എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും വേണം: പ്രവാചക നിന്ദയില്‍ പ്രതികരിച്ച് യു.എന്‍

എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും വേണം: പ്രവാചക നിന്ദയില്‍ പ്രതികരിച്ച് യു.എന്‍

ന്യൂയോര്‍ക്ക്: പ്രവാചകനെതിരായ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മയുടെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരണവുമായി യു.എന്നും. ‘ഞാന്‍ കഥകള്‍ കണ്ടിട്ടുണ്ട്, പക്ഷേ പ്രസ്താവനകള്‍ കണ്ടിട്ടില്ല. എന്ത് തന്നെയായാലും എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും പുലര്‍ത്തുന്നത് യു.എന്‍ പ്രോത്സാഹിപ്പിക്കുന്നു,’ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റിഫാന്‍ ഡുജാറികിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പ്രവാചകനെതിരേ മുന്‍ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ അതൃപ്തിയറിയിച്ചിരുന്നു. ഇതിനെക്കുറിച്ച് പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സ്റ്റിഫാന്‍. പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. വിവിധ ഗള്‍ഫ് രാജ്യങ്ങളും സംഭവത്തില്‍ അതൃപ്തിയറിയിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെ വിമര്‍ശനത്തിനെതിരേ ഇന്ത്യ മറുപടി നല്‍കിയിരുന്നു.

ഒ.ഐ.സി സെക്രട്ടേറിയറ്റിന്റെ അനാവശ്യവും ഇടുങ്ങിയതുമായ ചിന്താഗതികളെ പൂര്‍ണമായി നിരസിക്കുന്നുവെന്നായിരുന്നു ഇന്ത്യന്‍ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞത്. ഒ.ഐ.സി വീണ്ടും രാജ്യത്തിനെതിരായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ ഖേദമുണ്ട്. ഇത് തുറന്നുകാട്ടുന്നത് ഒ.ഐ.സിയുടെ വിഭാഗീയതയാണെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രിക്കും സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴയായിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് ലജ്ജിച്ച് തലകുനിക്കേണ്ടി വന്നിട്ടില്ലെന്ന് മോദി നേരത്തെ പറഞ്ഞിരുന്നു.

രാജ്യത്തെ ജനങ്ങള്‍ക്ക് ലജ്ജിച്ച് തലകുനിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്നും അത്തരം അവസരം ഇല്ലാതിരിക്കാന്‍ തന്നെക്കൊണ്ട് കഴിയുന്ന വിധം പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു മോദിയുടെ പ്രസ്താവന. ടൈംസ് നൗവില്‍ ഗ്യാന്‍വാപിയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ ബി.ജെ.പി വക്താവായിരുന്ന നൂപുര്‍ ശര്‍മ നടത്തിയ പ്രവാചകനെതിരായ പരാമര്‍ശമാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. ഇസ്ലാം മതത്തില്‍ പരിഹസിക്കാന്‍ പാകത്തിന് നിരവധി കാര്യങ്ങളുണ്ടെന്നായിരുന്നു നൂപുറിന്റെ ആരോപണം.

Share

Leave a Reply

Your email address will not be published. Required fields are marked *