പ്രതിഷേധം രൂക്ഷം; അഗ്‌നിപഥ് ഉടന്‍ പിന്‍വലിക്കില്ലെന്ന് പ്രതിരോധമന്ത്രി

പ്രതിഷേധം രൂക്ഷം; അഗ്‌നിപഥ് ഉടന്‍ പിന്‍വലിക്കില്ലെന്ന് പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യത്ത് പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പദ്ധതി ഉടന്‍ പിന്‍വലിക്കില്ലെന്ന സൂചനയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. നിയമനത്തിനായുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. യുവാക്കള്‍ റിക്രൂട്ട്മെന്റിന് തയാറായിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. അഗ്നിപഥ് യുവാക്കള്‍ക്ക് മികച്ച അവസരമാണ് നല്‍കുന്നത് അത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിക്ക് എതിരേ പ്രതിഷേധം ശക്തമാവുകയാണ്. ബിഹാറില്‍ ഉപമുഖ്യമന്ത്രിയുടെ വീടിന് നേരെ ആക്രമണമുണ്ടായി. ട്രെയിനുകള്‍ക്ക് തീയിട്ടു. ബിഹാറിലെ ആര റെയില്‍വേ സ്റ്റേഷനിലും ആക്രമണമുണ്ടായി. പ്രതിഷേധക്കാര്‍ സ്റ്റേഷന്‍ അടിച്ച് തകര്‍ത്തു. സരണില്‍ ബി.ജെ.പി എം.എല്‍.എയുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി. ബിഹാറിന് പുറമെ ഉത്തര്‍പ്രദേശിലും വ്യാപക അക്രമം തുടരുകയാണ്.

ഉത്തരേന്ത്യക്ക് പുറമെ ദക്ഷിണേന്ത്യയിലും പ്രതിഷേധം ശക്തമാവുകയാണ്. തെലങ്കാനയിലെ സെക്കന്ദരാബാദിലും വന്‍ പ്രതിഷേധമാണ് നടക്കുന്നത്. റെയില്‍വേ സ്റ്റേഷനുകള്‍ അടിച്ചു തകര്‍ക്കുകയും ട്രെയിനുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തു. പദ്ധതി യുവാക്കള്‍ തിരസ്‌കരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. കൃത്യമായ ആസൂത്രണമില്ലാതെയെന്ന് അഗ്നിപഥ് നടപ്പാക്കിയത്. 24 മണിക്കൂറിനകം ചട്ടം മാറ്റേണ്ടിവന്നത് ഇതിന്റെ തെളിവാണെന്നും പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കി.

യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആകുമെന്ന പ്രചാരണം തെറ്റാണ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടി നിയമനം നടത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സൈന്യത്തിലേക്ക് ഹ്രസ്വകാല നിയമനം നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് അഗ്നിപഥ്. നാല് വര്‍ഷത്തേക്ക് മാത്രമായി പ്രതിവര്‍ഷം 46,000 യുവാക്കളെ സേനയിലേക്ക് റിക്രൂട്ട് ചെയ്യാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.

Share

Leave a Reply

Your email address will not be published. Required fields are marked *