ബസ് കൺസഷൻ വിദ്യാർത്ഥികളുടെഅവകാശമാണ്, അത് നിഷേധിക്കരുത് -എബി.ജെ.ജോസ്

കോഴിക്കോട്: കേരളത്തിൽ ബസ് ചാർജ് വർദ്ധനവ് എന്നൊക്കെ ഉന്നയിക്കപ്പെട്ടിട്ടുണ്ടോ ആ ഘട്ടങ്ങളിലെല്ലാം ബസ് ഉടമകൾ സ്ഥിരമായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ് വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് കുറയ്ക്കണമെന്നത്. അത്തരം ആവശ്യം ഉന്നയിക്കപ്പെടുന്ന അവസരങ്ങളിലെല്ലാം വിദ്യാർത്ഥികളും വിദ്യാർത്ഥി സംഘടനകളും ഇതിനെ എതിർക്കാറുമുണ്ട്. ഇത്തവണ ഈ ആവശ്യം ഉയർന്നപ്പോൾ രണ്ടു രൂപ കൺസഷൻ കൊടുക്കുന്നത് നാണക്കേടാണെന്നു വിദ്യാർത്ഥികൾ തന്നെ പറയുന്നുവെന്നാണ് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറയുന്നത്. തന്റെ അഭിപ്രായം വിദ്യാർത്ഥികളുടേതാണെന്ന വിധമാണ് മന്ത്രി അവതരിപ്പിച്ചത്.
വിദ്യാർത്ഥികൾക്കു നൽകുന്ന കൺസഷൻ അവരുടെ അവകാശമാണ്. കേരളത്തിലെ വിദ്യാർത്ഥികളുടെ കണക്കെടുത്താൽ കൺസഷൻ ഉപയോഗിച്ചു യാത്ര ചെയ്യുന്നവരുടെ എണ്ണം കാലങ്ങളെ അപേക്ഷിച്ചു കുറവാണെന്നു കാണാനാകും. ഒട്ടേറെ കുട്ടികളെ വീട്ടിലെ വാഹനങ്ങളിലാണ് സ്‌കൂളുകളിൽ എത്തിക്കുന്നത്. ഇതോടൊപ്പം സ്‌കൂൾ ബസുകളും, സ്ഥിരം ടാക്‌സി വാഹനങ്ങളും ഉപയോഗിക്കുന്നുണ്ട്. സർക്കാർ സ്‌കൂളുകൾ പോലും വിദ്യാർത്ഥികൾക്കായി ബസ് സർവീസുകൾ നടത്തുന്നുണ്ട്. ഇങ്ങനെയൊക്കെ യാത്ര ചെയ്യാൻ നിർവ്വാഹമില്ലാത്ത വിദ്യാർത്ഥികളാണ് കൂടുതലും ഇപ്പോൾ ബസുകളെ ആശ്രയിക്കുന്നത്. ഓർഡിനറി ബസുകളുടെ സീറ്റിംഗ് കപ്പാസിറ്റിയുടെ 25%വും ടൗൺ സർവ്വീസുകളിൽ 50%വും മാത്രമേ ആളുകളെ നിന്നുകൊണ്ട് യാത്ര ചെയ്യാൻ അനുവാദമുള്ളൂ. എന്നാൽ എല്ലാ ബസുകളിലും ആളുകളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് നിത്യ കാഴ്ചയാണ്. വിദ്യാർത്ഥികളെ കയറ്റിയതിന്റെ പേരിൽ എന്തെങ്കലും നഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ പോലും നിയമവിരുദ്ധമായ ഈ നടപടിയിലൂടെ അതിലും എത്രയോ നേടിക്കൊണ്ടിരിക്കുന്നു. ഇതിനെതിരെ സർക്കാർ എന്തെങ്കിലും നടപടിയെടുത്തതായി അറിയാനും സാധിച്ചിട്ടില്ല.
കൺസെഷൻ എന്ന വിദ്യാർത്ഥികളുടെ അവകാശം നിഷേധിക്കാൻ പാടുള്ളതല്ല. ബസുടമകളുടെ വാദത്തിന്റെ പൊള്ളത്തരം ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ കണക്കെടുത്താൽ കണ്ടെത്താനാകും. പൊതു ഖജനാവിൽ നിന്നും കോടികൾ കെ എസ് ആർ ടി സിക്കു മാസാമാസം നൽകുന്നുണ്ട്. സ്വകാര്യ ബസുകൾ സർക്കാരിനു നികുതി നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ അവർക്കു ബുദ്ധിമുട്ടുണ്ടെങ്കിൽ നികുതിയിൽ ഇളവ് നൽകുകയാണ് വേണ്ടത്.
ഒന്നാം ക്ലാസ് മുതൽ 12ാം ക്ലാസ്സ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും പഠനാവശ്യങ്ങൾക്കായി അധ്യയന ദിവസങ്ങളിൽ രാവിലെയും വൈകിട്ടും രണ്ട്് നേരം 30 കി.മീ.പരിധിക്കുള്ളിൽ യാത്ര പൂർണ്ണമായും സൗജന്യമാക്കുക.
ഡിഗ്രി മുതൽ മുകളിലേക്കുള്ള വിദ്യാർത്ഥികൾക്കു മിനിമം ചാർജിൽ പകുതിയും അതിനു മുകളിൽ 75 ശതമാനവും കൺസഷൻ അനുവദിക്കണം.
ഓർഡിനറി, കെഎസ്ആർടിസി ബസുകളിലും ഇതേ മാനദണ്ഡത്തിൽ സ്‌കൂൾ കോളേജ് ഐഡി കാർഡുകളുടെ അടിസ്ഥാനത്തിൽ കൺസഷൻ ലഭ്യമാക്കണം.
റഗുലർ-പാരലൽ വിദ്യാർത്ഥി വേർതിരിവ് ഇല്ലാതെ എല്ലാ വിദ്യാർത്ഥികൾക്കും കൺസഷൻ അനുവദിക്കാൻ നടപടിയെടുക്കുകയും വേണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി.ജെ.ജോസ് പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *