കെഫിന്റെക്ലിനിക്കൽ വെൽനസ് സെന്റർ റിസോർട്ട് ലോഞ്ചിങ് നാളെ

ഫൈസൽ കൊട്ടിക്കോളൻ

കോഴിക്കോട്: കഴിഞ്ഞ 25 വർഷമായി യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെഫ് ഹോൾഡിങ്സ് ആധുനിക വൈദ്യശാസ്ത്രം, ആയുർവേദം, ടിബറ്റൻ മെഡിക്കൽ പ്രാക്ടീസ്, ആത്മീയ ക്ഷേമം എന്നിവ സമന്വയിപ്പിക്കുന്ന ക്ലിനിക്കൽ വെൽനസ് റിസോർട്ടിന് തുടക്കം കുറിച്ചു. 800 കോടി രൂപയുടെ നിക്ഷേപത്തിൽ 30 ഏക്കറിൽ ഒരുക്കിയിരിക്കുന്ന സംയോജിത ക്ലിനിക്കൽ വെൽനസ് സൗകര്യങ്ങൾക്ക് പ്രമുഖ സംരംഭകനായ കെഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ കൊട്ടിക്കോളനാണ് നേതൃത്വം നൽകുന്നത്.
ബ്രാൻഡ് അനാച്ഛാദനം നാളെ വൈകീട്ട് ആറിന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസും ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹമ്മദ് അബ്ദുൾ ഫഹ്മാൻ അൽബന്നയും ചേർന്ന് നിർവഹിക്കും. പ്രൊജക്റ്റിന്റെ രണ്ടാം ഘട്ട ശിലാസ്ഥാപനവും ഇതോടൊപ്പം നടക്കും. കെഫ് ഹോൾഡിങ്സ് ചെയർമാൻ ഡോ.ഫൈസൽ കൊട്ടിക്കോളൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ക്ലിനിക്കൽ, വെൽനസ് സേവനങ്ങൾ, പരമ്പരാഗത ആയുർവേദ, യോഗ, ടിബറ്റൻ മെഡിക്കൽ പ്രാക്ടീസുകൾ, സൗണ്ട് ഹീലിംഗ്, സ്‌പോർട്‌സ്, പുനരധിവാസം, പോഷകാഹാരം, ഹോളിസ്റ്റിക് ലിവിംഗ് അക്കാദമി എന്നിവയ്‌ക്കൊപ്പം കെഇഎഫ് ഹോൾഡിങ്സിന്റെ മെയ്ത്ര ഹോസ്പിറ്റലിലെ സേവനങ്ങളും ലഭ്യമാകുമെന്ന് ഫൈസൽ കൊട്ടിക്കോളൻ പറഞ്ഞു.
മാർച്ച് 2023ഓടെ പ്രൊജക്റ്റിന്റെ ആദ്യ ഘട്ടത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും, മാർച്ച് 2024ൽ പൂർണ തോതിൽ സജ്ജമാകുമെന്നും 400ലധികം ആളുകൾക്ക് നേരിട്ട് തൊഴിൽ ലഭിക്കുമെന്നും യുഎഇയിലും ദക്ഷിണപൂർവ്വ ഏഷ്യയിലും ഇതേ മാതൃകയിൽ ക്ലിനിക്കൽ വെൽനസ് റിസോർട്ടുകൾ ആരംഭിക്കാൻ ആലോചിക്കുന്നുണ്ടെന്നും കൊട്ടിക്കോളൻ കൂട്ടിചേർത്തു.
സോളാർ പവർ പാർക്ക്, തോട്ടങ്ങൾ, ഹൈടെക് ജൈവകൃഷി, ജല സാങ്കേതികവിദ്യ, കമ്പോസ്റ്റിംഗ്, എയർ കണ്ടീഷനിംഗിന് പകരം റേഡിയന്റ് കൂളിംഗ് എന്നിവ ഉൾക്കൊള്ളുന്ന സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ പദ്ധതി വിഭാവനം ചെയ്യുന്നു. കെഫ് ഡിസൈൻസ്, കെകെഡി, ലാമി, സ്‌ക്വയർ എം തുടങ്ങിയ അന്താരാഷ്ട്ര വാസ്തുശില്പികളുടെയും ഡിസൈനർമാരുടെയും ലോകപ്രശസ്ത ടീമാണ് സ്ഥലത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും രൂപകൽപ്പനയും വിഭാവനം ചെയ്തിരിക്കുന്നത്.
കോഴിക്കോട് വിമാനത്താവളത്തിന് സമീപം ചേലേമ്പ്രയിലാണ് റിസോർട്ട്. 130 മുറികളും മറ്റ് സൗകര്യങ്ങളും അടങ്ങുന്നതാണ് വെൽനസ് റിസോർട്ട്. ഇതിൽ 50 മുറികൾ ഉൾപ്പെടുന്ന ആദ്യ ഘട്ടം അടുത്ത വർഷം മാർച്ചിൽ പ്രവർത്തനം ആരംഭിക്കും. 44,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്വിമ്മിങ് പൂൾ തയ്യാറായിക്കഴിഞ്ഞു. മിഷെലിൻ സ്റ്റാർ റസ്റ്റോറന്റ്, തോട്ടത്തിൽ നിന്നും തീൻ മേശയിലേക്ക് എന്ന ആശയത്തിൽ കേരളത്തിലെ ഏറ്റവും വലിയ മൾട്ടി കുസീൻ റസ്‌റ്റോറന്റും
ഒരുങ്ങുന്നുണ്ട്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *