തൃശൂര്‍ മുറ്റത്ത് താമരപ്പന്തല്‍

തൃശൂര്‍ മുറ്റത്ത് താമരപ്പന്തല്‍

എനിക്ക് ഈ തൃശൂര് വേണം. നിങ്ങളെനിക്ക് ഈ തൃശൂര് തരണം. ഈ തൃശൂര് ഞാനിങ്ങെടുക്കുവാ…… ഓര്‍മയുണ്ടോ ഈ ഡയലോഗ്?. അഞ്ചു വര്‍ഷം മുന്നേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി എത്തിയപ്പോള്‍ പ്രചാരണ സമയത്ത് സുരേഷ്‌ഗോപി പറഞ്ഞ വാക്കുകളാണിത്. അന്ന് ഇതൊരു നേരംപോക്കായും കളി തമാശയായും മാത്രമേ ഭൂരിഭാഗം ആളുകളും കണ്ടിരുന്നുള്ളൂ. ആ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തോറ്റതോടു കൂടി അദ്ദേഹത്തെ ട്രോളാന്‍ എതിര്‍ ചേരിയിലുള്ളവര്‍ പ്രധാനമായും ഉപയോഗപ്പെടുത്തിയതു ഈ വാക്കുകള്‍ തന്നെ. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ പറഞ്ഞതെന്തോ പ്രവര്‍ത്തിച്ചു കാണിച്ചിരിക്കുകയാണ് അദ്ദേഹം. ഒരു ആക്ഷന്‍ സിനിമയിലെ നായകനെ പോലെ ആദ്യം നിലതെറ്റി വീഴുകയും പിന്നീട് ഫീനിക്‌സ് പക്ഷിയെപോലെ പറന്നുയര്‍ന്ന് എതിരാളികളെ നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പില്‍ കാണാന്‍ കഴിഞ്ഞത്. രാഷ്ട്രീയ കേരളത്തല്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള രണ്ടു വലിയ മുന്നണികളുടെ സ്ഥാനാര്‍ഥികളെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തിയത് വലിയ കാര്യം തന്നെയാണ്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങിയ സുരേഷ് ഗോപിക്ക് അത്തവണ വന്‍ പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. എല്‍ഡിഎഫിന്റെ രാജാജി മാത്യൂ തോമസിന് പിന്നില്‍ മൂന്നാമനാകാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. 1,21267 വോട്ടുകളുടെ പരാജയമാണ് നേരിട്ടത്. 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ച സുരേഷ് ഗോപി തന്റെ നില മെച്ചപ്പെടുത്തിയെങ്കിലും വീണ്ടും തോറ്റു. എല്‍ഡിഎഫിന്റെ പി.ബാലചന്ദ്രന്‍ 44,263 വോട്ട് നേടി ജയിച്ചപ്പോള്‍, പത്മജ വേണു ഗോപാല്‍ 43317 വോട്ടുമായി രണ്ടാമതും സുരേഷ് ഗോപി 40457 വോട്ടുമായി മൂന്നാമതും എത്തി.

എന്നാല്‍ ഇത്തവണ പ്രതീക്ഷിച്ചതിലും വലിയ ഭൂരിപക്ഷത്തിലാണ് സുരേഷ്‌ഗോപി ജയിച്ചു കയറിയത്. 70000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിന്റെ സുനില്‍ കുമാറിനെയും യുഡിഎഫിന്റെ കെ.മുരളീധരനേയും അദ്ദേഹം പരാജയപ്പെടുത്തിയത്. പാര്‍ട്ടി വോട്ടുകളെക്കാള്‍ ഉപരി വ്യക്തപ്രഭാവം കൊണ്ട് വോട്ടുകള്‍ നേടിയതാണ് സുരേഷ് ഗോപിക്ക് അനുകൂലമായത്. മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസും ലൂര്‍ദ് പള്ളിയില്‍ മര്‍പ്പിച്ച കിരീടവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളും വിമര്‍ശനങ്ങളും സുരേഷ് ഗോപിക്കെതിരേ രാഷ്ട്രീയ എതിരാളികള്‍ പ്രയോഗിച്ചെങ്കിലും അതൊന്നും ഏശിയില്ലായെന്നു തെളിയിക്കുന്നാണ് തെരഞ്ഞെടുപ്പു ഫലം. കേരളത്തില്‍ ബിജെപി ജയിച്ചു കയറിയ ഏക സീറ്റും തൃശുരിലേതാണ്. ചരിത്രത്തിലാദ്യമായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുന്നത് സുരേഷ്‌ഗോപിയിലൂടെയാണെന്നുള്ളതും ഒരു പുതു ചരിത്രം തന്നെയാണ്.

തൃശൂരില്‍ കോണ്‍ഗ്രസിന്റേത് അവിശ്വസനീയ പരാജയമാണ്. പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ടതിന് തൊട്ടു പിന്നാലെയാണ് തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പത്മജയുടെ സഹോദരനും വടകര എംപിയുമായിരുന്ന കെ. മുരളീധരനാണ് തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി എത്തിയത്. തുടക്കത്തില്‍ തൃശൂര്‍ സിറ്റിംഗ് എംപി ടി.എന്‍. പ്രതാപന്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥിയാവുകെ എന്നാണ് കരുതിയതെങ്കിലും നറുക്ക് വീണത് മുരളീധരനാണ്. മുരളീധരന്‍ മൂന്നമതായാണ് തൃശൂരില്‍ ഫിനിഷ് ചെയ്തത്.

 

തൃശൂര്‍ മുറ്റത്ത് താമരപ്പന്തല്‍

Share

Leave a Reply

Your email address will not be published. Required fields are marked *