എയ്ഡഡ് മേഖലയിലെ പി.എസ്.സി നിയമനം: വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭം നടത്തും – ഹമീദ് വാണിയമ്പലം

എയ്ഡഡ് മേഖലയിലെ പി.എസ്.സി നിയമനം: വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭം നടത്തും – ഹമീദ് വാണിയമ്പലം

കോഴിക്കോട്: എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്നും പൊതു-സ്വകാര്യ മേഖലകളിലെ നിയമനങ്ങളില്‍ സംവരണതത്വം പാലിക്കണമെന്നും ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശമ്പള പരിഷ്‌കരണ കമ്മീഷന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ശമ്പളം പറ്റുന്ന 5,15,639 ഉദ്യോഗസ്ഥരില്‍ 1,38,574 പേര്‍ എയ്ഡഡ് മേഖലയിലാണ്. ഇവരുടെ ശമ്പളം, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കായി പ്രതിവര്‍ഷം ഏകദേശം 10,000 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവിടുന്നതെന്നും ഈ മേഖലയില്‍ സംവരണമില്ലാത്തതിനാല്‍ ഒട്ടുമിക്ക മാനേജ്‌മെന്റുകളും കോഴ വാങ്ങിയാണ് നിയമനം നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ 7214 എയ്ഡഡ് സ്‌കൂളുകളില്‍ 93727 അധ്യാപകരാണുള്ളത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 846ഉം, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 128 എയ്ഡഡ് സ്‌കൂളുകള്‍ കൂടിയുണ്ട്. അധ്യാപകര്‍ക്ക് പുറമേ ശമ്പളം ലഭിക്കുന്ന അനധ്യാപകരും ഇവിടെ ജോലിയെടുക്കുന്നുണ്ട്. യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ചു നിയമസഭാ സമിതിയുടെ (2016-19) റിപ്പോര്‍ട്ടില്‍ എയ്ഡഡ് സ്‌കൂളുകളില്‍ പട്ടികവര്‍ഗക്കാരായ 75 അധ്യാപകരാണുള്ളത്.

സംസ്ഥാനത്ത് 52 സര്‍ക്കാര്‍ കോളേജുകളും 180 എയ്ഡഡ് കോളേജുകളും ഉണ്ട്. സര്‍ക്കാര്‍ കോളേജുകളില്‍ 12 ശതമാനം പട്ടികജാതി/പട്ടികവര്‍ഗക്കാരായ അധ്യാപകര്‍ ഉണ്ടാകും. അതേസമയം 7199 എയ്ഡഡ് കോളേജ് അധ്യാപകരില്‍ 49 പേര്‍ മാത്രമാണ് എസ്.സി,എസ്.ടി വിഭാഗത്തില്‍ നിന്നുമുള്ളത്. സംവരണതത്വം പാലിച്ചിരുന്നെങ്കില്‍ 864 പേര്‍ ഈ വിഭാഗത്തില്‍നിന്ന് അധ്യാപകരായിട്ടുണ്ടാകും.

നാലായിരത്തോളം അനധ്യാപക തസ്തികകളിലും ഇതേ സ്ഥിതിയാണുള്ളത്. 105 പൊതുമേഖല സ്ഥാപനങ്ങളില്‍ എസ്.സി/എസ്.ടി വിഭാഗക്കാരുടെ കുറവുണ്ട്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലും സംവരണതത്വം പാലിക്കണം. സര്‍ക്കാര്‍ സംരഭങ്ങളുടെ നടത്തിപ്പടക്കം സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന സാഹചര്യത്തില്‍ സംവരണം നിര്‍ബന്ധമാക്കണം. പൊതുമേഖല സ്ഥാപനങ്ങളിലെ പാര്‍ട്ടി നിയമനങ്ങള്‍ അവസാനിപ്പിക്കണം. ഇക്കാര്യത്തില്‍ വിപുലമായ ജനസമ്പര്‍ക്കം പരിപാടികളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാനസെക്രട്ടറി സജീദ് ഖാലിദ്, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എ.പി വേലായുധന്‍, ജില്ലാ സെക്രട്ടറി മുസ്തഫ പാലാഴിയും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *