ആവേശോജ്ജ്വല തുടക്കവുമായി ഹൈടെക് ആയുർ മെഡിസിറ്റി
കോഴിക്കോട്: ഏറ്റവും ആധുനികമായ ഗവേഷണങ്ങളും പഠനങ്ങളും ആയുർവേദ രംഗത്ത് നടക്കുകയാണെങ്കിൽ അത് ലോകത്ത് നിലവിലുള്ള ചികിത്സാ വിധികളെ മാറ്റിമറിക്കുമെന്ന് സ്പീക്കർ പി.ശ്രീരാമക്യഷ്ണൻ ആരോഗ്യ ടൂറിസം രംഗത്തിന് അത് വലിയ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അലോപ്പതിയെയും ആയുർവേദത്തെയും സംയോജിപ്പിക്കുന്ന ചികിത്സാരീതിയുമായി ഹൈടെക് ആയുർമെഡിസിറ്റി കോഴിക്കോട് യാഥാർത്ഥ്യമാവുമ്പോൾ കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ആയുർ മെഡിസിറ്റി നൽകുന്ന പ്രതീക്ഷ വളരെ വലുതാണെന്ന് സ്പീക്കർ പറഞ്ഞു. ഹൈടെക് ആയുർവേദ മെഡിസിറ്റി കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയുർമെഡിസിറ്റി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സിംസാറുൽ ഹഖ് ഹുദവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആയുർ മെഡിസിറ്റി കഞ്ഞിപ്പുര പ്രോജക്ട് ഉദ്ഘാടനവും അനുഗ്രഹ പ്രഭാഷണവും നടത്തി. ഉദ്ഘാടന ചടങ്ങിന്റെ രണ്ടാം സെഷനിൽ ഹൈടെക് ആയുർ മെഡിസിറ്റിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിക്കുന്ന പരിപാടിയും നടന്നു.
മേയർ തോട്ടത്തിൽ രവീന്ദ്രൻ, ഗോകുലം ഗ്രൂപ്പ് ഒാഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ, ഇൻസൈറ്റ് മീഡിയാസിറ്റി മാനേജിങ് ഡയറക്ടർ ആർ. ശ്രീകണ്ഠൻ നായർ, ആയുർമെഡിസിറ്റി ഗ്രൂപ്പ് സ്ഥാപകൻ, മാനേജിങ് ഡയരക്ടർ നിഷാമുദ്ദീൻ നൂറുദ്ദീൻ, ആയുർമെഡിസിറ്റി ഗ്രൂപ്പ് സ്ഥാപകൻ, മാനേജിങ് ഡയരക്ടർ സലിം ചോലയിൽ, അബ്ദുൾ വഹീദ് ഫർദാൻ അലി ഫർദാൻ, സറാ സയ്യിദ് അദ്‌നാൻ ഹുസൈൻ ഇസാ, ഡോ. ഫൈസൽ സലീഹ് കയാലഹ്, ഷൈഖ് ജാബിർ ഗരീബ് നാസർ ആൽ മസൂദ്, മൺസൂർ ഗരീബ് നാസർ അൽ മസൂദി തുടങ്ങിയവർ സംസാരിച്ചു. ഹൈടെക് ആയുർ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോ. ഫെബിന സുൽത്താന സ്വാഗതവും ഡയറക്ടർ അബൂബക്കർ പഞ്ചിലി നന്ദിയും പറഞ്ഞു.