കൊച്ചി: വിദ്വേഷ പ്രസംഗകേസില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ല സെഷന്‍സ് കോടതിയുടെതാണ് നടപടി. വെണ്ണല വിദ്വേഷ പ്രസംഗ കേസിലാണ് പി.സി ജോര്‍ജ് മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷിച്ചിരുന്നത്. തുടര്‍ച്ചയായി സമാനരീതിയിലുള്ള കുറ്റകൃത്യം ആവര്‍ത്തിക്കുകയാണ് പി.സി ജോര്‍ജെന്ന് പോലിസ് വാദിച്ചു. പ്രസംഗത്തിന്റെ വീഡിയോ പോലിസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കോടതിയുടെ നടപടി.
വെണ്ണലയിലെ ഒരു ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണത്തിലാണ് പി.സി ജോര്‍ജ് വിദ്വേഷപ്രസംഗം നടത്തിയത്. പാലാരിവട്ടം പോലിസാണ് പ്രസംഗത്തില്‍ കേസെടുത്തത്.
അതേസമയം പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കുന്നതിന് വേണ്ടി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഹരജി പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി. കഴിഞ്ഞ ദിവസാമാണ് കോടതി കേസ് പരിഗണിച്ചത്. മുസ്‌ലിം വിഭാഗത്തെ പി.സി ജോര്‍ജ് അപകീര്‍ത്തിപ്പെടുത്തിയെന്നും അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ മതങ്ങളിലെ ദുരാചാരം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്ന് പി.സി ജോര്‍ജ് കോടതിയെ അറിയിച്ചു. ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയത്. പോലിസ് രാഷ്ട്രീയപ്രേരിതമായാണ് കേസെടുത്തതെന്നും പിസി ജോര്‍ജിന്റെ അഭിഭാഷകന്‍ വാദിച്ചു.