സുനിത വില്യംസ് മൂന്നാമതും ബഹിരാകാശ നിലയത്തില്‍

സുനിത വില്യംസ് മൂന്നാമതും ബഹിരാകാശ നിലയത്തില്‍

സുനിത വില്യംസ് മൂന്നാമതും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ഫ്ളോറിഡയിലെ കേപ് കനാവറല്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് വിക്ഷേപിച്ച നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ ബോയിംഗ് സ്റ്റാര്‍ലൈനര്‍ എന്ന പേടകം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തി. പേടകത്തില്‍ ഉണ്ടായിരുന്ന നാസ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും, ക്രൂമേറ്റ് ബുച്ച് വില്‍മോറും സ്‌പേസ് സ്റ്റേഷനിലേക്കെത്തുന്നതിന്റെ ദൃശ്യങ്ങളും നാസ എഖ്‌സിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഈ പറക്കലിലൂടെ, കന്നിയാത്രയില്‍ തന്നെ ക്രൂഡ് ബഹിരാകാശ പേടകം പൈലറ്റ് ചെയ്യുന്ന ആദ്യ വനിതയായി സുനിത വില്യംസ്. നേരത്തെ രണ്ട് തവണ ബഹിരാകാശ യാത്ര നടത്തിയിട്ടുള്ള 58കാരിയായ സുനിത, ‘വീട്ടിലേക്ക് തിരികെ പോകുന്നതു പോലെയായിരുന്നു’ എന്നാണ് മൂന്നാം യാത്രയില്‍ ബഹിരാകാശത്ത് എത്തിയ ശേഷമുള്ള അനുഭവം വിവരിച്ചത്. ഒരാഴ്ചയോളം ബഹിരാകാശത്ത് തങ്ങുന്ന ഇരുവരും വിവിധ ഗവേഷണങ്ങളില്‍ സഹകരിക്കും. സുനിത വില്യംസ് ഇതുവരെ 322 ദിവസം ബഹിരാകാശത്ത് കഴിഞ്ഞിട്ടുണ്ട്. 1998ലാണ് ബഹിരാകാശ സഞ്ചാരിയായി നാസ സുനിത വില്യംസിനെ തെരഞ്ഞെടുത്തത്. അതിന് മുമ്പ് നാവിക സേനയില്‍ ടെസ്റ്റ് പൈലറ്റായിരുന്ന സുനിത 30തരം വിമാനങ്ങള്‍ ആകെ 3000 മണിക്കൂറിലധികം പറത്തിയിട്ടുണ്ട്. ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ രൂപകല്‍പനയിലും സുനിത വില്യംസ് പങ്കാളിയായിരുന്നു.

ഭാഗികമായി പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകങ്ങളുടെ ഒരു വിഭാഗമാണ് ബോയിംഗ് സ്റ്റാര്‍ലൈനര്‍ അഥ്വാ സിഎസ്ടി-100. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും താഴ്ന്ന ഭൂമി-ഭ്രമണപഥങ്ങളിലേക്കും ബഹിരാകാശ യാത്രികരെ എത്തിക്കാന്‍ ബോയിംഗ് നിര്‍മിച്ചതാണിത്.

15 അടി വ്യാസമുള്ള പേടകം അപ്പോളോ കമാന്‍ഡ് മൊഡ്യൂളിനേക്കാളും സ്പേസ് എക്സ് ഡ്രാഗണ്‍ ക്രൂ ക്യാപ്‌സ്യൂളിനെക്കാളും വലിപ്പമേറിയതാണ്. സ്റ്റാര്‍ലൈനറിന് ഏഴ് പേരെ വരെ ഉള്‍ക്കൊള്ളാനും ഏഴ് മാസം വരെ ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തിരിക്കാനും കഴിയും. പേടകത്തിന്റെ പ്രധാന ഭാഗം 10 തവണ വരെ പുനരുപയോഗിക്കാവുന്നതാണ്. 2010-ലാണ് നാസ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാമിനുവേണ്ടി സ്റ്റാര്‍ലൈനറെ തിരഞ്ഞെടുത്തത്. 2017-ല്‍ മനുഷ്യരെ വഹിച്ചുള്ള ആദ്യത്തെ ക്രൂഡ് ടെസ്റ്റ് ഫ്‌ളൈറ്റ് ടെസ്റ്റ് നടത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ആദ്യത്തെ ആളില്ലാ വിക്ഷേപണ ദൗത്യം 2019 ഡിസംബര്‍ 20 നാണ് നടന്നത്. എട്ട് ദിവസം നീണ്ട ദൗത്യത്തിനാണ് പ്ലാന്‍ ചെയ്തതെങ്കിലും സാങ്കേതിക തകരാറുകളെ തുടര്‍ന്ന് രണ്ട് ദിവസത്തിനകം 2019 ഡിസംബര്‍ 22ന് പേടകം ന്യൂമെക്‌സിക്കോയിലെ വൈറ്റ് സാന്റ്‌സ് സ്‌പേസ് ഹാര്‍ബറില്‍ സുരക്ഷിതമായി തിരിച്ചിറക്കി. പിന്നീട് 2022 മേയ് 19നാണ് പേടകത്തിന്റെ രണ്ടാം ആളില്ലാ പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *