അഗ്നിയെ തണുപ്പിക്കാന്‍ കേന്ദ്രം; അഗ്നിവീര്‍ അംഗങ്ങള്‍ക്ക് സംവരണം

അഗ്നിയെ തണുപ്പിക്കാന്‍ കേന്ദ്രം; അഗ്നിവീര്‍ അംഗങ്ങള്‍ക്ക് സംവരണം

ന്യൂഡല്‍ഹി: ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റായ അഗ്നിപഥിനെതിരായ രാജ്യവ്യാപക പ്രതിഷേധത്തില്‍ അയഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. പ്രതിഷേധത്തെ തണുപ്പിക്കാനായി സര്‍ക്കാര്‍ അഗ്നിവീരന്മാര്‍ക്ക് സംവരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതി വഴി സൈനിക സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അര്‍ധസൈനിക വിഭാഗങ്ങളില്‍ സംവരണം നല്‍കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. പത്തു ശതമാനം ഒഴിവുകള്‍ അഗ്നിവീറുകള്‍ക്ക് മാറ്റിവയ്ക്കാനാണ് തീരുമാനം. അസം റൈഫിള്‍സിലും സംവരണം നല്‍കും. നിയമനത്തിനുള്ള പ്രായപരിധിയില്‍ മൂന്നു വര്‍ഷം ഇളവ് നല്‍കാനും തീരുമാനമായി. ഇതോടൊപ്പം ഈ വര്‍ഷം അഗ്നിപഥ് വഴി സേനയില്‍ ചേരുന്നവര്‍ക്ക് അഞ്ച് വയസിന്റെ ഇളവും ലഭിക്കും.

ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ അഗ്നിപഥ് പദ്ധതി വഴിയുള്ള റിക്രൂട്ട്‌മെന്റുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നടപടികളുമായി മുന്നോട്ട് പോകാന്‍ സായുധ സേനകള്‍ക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം നിര്‍ദേശം നല്‍കി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. വ്യോമസേന നടപടികള്‍ വെള്ളിയാഴ്ച തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കരസേന തിങ്കളാഴ്ച നടപടികള്‍ ആരംഭിക്കും.

അതേ സമയം, പദ്ധതിക്കെതിരായ പ്രതിഷേധം തുടരുകയാണ്. ബീഹാറില്‍ ഇതുവരെ 507 പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായി. എഴുപതിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാറ്റ്‌ന ഉള്‍പ്പെടെ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സുരക്ഷ കൂട്ടി. ബിഹാറിലെ ലഖിസാരായില്‍ പ്രതിഷേധക്കാര്‍ തീയിട്ട ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന്‍ മരിച്ചു. പുക ശ്വസിച്ച് കുഴഞ്ഞു വീണ ഇയാള്‍ ചികിത്സയിലായിരുന്നു. വലിയ പ്രതിഷേധങ്ങള്‍ മുന്നില്‍ കണ്ട് കൂടുതല്‍ പോലിസുകാരെ സജ്ജമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ഉത്തര്‍ പ്രദേശില്‍ പ്രതിഷേധിച്ച 260 പേര്‍ അറസ്റ്റിലായി. നാല് ജില്ലകളിലായി ആറ് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ഹരിയാനയിലും ബിഹാറിലും ഇന്റര്‍നെറ്റിനുള്ള വിലക്ക് തുടരുകയാണ്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് ബിഹാറില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബീഹാര്‍ ബന്ദ് ആചരിക്കുകയാണ്. തെലങ്കാനയില്‍ ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ പോലിസ് അറസ്റ്റ് ചെയ്തു. 94 എക്‌സ്പ്രസ് ട്രെയിനുകളും 140 പാസഞ്ചര്‍ ട്രയിനുകളുമാണ് സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്നലെ റദ്ദാക്കിയത്. 340 ട്രെയിന്‍ സര്‍വിസുകളെ പ്രതിഷേധം ബാധിച്ചെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *