അവശ ജനങ്ങളുടെ സാമൂഹിക മുന്നേറ്റത്തിന്  വേണ്ടത് വിദ്യാഭ്യാസ ശാക്തീകരണം : കാന്തപുരം

അവശ ജനങ്ങളുടെ സാമൂഹിക മുന്നേറ്റത്തിന് വേണ്ടത് വിദ്യാഭ്യാസ ശാക്തീകരണം : കാന്തപുരം

അമൃത്സർ : അവശ ജനവിഭാഗങ്ങളുടെ സാമൂഹിക മുന്നേറ്റത്തിന് അടിസ്ഥാനപരമായി വേണ്ടത് അവരിലെ പുതുതലമുറയെ വിദ്യാഭ്യാസപരമായി ശാക്തീകരിക്കലാണെന്ന് ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. പഞ്ചാബിലെ സര്ഹിന്ദിൽ മർകസ് പ്രിസം സംഘടിപ്പിച്ച എജ്യു പ്രോജക്ട് ശിലാസ്ഥാപനവും, റബ്ബാനി ബിരുദദാനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങളെക്കുറിച്ചു ബോധമില്ലാത്തവരാണ് ലക്ഷക്കണക്കിന് വരുന്ന വടക്കൻ ഇന്ത്യയിലെ ഗ്രാമീണ മേഖലകളിലുള്ള പല കർഷക കുടുംബങ്ങളും. ഒരു വെള്ളപ്പൊക്കമോ വരൾച്ചയോ സംഭവിച്ചാൽ വലിയ പട്ടിണിയിലേക്ക് പോകുന്നവരാണവർ. ചെറിയ കുട്ടികൾ മുതൽ അക്ഷരാഭ്യാസം ഇല്ലാതെ വളരുന്നത് കാരണം, അവർക്കിടയിൽ സാമൂഹിക പുരോഗതിയുടെ ഗതിവേഗം വളരെ കുറവാണ്. ഇവർക്ക് പ്രാഥമിക തലം ഉന്നത തലം എല്ലാത്തരം വിദ്യാഭ്യാസവും നൽകുന്ന പദ്ധതികളാണ് വിവിധ സംസ്ഥാനങ്ങളിൽ മർകസ് നടത്തിവരുന്നതെന്നു കാന്തപുരം പറഞ്ഞു.
പഞ്ചാബിലെ ഗുജ്ജർ വംശജരുടെ സമഗ്ര വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കി പഞ്ചാബിലെ കമനോവിൽ ഒരു വർഷം മുമ്പ് ആരംഭിച്ച പ്രിസം ലേണിങ് സ്‌കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനം കാന്തപുരം നിർവ്വഹിച്ചു. വടക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മർകസ് പ്രിസം ഫൗണ്ടേഷന് കീഴിൽ നടക്കുന്ന വിദ്യാഭ്യാസ സാമൂഹിക പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്ന വടക്കേ ഇന്ത്യൻ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനവും കാന്തപുരം നടത്തി. ഇരുപത്തിയയ്യായിരം സ്‌ക്വയർ ഫീറ്റിൽ സർഹിന്ദ്- ജലന്ദർ ദേശീയ പാതയോടു ചേർന്ന് നിർമിക്കുന്ന ഈ സമുച്ചയത്തിൽ, ഇന്ത്യയിലെ പ്രധാന സൂഫിവര്യനായ സയ്യിദ് അഹമ്മദ് സർഹിന്ദി ഗവേഷണ കേന്ദ്രം സ്ഥാപിക്കും.
സർഹിന്ദ് ദർഗ സജ്ജാദെ നശീൻ സ്വാദിഖ് റസ നഖ്ശബന്ദി അധ്യക്ഷത വഹിച്ചു. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. മൗലാനാ നൂറാനി ശാഹ് പാഷ്ഠ, ഹസ്റത് റമളാൻ അശ്റഫി നഈമി ബടിൻഡ, ഐ.എ.ബി.ഐ. നാഷണൽ ചെയർമാൻ ഷൗകത്ത് നഈമി, ഡോ. സൈഫ് അലി ചൗധരി, നൗഷാദ് ആലം മിസ്ബാഹി, അഡ്വ സിദ്ധീഖ് ദൽഹി പ്രസംഗിച്ചു. നാൽപത് റബ്ബാനി പണ്ഡിതർക്കുള്ള ബിരുദാനം ചടങ്ങിൽ കൈമാറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *