ജോലി എന്ന തങ്ങളുടെ സ്വപ്നത്തെ ബാധിക്കുമെന്നതിനാല്‍ രാജ്യം മുഴുവനുമുള്ള ഉദ്യോഗാര്‍ഥികളെല്ലാം പ്രതിഷേധിച്ചു. ബിഹാര്‍, അസം, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ എട്ടോളം സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായി. നാലു വര്‍ഷത്തിനു ശേഷം ഉദ്യോഗാര്‍ഥികള്‍ക്ക് അസം റൈഫിള്‍സ് പോലെയുള്ള വിഭാഗങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയെങ്കിലും പ്രക്ഷോപത്തിന് കുറവ് വന്നില്ല. അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നാണ് പ്രക്ഷോപകാരികളുടെ ആവശ്യം. എന്നാല്‍, നിയമന നടപടികളുമായി മുന്നോട്ടുപോകുമെന്ന തീരുമാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍. അതുകൊണ്ടാണ് വിജ്ഞാപനമിറക്കിയത്.

രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ച പ്രക്ഷോഭകാരികള്‍ക്ക് പദ്ധതിയിലൂടെ നിയമനം ഉണ്ടാകില്ലെന്ന് ലെഫ്. ജനറല്‍ അനില്‍ പുരി പറഞ്ഞു. അക്രമങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന പ്രതിജ്ഞാ പത്രം ഉദ്യോഗാര്‍ഥികള്‍ നല്‍കണം. കേസുണ്ടെങ്കില്‍ നിയമനം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *