കോഴിക്കോട്: വർണ്ണ നദിപോലെ ഒഴുകുന്ന സംസ്‌കൃതിയുടെ പേരാണ് വയലാറെന്നും മലയാളിക്ക് വയലാറിനെ ഓർക്കാതെ ജീവിക്കാൻ സാധിക്കില്ലെന്നും ആലങ്കോട് ലീലകൃഷ്ണൻ പറഞ്ഞു. യുഗ സൃഷ്ടാവാണ് വയലാർ, മലയാളിക്ക് കാവ്യസ്‌കെയിൽ ഉണ്ടാക്കി തന്നത് അദ്ദേഹമാണ്. വയലാർ, കാവ്യ സന്ന്യാസിയും വിപ്ലവകാരിയുമാണ്. യുവാക്കൾ നല്ല പാട്ടുകൾ കേട്ട് വളരാത്തത് കൊണ്ടാണ് അവരുടെ കാമുകിമാരെ കൊലപ്പെടുത്തുന്നത്. ഇന്നത്തെ പാട്ടുകളുടെ മൂല്യ ബോധമാണ് ഇത് പ്രകടിപ്പിക്കുന്നത്. വയലാർ കവിതകൾ പ്രണയിച്ച്, പ്രണയിച്ച് കാമുകിയെ ദേവ സ്ത്രീകളാക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പി.ടി.ഭവാനി രചിച്ച വയലാർ ഗാനങ്ങളിലെ സൗന്ദര്യ ബിംബങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയലാർ ശരത്ചന്ദ്ര വർമ്മ പുസ്തകം ഏറ്റുവാങ്ങി. പി.വി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സംവിധായകൻ ഹരിഹരൻ ആമുഖ ഭാഷണം നടത്തി. കവി പി.പി.ശ്രീധരനുണ്ണി പുസ്തകം പരിചയപ്പെടുത്തി. നവാസ് പൂനൂർ, കാനേഷ് പൂനൂർ,ഡോ.പീയൂഷ് നമ്പൂതിരിപ്പാട്,മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി, ലിപി അക്ബർ ആശംസകൾ നേർന്നു. ലിപി പബ്ലിക്കേഷൻസ് മാനേജർ സി.എം.ചേന്ദമംഗലം സ്വാഗതം പറഞ്ഞു.പി.ടി.ഭവാനി മറുമൊഴി നടത്തി. ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ.