അഷിത സത്യത്തിന്റെ എഴുത്തുകാരി ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

അഷിത സത്യത്തിന്റെ എഴുത്തുകാരി ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

കോഴിക്കോട്: സത്യത്തിന്റെ എഴുത്തുകാരിയായിരുന്നു അഷിതയെന്നും അഷിത കുടികൊള്ളുന്നത് ആത്മീയ മണ്ഡലത്തിലാണെന്നും, ആത്മീയത എന്നാൽ മതമല്ലെന്നും പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞു. സ്‌നേഹിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നതാണ് ആത്മീയത. അഷിത ചെറുകഥാകൃത്ത് മാത്രമല്ല, നല്ലൊരു വിവർത്തകയും, മികച്ച ബാലസാഹിത്യ രചയിതാവ് കൂടിയാണ്. മാധവിക്കുട്ടിക്ക് ശേഷം സ്ത്രീ വിഷയങ്ങൾ എഴുതുകയും സ്വന്തം ജീവിതത്തിലെ ഏകാന്തത അവർ അവതരിപ്പിക്കുകയും ചെയ്തു. മതത്തിന്റെ സ്ഥാപന വൽക്കരണം മനുഷ്യ മനസ്സിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുമ്പോൾ ലോകത്ത് എല്ലാ കാലത്തും സർഗ്ഗ പ്രതിഷേധം ഉണ്ടായിട്ടുണ്ട്. 12-ാം നൂറ്റാണ്ടിൽ കർണ്ണാടക സാഹിത്യത്തിൽ ബസവണ്ണയും, 8-ാം നൂറ്റാണ്ടിൽ അറബി സാഹിത്യത്തിലെ റാബിയയും 21-ാം നൂറ്റാണ്ടിലെ അഷിതയുമെല്ലാം ഇതിനുദാഹരണങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ റൈറ്റേഴ്‌സ് ഫോറം ഹോട്ടൽ അളകാപുരിയിൽ സംഘടിപ്പിച്ച അഷിത അനുസ്മരണ പരിപാടിയും അഷിതാ സ്മാരക പുരസ്‌കാര സമർപ്പണവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021 അഷിതാ സ്മാരക സാഹിത്യ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിനും, യുവ എഴുത്തുകാരിക്കുള്ള പുരസ്‌കാരം സ്മിതാദാസിനും സമ്മാനിച്ചു. ജൂറി ചെയർമാൻ ഡോ.എം.ടി.ശശി അധ്യക്ഷത വഹിച്ചു. അവാർഡ് പുസ്തകം എം.കുഞ്ഞാപ്പ പരിചയപ്പെടുത്തി. സന്തോഷ് ഏച്ചിക്കാനവും, സ്മിതാദാസും മറുമൊഴി നടത്തി. ജൂറി ചെയർപേഴ്‌സൺ റാണി പി.കെ.സ്വാഗതവും, ഉണ്ണിഅമ്മയമ്പലം നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *