കോഴിക്കോടേക്ക് പോന്നോളൂ: പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിനൊരുങ്ങി ജില്ല

കോഴിക്കോടേക്ക് പോന്നോളൂ: പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിനൊരുങ്ങി ജില്ല

കോഴിക്കോടേക്ക് പോന്നോളൂ: പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിനൊരുങ്ങി ജില്ല

കോഴിക്കോട്: ചാലിപ്പുഴയുടെയും ഇരുവഞ്ഞിയുടെയും ജലപ്പരപ്പില്‍ സാഹസികതയുടെ ആവേശോജ്ജ്വല തുഴയെറിയുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ വരവായി. മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് എഡിഷന്‍ കോഴിക്കോട് ജില്ലയിലെ തുഷാരഗിരിയില്‍ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി ജൂലൈ 25 മുതല്‍ നാല് ദിവസം നടക്കും.

ദക്ഷിണേന്ത്യയില്‍ വൈറ്റ് വാട്ടര്‍ കയാക്കിങ്ങ് പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്യുക എന്ന മുഖ്യലക്ഷ്യത്തോടെ നടത്തുന്ന ഫെസ്റ്റിവല്‍, പ്രീ-ഇവന്റുകള്‍ ഉള്‍പ്പെടെ ഇത്തവണ വിപുലമായി എട്ട് ഗ്രാമപഞ്ചായത്തുകളിലും (കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂര്‍, പുതുപ്പാടി, ഓമശ്ശേരി, ചക്കിട്ടപ്പാറ) മുക്കം മുനിസിപ്പാലിറ്റിയിലുമായാണ് നടക്കുക.

കോടഞ്ചേരിയിലെ പുലിക്കയത്തിനും തിരുവമ്പാടിയിലെ അരിപ്പയ്ക്കും പുറമെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മീന്‍തുള്ളിപാറയിലും (ഫ്‌ലാറ്റ് വാട്ടര്‍ കയാക്കിങ്ങ്) കയാക്കിങ്ങ് അരങ്ങേറും.

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി (കെഎടിപിഎസ്) ഡിടിപിസി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ
സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ പ്രഥമയോഗം ബുധനാഴ്ച ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന് സംഘാടകസമിതി രൂപീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

ഈ വര്‍ഷം 20ല്‍ അധികം രാജ്യങ്ങളില്‍നിന്നുള്ള അന്താരാഷ്ട്ര റൈഡര്‍ മാരെയും നൂറിലധികം ദേശീയ കയാക്കര്‍മാരെയുമാണ് പ്രതീക്ഷിക്കുന്നത്. എട്ട് രാഷ്ട്രങ്ങളില്‍ നിന്നുള്ള 11 അന്താരാഷ്ട്ര കയാക്കര്‍മാര്‍ ഇതിനകം തന്നെ പങ്കാളിത്തം
സ്ഥിരീകരിച്ചു.

പ്രീ-ഇവന്റുകള്‍

റിവര്‍ ഫെസ്റ്റിവലിന്റെ പ്രചാരണാര്‍ത്ഥം പതിവില്‍ കൂടുതല്‍ പ്രീ-ഇവന്റുകള്‍ ഇത്തവണ സംഘടിപ്പിക്കും.
വ്യത്യസ്ത തരത്തിലുള്ള സാഹസിക കായിക വിനോദങ്ങള്‍ ആയിരിക്കും എട്ട് ഗ്രാമപഞ്ചായത്തുകളിലും മുക്കം മുന്‍സിപ്പാലിറ്റിയിലുമായി അരങ്ങേറുക.

ഫ്രിസ്ബീ, എംടിബി (മൗണ്ടന്‍ ബൈക്ക്), സൈക്കിള്‍ റാലി, വാട്ടര്‍പോളോ, നീന്തല്‍, ഓഫ് റോഡ് ദേശീയ ചാമ്പ്യന്‍ഷിപ്പ്, ഓഫ് റോഡ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പ്, ചൂണ്ടയിടല്‍, വള്ളംകളി, പര്‍വതാരോഹണത്തില്‍ പരിശീലനം, മഴനടത്തം, റഗ്ബി, മഡ് ഫുട്‌ബോള്‍,
ഓഫ് റോഡ് ജീപ്പ് സഫാരി, മോട്ടോര്‍ സൈക്കിള്‍ റാലി, സൈക്കിള്‍ റാലി എന്നിവയാണ് പ്രധാന പ്രീ-ഇവന്ററുകള്‍.

പ്രാദേശിക സംരംഭകത്വ പരിശീലനം

പ്രാദേശിക സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി ഏര്‍പ്പെടുത്തുന്ന പരിശീലന പരിപാടി ഇത്തവണത്തെ പുതുമയാണ്. ഹോംസ്റ്റേ പ്രോഗ്രാം, ഫാം ടൂറിസം,ഹോംമെയ്ഡ് ഭക്ഷണം ഉണ്ടാക്കുന്നതില്‍ സ്ത്രീകള്‍ക്ക് പരിശീലനം, സാഹസിക വിനോദസഞ്ചാരം എന്നിവയിലാണ് പരിശീലന പരിപാടി നടത്തുക.

ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷന്‍ ആണ് റിവര്‍ ഫെസ്റ്റിന് സാങ്കേതിക സഹായം നല്‍കുന്നത്. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എംഎല്‍എ, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി കെ ബിജു, ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റ് ചെയര്‍മാന്‍ എസ് കെ സജീഷ് എന്നിവര്‍ പങ്കെടുത്തു.

ഓഫ് ലൈനായി ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, കെഎടിപിഎസ്
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബിനു കുര്യാക്കോസ്, ടൂറിസം ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *