അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോൾ അക്കാദമിയുമായി മലബാർ സ്‌പോർട്‌സ് ആന്റ് റിക്രിയേഷൻ ഫൗണ്ടേഷൻ

 

അർജന്റീനോസ് ജൂനിയേഴ്‌സുമായി സഹകരിക്കും

കോഴിക്കോട്: കോഴിക്കോടിന്റെ ഫുട്‌ബോൾ പ്രതാപം വീണ്ടെടുക്കാനും, പ്രൊഫഷണൽ ഫുട്‌ബോൾ വളർത്തുക എന്ന ലക്ഷ്യവുമായി അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോൾ അക്കാദമി സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായും, അക്കാദമിയുടെ പ്രവർത്തനം സെപ്തംബറിൽ ആരംഭിക്കുമെന്നും മലബാർ സ്‌പോർട്‌സ് ആന്റ് റിക്രിയേഷൻ ഫൗണ്ടേഷൻ ചെയർമാൻ ബി.വിജയൻ ഐഎഎസ്(മുൻ ഗോവ ചീഫ് സെക്രട്ടറി), സിഇഒ സജീവ് ബാബു കുറുപ്പ്(വിദേശ കാര്യ മന്ത്രാലയം മുൻ ജോയന്റ് സെക്രട്ടറി) വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡീഗോ മറഡോണ ഉൾപ്പെടെ ലോകോത്തര ഫുട്‌ബോൾ താരങ്ങളെ വാർത്തെടുത്ത ഫുട്‌ബോൾ അക്കാദമിയായ അർജന്റീനോസ് ജൂനിയേഴ്‌സുമായി സഹകരിച്ചാണ് എംഎസ്ആർഎഫ് പ്രവർത്തിക്കുക. കോച്ചുകൾക്കും കളിക്കാർക്കും അർജന്റീനോസ് ജൂനിയേഴ്‌സ് പരിശീലനം നൽകും. അവരുടെ രണ്ട് കോച്ചുകളുടെ സേവനം രണ്ട് വർഷക്കാലം ലഭ്യമാക്കും. തദ്ദേശീയരായ മികച്ച കോച്ചുമാരെയും, കളിക്കാരെയും ഇതിലൂടെ വാർത്തെടുക്കാനാകും. അർജന്റീനോസിന്റെ കോച്ചിംഗ് ഫിലോസഫി, കോച്ചിംഗ് പരിശീലനം, കോച്ചിംഗ് ടെക്‌നോളജി മികവുറ്റതാണെന്നും അർജന്റീനയിൽ നാല് വർഷക്കാലം വിദേശകാര്യ മന്ത്രാലയത്തിൽ ജോലിചെയ്ത കാലത്ത് ഇത് നേരിട്ട് മനസിലാക്കിയിട്ടുണ്ടെന്നും സജീവ് ബാബുകുറുപ്പ് കൂട്ടിച്ചേർത്തു.
10ന് മലബാർ പാലസിൽ ഉച്ചക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ വെച്ച് കരാർ ഒപ്പുവെക്കും. ചടങ്ങിൽ മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഗോൾകീപ്പർ വിക്ടർ മഞ്ഞില വിശിഷ്ടാതിഥിയായിരിക്കും. അർജന്റീനോസ് ജൂനിയേഴ്‌സ് വൈസ് പ്രസിഡണ്ട് ജാവിയർ പെഡർ സോളി, ബോർഡ് മെമ്പർ കെവിൻ ലിബ്‌സ് ഫ്രെയിന്റ്, വിക്ടർ മഞ്ഞില, ഭവൻസ് കോഴിക്കോട് കേന്ദ്രം ചെയർമാൻ എകെബി നായർ, പത്മശ്രീയും, എം എസ് ആർ എഫ് ഡയറക്ടറുമായ ബ്രഹ്മാനന്ദ് സങ്‌വാക്കർ എന്നിവരെ ചടങ്ങിൽ ആദരിക്കും. ഫുട്‌ബോൾ അക്കാദമിയുടെയും ക്ലബ്ബിന്റെയും ലോഗോ പ്രകാശനം വെബ്‌സൈറ്റ് ലോഞ്ചിംഗും തദവസരത്തിൽ നടക്കും.
പെരുംതുരുത്തിയിലെ ഭാരതീയ വിദ്യാഭവൻ സ്‌കൂളിന്റെ മൈതാനത്തായിരിക്കും പരിശീലനം ആരംഭിക്കുന്നത്.കോഴിക്കോടിനോട് ചേർന്ന് 10 ഏക്കർ ഭൂമി കണ്ടെത്തി പിന്നീട് വിപുലമായ സൗകര്യങ്ങൾ ഒരുക്കും. 350 മുതൽ 400 വരെ കുട്ടികളെ താമസിപ്പിച്ച് പരിശീലിപ്പിക്കാവുന്ന റസിഡൻഷ്യൽ ഫുട്‌ബോൾ അക്കാദമിയാണ് വിഭാവനം ചെയ്യുന്നത്. 2031ലെ അണ്ടർ 20 ലോകകപ്പ്, 2034ലെ ലോകകപ്പ് ഫുട്‌ബോൾ എന്നിവയിൽ ഇന്ത്യൻ ടീമിന്റെ സാന്നിധ്യമാണ് ലക്ഷ്യമിടുന്നത്. ലാഭേച്ഛയേതുമില്ലാതെ ഫുട്‌ബോൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ബി.വിജയൻ കൂട്ടിച്ചേർത്തു. മുൻ തമിഴ്‌നാട് അഡി. ചീഫ് സെക്രട്ടറി സ്‌കന്ദൻ കൃഷ്ണൻ ഐഎഎസ്, മുൻ ഇൻകംടാക്‌സ് കമ്മീഷണർ പോൾജോർജ്ജ് ഐ ആർഎസ്, മുൻ ഇന്ത്യൻ ക്യാപ്റ്റനും ഗോൾ കീപ്പറും ഗോവ ഫുട്‌ബോൾ ഡവലപ്‌മെന്റ് കൗൺസിൽ ചെയർമാനുമായ ബ്രഹ്മാനന്ദ് സങ്‌വാക്കർ, ചെന്നൈ ആവലോൺ ടെക്‌നോളജി സിഎംഡി ഇമ്പിച്ചഹമ്മദ്, ഡോ.മനോജ് കാളൂർ(ആര്യ വൈദ്യ വിലാസിനി വൈദ്യശാല) എന്നിവർ ഡയറക്ടർമാരാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *