ക്ലോഡിയ ഷെയിന്‍ബോം: മെക്‌സിക്കോയുടെ പ്രഥമ വനിതാ പ്രസിഡന്റ്

ക്ലോഡിയ ഷെയിന്‍ബോം: മെക്‌സിക്കോയുടെ പ്രഥമ വനിതാ പ്രസിഡന്റ്

ചരിത്രത്തില്‍ രാഷ്ട്രത്തലവരുടെ പട്ടികകളില്‍ ഇടംനേടിയ വനിതകള്‍ ചുരുക്കമാണെങ്കിലും പ്രവര്‍ത്തനശൈലി കൊണ്ടും നിലപാടുകള്‍കൊണ്ടും ഭരണ വൈദഗ്ധ്യം കൊണ്ടും എന്നും ജനമനസ്സുകളില്‍ ജീവിക്കുന്ന നേതാക്കളുണ്ട്. ലോക ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി ശ്രീലങ്കയുടെ സിരിമാവോ ബണ്ഡാരനായകെ മുതല്‍ ഇന്ത്യന്‍ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി, യുകെയുടെ മാര്‍ഗരറ്റ് താച്ചര്‍, പാക്കിസ്ഥാന്റെ ബേനസീര്‍ ബൂട്ടോ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, ജര്‍മനിയുടെ ചാന്‍സലര്‍ ആയിരുന്ന ആഞ്ചല മെര്‍ക്കല്‍, ബ്രസീലിയന്‍ പ്രസിഡന്റ് പദവി അലങ്കരിച്ച ഡില്‍മ റൂസഫ്, ന്യൂസിലന്‍ഡിന്റെ ജസിന്‍ഡ ആര്‍ഡന്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും

ഈ നിരയിലേക്ക് പുതുതായി എത്തിയത് ഒരു മെക്‌സിക്കന്‍ വനിതയാണ്. ക്ലോഡിയ ഷെയിന്‍ബോം. മെക്‌സിക്കോയില്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ 200 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യത്തെ വനിതാ പ്രസിഡന്റെന്ന വിശേഷണവുമായാണ് ഈ 61കാരി ശ്രദ്ധ നേടുന്നത്.

ഇടതുപക്ഷ പാര്‍ട്ടി മൊറേനയുടെ സ്ഥാനാര്‍ഥിയായ ക്ലോഡിയ 60 ശതമാനം വോട്ട് നേടിയാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. മെക്‌സിക്കോയില്‍ 2000ല്‍ ഏകകക്ഷി സമ്പ്രദായം അവസാനിച്ചതിന് ശേഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥി നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. മുഖ്യ എതിരാളിയായ സൊചിതിന്‍ ഗാല്‍വേസിനേക്കാള്‍ 30 ശതമാനം അധികം വോട്ടാണ് അവര്‍ നേടിയത്. ഇതാദ്യമായാണ് രണ്ട് വനിതകള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്നത്.

നിലവിലെ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസിന്റെ വിശ്വസ്ഥയായ ക്ലോഡിയ ഒക്ടോബര്‍ ഒന്നിന് ആന്‍ഡ്രസ് സ്ഥാനമൊഴിയുന്നതോടെ പ്രസിഡന്റായി അധികാരമേല്‍ക്കും. എനര്‍ജി എന്‍ജിനീയറിംഗില്‍ ഡോക്ടറേറ്റുള്ള ക്ലോഡിയ കാലാവസ്ഥാ ശാസ്ത്രജ്ഞ കൂടിയാണ്. 2000ത്തിലാണ് അവര്‍ രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നത്. മെക്‌സിക്കോ മേയറായ ഒബ്രഡോര്‍ എത്തിയതിന് പിന്നാലെയായിരുന്നു ഇത്. 2006ല്‍ ഒബ്രഡോറിന്റെ പ്രഥമ പ്രസിഡന്റ് പ്രചാരണത്തിന്റെ മുഖ്യ വക്താവായിരുന്ന ക്ലോഡിയ
2007ല്‍ സമാധാന നൊബേല്‍ നേടിയ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് എന്ന യുഎന്‍ ഏജന്‍സിയുടെ ഭാഗവുമായിരുന്നു. 2015ല്‍ ത്‌ലാപാന്‍ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടു. 2018ല്‍ മെക്‌സിക്കോ സിറ്റിയുടെ ആദ്യ വനിതാ മേയറായി. അധികാരത്തിനായി അതിക്രമം നടത്തുന്ന ക്രിമിനല്‍ സംഘങ്ങളുടെ പേരില്‍ ഏറെ കുപ്രസിദ്ധമായ മെക്‌സിക്കോയില്‍ ഭരണം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോവുക എന്നത് ക്ലോഡിയോക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. ഈ തെരഞ്ഞെടുപ്പ് കാലത്ത് 30ലേറെ സ്ഥാനാര്‍ത്ഥികളാണ് മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ലഹരി കാര്‍ട്ടലിനോട് സന്ധി ചെയ്യാതെ രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ ക്ലോഡിയക്ക് കഴിയുമെന്നാണ് മെക്‌സ്‌ക്കോയിലെ ജനം വിശ്വസിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *