ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകുക. കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കള്ളക്കേസെടുത്ത് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് രാജ്യവ്യാപകമായി ഇ.ഡി ഓഫിസുകളിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം കോണ്‍ഗ്രസിന്റെ മാര്‍ച്ചിന് ഡല്‍ഹി പോലിസ് അനുമതി നിഷേധിച്ചു. സാമുദായിക, ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാനുളള സാധ്യത ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഡല്‍ഹിയില്‍ എ.ഐ.സി.സി ആസ്ഥാനം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗതാഗത നിയന്ത്രണവും ആരംഭിച്ചു. ഇ.ഡി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് പോലിസിന്റെ മുന്നറിയിപ്പ്.
ഈ മാസം 23 ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഇ.ഡിക്ക് മുന്നില്‍ ഹാജരാകും. കഴിഞ്ഞ ആഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും കൊവിഡ് ബാധിച്ചതിനാല്‍ സോണിയാ ഗാന്ധി ഹാജരായിരുന്നില്ല. നേരത്തെ രാജ്യസഭാ ഉപനേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ, ട്രഷറര്‍ പവന്‍കുമാര്‍ ബന്‍സാല്‍ എന്നിവരുടെ മൊഴിയടുത്തിരുന്നു.