നൈറ്റ് കര്‍ഫ്യൂവിനെതിരെ സമരം: 5 വിദ്യാര്‍ഥികളില്‍നിന്ന് 33 ലക്ഷം ഈടാക്കാന്‍ എന്‍ഐടി
കോഴിക്കോട് എന്‍.ഐ.ടി കോഴിക്കോട്: സമരം ചെയ്ത വിദ്യാര്‍ഥികളില്‍നിന്ന് വന്‍ തുക പിഴ ഈടാക്കാനുള്ള നീക്കവുമായി കോഴിക്കോട് എന്‍.ഐ.ടി അധികൃതര്‍. അഞ്ച് വിദ്യാര്‍ഥികളില്‍ നിന്ന് 33 ലക്ഷം രൂപ പിഴ ഈടാക്കണമെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രാത്രികാലത്ത് കാമ്പസ് വിട്ട് പുറത്തുപോകുന്നത് വിലക്കിയതിനെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് പിഴ. ഒരു വിദ്യാര്‍ഥി 6,61,155 രൂപയാണ് പിഴ അടക്കേണ്ടത്.
2024 മാര്‍ച്ച് 22-നായിരുന്നു നൈറ്റ് കര്‍ഫ്യുവിനെതിരായ സമരം. രാവിലെ 7.30 മുതല്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരം കാരണം അന്നത്തെ ദിവസം അധ്യപകരുള്‍പ്പെടയുള്ളവര്‍ക്ക് അകത്ത് പ്രവേശിക്കാന്‍ സാധിച്ചില്ല. അന്നത്തെ പ്രവൃത്തി ദിവസം നഷ്ടമായതിനാല്‍ സ്ഥാപനത്തിനുണ്ടായിരിക്കുന്ന നഷ്ടം നികത്താന്‍ 33 ലക്ഷം രൂപ പിഴ ഈടാക്കണമെന്നാണ് നോട്ടീസ്.
നൈറ്റ് കര്‍ഫ്യൂ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായി രാത്രി 11 മണിക്ക് ശേഷം ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയ ഡീനിന്റെ ഉത്തരവിനെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഉത്തരവ് പ്രകാരം രാത്രി 11 മണിക്ക് ശേഷം വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസിന് അകത്തേക്ക് പോകാനും ക്യാമ്പസില്‍ നിന്ന് പുറത്ത് പോകാനും കഴിയില്ലായിരുന്നു.