മുട്ടിൽ മരം മുറി: വനംവകുപ്പിലെ സ്ഥലം മാറ്റങ്ങളിൽ മുഖ്യമന്ത്രി ഒളിച്ചുകളിക്കുന്നു: കെ.സുരേന്ദ്രൻ

കോഴിക്കോട് : മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പട്ട് ഒളിച്ചുകളിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ഇതിന്റെ ഭാഗമായാണ് വനം വകുപ്പിലെ സ്ഥലംമാറ്റങ്ങളെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളത്തിൽ പറഞ്ഞു. കേസ് ശരിയായ രീതിയിൽ അന്വേഷിച്ച ഉദ്യോഗസ്ഥന് സ്ഥലം മാറ്റവും ആരോപണ വിധേയന് സ്ഥാനക്കയറ്റവും നൽകുക വഴി സംസ്ഥാന സർക്കാറിന്റെ നിഗൂഢ താത്പര്യത്തോട് കൂടി തന്നെയായിരുന്നു മുട്ടിൽ മരം മുറി നടന്നതെന്ന് വ്യക്തമായതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പിന്നിൽ ചരടുവലിക്കുന്നത് മുഖ്യമന്ത്രിയാണ്. പിണറായി വിജയൻ സർക്കാർ വളരെ ആസൂത്രിതമായി എടുത്ത തീരുമാനമാണിത്. അന്വേഷണം എങ്ങും എത്താതിരുന്നതിന്റെ കാരണം സി.പി.എമ്മിനും സി.പി.ഐക്കും സർക്കാറിനും ഇക്കാര്യത്തിലുള്ള താത്പര്യം കൊണ്ടാണ്. ശതകോടികണക്കിന് രൂപയുടെ സംരക്ഷിത മരങ്ങളാണ് ഉദ്യോഗസ്ഥ രാഷ്ട്രീയ തലത്തിലുള്ള ഇടപെടലിന്റെ ഭാഗമായി മുറിച്ചത്. കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് സംസ്ഥാന സർക്കർ അന്വേഷണം നടത്താൻ തയ്യാറായത്.
കെ. റെയിലിന്റെ പേരിൽ സർക്കാർ പ്രചരിപ്പിക്കുന്ന കാര്യങ്ങളിലെ പൊള്ളത്തരം തുറന്ന് കാട്ടിയതാണ് കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ മുഖ്യമന്ത്രിയും സി.പി.എമ്മും മന്ത്രിമാരും തിരിയാൻ കാരണമെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്‌നിസുരക്ഷാ സേന പരിശീലനം നൽകിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാറിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഇടപടൽ ഞെട്ടിപ്പിക്കുന്നതാണ്. രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് തടിതപ്പാനാണ് സർക്കാരിന്റെ ശ്രമം. തീവ്രവാദ രാജ്യദ്രോഹ സംഘടനകളോട് ചേർന്ന് നിൽക്കുന്ന സമീപനമാണ് സർക്കാറിന്റേത്. ഇത് രാഷ്ട്രീയ തീരുമാനമാണെന്നും പരിശീലനം നൽകാൻ ഉത്തരവിട്ടത് ആരാണെന്ന് വ്യക്താക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ എന്നിവർ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *