തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവിതരണം ഇന്ന് മുതല്‍. ഇതിനായി ധനവകുപ്പ് 30 കോടിയുടെ സഹായം നല്‍കും. ശമ്പളവിതരണത്തില്‍ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് സഹായത്തിനായി ധനവകുപ്പുമായി ചര്‍ച്ച നടത്തുകയും ധാരണയിലെത്തിയതായും കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. ഇന്ന് ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാലുമായി അവസാനവട്ട ചര്‍ച്ച നടത്തും.
ഏപ്രില്‍ മാസത്തെ ശമ്പളത്തിനായി ജീവനക്കാര്‍ കാത്തിരുന്നത് മൂന്ന് ആഴ്ചയിലേറെയാണ്. ഭരണാനുകൂല സംഘടനയായ സി.ഐ.ടി.യു വരെ മൗനം വെടിഞ്ഞ് അനിശ്ചിതകാല പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഐ.എന്‍.ടി.യു.സിയും എ.ഐ.ടി.യു.സിയും അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചിരുന്നു. തൊഴിലാളി യൂണിയനുകള്‍ സമ്മര്‍ദ്ദം കടുപ്പിച്ചതോടെയാണ് സര്‍ക്കാര്‍ അനങ്ങിത്തുടങ്ങിയത്.