കൈച്ചുമ്മ തെക്കെപ്പുറത്തിന്റെ  സ്ത്രീ നോട്ടം എൻ.പി.ഹാഫിസ് മുഹമ്മദ്

കൈച്ചുമ്മ തെക്കെപ്പുറത്തിന്റെ സ്ത്രീ നോട്ടം എൻ.പി.ഹാഫിസ് മുഹമ്മദ്

കോഴിക്കോട്: തെക്കേപ്പുറത്തിന്റെ കഥ സുൽത്താൻ വീട്ടിലും, ഒരു ദേശത്തിന്റെ കഥയിലും, എണ്ണപ്പാടത്തിലും, എസ് പതിനായിരത്തിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും, സാബി തെക്കെപ്പുറത്തിന്റെ കൈച്ചുമ്മയിൽ ഒരു സ്ത്രീനോട്ടം ദർശിക്കാനാവുമെന്നത് മറ്റ് കൃതികളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നുവെന്ന് എൻ.പി.ഹാഫിസ് മുഹമ്മദ് പറഞ്ഞു. തെക്കേപ്പുറത്തെ വീടുകളിലെ അകത്തളങ്ങളിലേക്കുള്ള നോട്ടമാണിത്. മുസ്ലിം പുതിയാപ്ല സംസ്‌കാരത്തിനെ ഈ കഥയിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്. ഇതിൽ പെൺ വേവലാതികളുണ്ട്. തെക്കേപ്പുറത്തിന്റെ സാമൂഹിക ജീവിതമുണ്ട്. മരുമക്കത്തായത്തിന്റെ പ്രത്യേകതകളുണ്ട്. ലോകത്ത് മുസ്ലിം വിഭാഗത്തിൽ 3%ത്തിൽ താഴെയാണ് ഈ സമ്പ്രദായം നിലനിൽക്കുന്നത്. 12-ാം നൂറ്റാണ്ടിനു ശേഷം ഇവിടെയെത്തിയ മുസ്ലിം സമൂഹത്തിന്റെ കുടുംബ പശ്ചാതലത്തിന്റെ നേർ ചിത്രമാണിത്. എ.എം.ഖദീജ എന്ന ഒരെഴുത്തുകാരി മുൻപ് തെക്കേപ്പുറത്ത് നിന്ന് എഴുത്തിന്റെ ലോകത്ത് വന്നെങ്കിലും തുടർച്ചയുണ്ടായില്ല. തെക്കേപ്പുറത്തെ പ്രബുദ്ധരായ സ്ത്രീകളുടെ ജ്വലിക്കുന്ന പ്രതീകമാണ് സാബി തെക്കേപ്പുറം എന്ന എഴുത്തുകാരി. ഈ കൃതി അതിന്റെ മൗലികതകൊണ്ടും, രചനാ പാടവം കൊണ്ടും സ്ത്രീത്വത്തിന്റെ ഉൾക്കാഴ്ച കൊണ്ടും ചരിത്ര പ്രാധാന്യം കൊണ്ടും മലയാള സാഹിത്യത്തിൽ ഇടംനേടുമെന്നദ്ദേഹം പറഞ്ഞു.

സാബി തെക്കേപ്പുറത്തിന്റെ കൈച്ചുമ്മ നോവൽ ഹാഫിസ് മുഹമ്മദും സാഹിത്യകാരൻ യു.കെയകുമാരനും ചേർന്ന് പ്രകാശനം ചെയ്തു. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ.എ.കെ. അബ്ദുൽ ഹക്കീം ആമുഖ ഭാഷണം നടത്തി. കൗൺസിലർമാരായ ഉഷാദേവി ടീച്ചർ, കെ.മൊയ്തീൻ കോയ, ബാപ്പു വാവാട്, ഫൈസൽ എളേറ്റിൽ, പ്രവീൺകുമാർ.വി, പി.പി.അബ്ദുൽ സത്താർ ആശംസകൾ നേർന്നു. സിയസ്‌കോ പ്രസിഡണ്ട് എഞ്ചി.പി.മമ്മദ് കോയ സ്വാഗതവും, സിയസ്‌കോ ജന.സെക്രട്ടറി നിസ സെർഷാർ അലി നന്ദിയും പറഞ്ഞു. സാബി തെക്കേപ്പുറം മറുമൊഴി നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *