എംപ്ലോയീസ് ഗ്രാറ്റിവിറ്റി നിയമം പരിഷ്‌കരിക്കണം: എ.ഐ.ടി.യു.സി

എംപ്ലോയീസ് ഗ്രാറ്റിവിറ്റി നിയമം പരിഷ്‌കരിക്കണം: എ.ഐ.ടി.യു.സി

കോഴിക്കോട്: 1972ല്‍ ദേശീയ തലത്തില്‍ പ്രാബല്യത്തില്‍ വന്ന എംപ്ലോയീസ് ഗ്രാറ്റുവിറ്റി നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ആള്‍ കേരള ഇന്‍ഡസ് മോട്ടേഴ്‌സ് എംപ്ലോയീസ് യൂണിയന്‍ (എ.ഐ.ടി.യു.സി) നാലാം സംസ്ഥാന സമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ഗ്രാറ്റുവിറ്റിക്ക് അര്‍ഹതപ്പെട്ട ഒരു തൊഴിലാളിക്ക് അമ്പത് കൊല്ലം മുമ്പ് നിയമം കൊണ്ടുവന്നപ്പോള്‍ ഉണ്ടായിരുന്ന ഒരു കൊല്ലത്തെ സര്‍വീസിന് 15 ദിവസത്തെ വേതനം തന്നെയാണ് ഇന്നും ലഭ്യമാകുന്നതെന്നും ഇതിന്റെ അപര്യാപ്തത മനസിലാക്കി അടിയന്തരമായി നിയമപരിഷ്‌കരണം നടത്തണമെന്നും കോഴിക്കോട് കല്ലായി റോഡിലെ സ്‌നേഹാഞ്ജലി ഓഡിറ്റോറിയ (കല്ലാട്ട് കൃഷ്ണന്‍ നഗര്‍)ത്തില്‍ നടന്ന സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും ഇന്‍ഡസ് മോട്ടേഴ്‌സ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റുമായ ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ കൊള്ളയടിക്കാനെത്തുന്ന കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് വേണ്ടി മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കല്ലുവച്ച നുണകള്‍ പ്രചരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ ഭരണ പരാജയം മറച്ചുവയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആര്‍.എസ്.എസിന്റെ മുസ്‌ലിം പതിപ്പാണ് പോപ്പുലര്‍ ഫ്രണ്ടെന്നും ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ഇരുവരുടെയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഗീയ ഭ്രാന്തിനെ മറ്റൊരു വര്‍ഗീയ ഭ്രാന്തിനെ കൊണ്ട് നേരിടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് കെ.ജി പങ്കജാക്ഷന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ഫൈസല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ നാസര്‍ സ്വാഗതം പറഞ്ഞു. സി.കെ ഷൈമ രക്തസാക്ഷി പ്രമേയവും ആര്‍.സതീഷ് കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഇ.സി സതീശന്‍, ടി.എം സജീന്ദ്രന്‍, സി.പി സദാനന്ദന്‍, പി.സുനില്‍ കുമാര്‍, എസ്.എ കുഞ്ഞിക്കോയ, കെ.ഷണ്‍മുഖന്‍, എ.ഇ സിയാദ്, ഷിന്റോ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി ബിനോയ് വിശ്വം എം.പി (പ്രസിഡന്റ്), കെ.ജി പങ്കജാക്ഷന്‍ (വര്‍ക്കിങ് പ്രസിഡന്റ്), സി. ഫൈസല്‍ (ജനറല്‍ സെക്രട്ടറി), കെ.ഷണ്‍മുഖന്‍ (ഓര്‍ഗനൈസിങ് സെക്രട്ടറി), എസ്.എ കുഞ്ഞിക്കോയ (ഖജാഞ്ചി), പി.കെ നാസര്‍, മനോദ് ബാലന്‍, ഷൈമ, ഷിബിന, ഫിറോസ്, സുധീഷ്, ഉമേഷ്, ഷിന്റോ (വൈസ് പ്രസിഡന്റുമാര്‍), പി.വി മാധവന്‍, പി. സുനില്‍ കുമാര്‍, ആര്‍. സതീഷ്, ആര്‍. ബിനു, ഷിജു, സതീശന്‍, സിയാദ്, ഷറഫുദ്ദീന്‍ (ജോ. സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *