തിരുവനന്തപുരം: കേരളത്തില്‍ വിവിധ കൂലിത്തൊഴിലുകള്‍ ചെയ്തുവരുന്ന പ്രത്യേക സംവരണമോ മറ്റവകാശങ്ങളോ ഇന്നുവരെ ലഭിച്ചിട്ടില്ലാത്ത 50 ലക്ഷത്തിലധികം ജനസംഖ്യയുള്ള 81 സമുദായങ്ങള്‍ ഉള്‍പ്പെട്ട അദര്‍ ബാക്‌വേഡ് ഹിന്ദുക്കള്‍ക്ക് 1979 വരെയുണ്ടായിരുന്ന 10 ശതമാനം സംവരണം പുനഃസ്ഥാപിക്കണമെന്ന് മോസ്റ്റ് ബാക്ക്‌വേഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്‍ (എം.ബി.സി.എഫ്) സംസ്ഥാന ജന.സെക്രട്ടറി എസ്. കുട്ടപ്പന്‍ ചെട്ട്യാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
81 സമുദായങ്ങള്‍ക്ക് ഇപ്പോള്‍ നിലവിലുള്ള മൂന്നു ശതമാനം സംവരണത്തോടൊപ്പം 41 മുന്നോക്ക ക്രിസ്ത്യന്‍ സമുദായങ്ങളിലെ 5 ലക്ഷത്തോളം വരുന്ന നാടാര്‍ സമുദായത്തെകൂടി ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ സംവരണം അട്ടിമറിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി സര്‍ക്കാര്‍ മോസ്റ്റ് കമ്മ്യൂണിറ്റീസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ രൂപീകരിക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന മൈക്രോ ക്രെഡിറ്റ് പദ്ധതിയില്‍ ഓ.ബി.എച്ച് വിഭാഗങ്ങളിലെ വനിതാ സംഘങ്ങളെ ഉള്‍പ്പെടുത്തണം. എം.ബി.സി.എഫിന്റെ 30ാം സംസ്ഥാന സമ്മേളനം ജൂലൈ 12ന് ചൊവ്വാഴ്ച തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളില്‍ നടക്കും. സമ്മേളനത്തില്‍ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി സേതുമാധവ പണിക്കരും പങ്കെടുത്തു.