മാർച്ച് 28,29 ദ്വിദിന ദേശീയ  പണിമുടക്ക് വിജയിപ്പിക്കുക

മാർച്ച് 28,29 ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക

കോഴിക്കോട്: കേന്ദ്ര തൊഴിലാളി സംഘടനകളുടെയും, സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്ത സമിതി ആഹ്വാനം ചെയ്ത മാർച്ച് 28,29 തിയതികളിലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ട്രേഡ് യൂണിയൻ സർവ്വീസ് സംഘടനാ സംയുക്ത ജില്ലാ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൊഴിൽ കോഡുകൾ റദ്ദാക്കുക, ആവശ്യ പ്രതിരോധ സേവന നിയമം പിൻവലിക്കുക, സ്വകാര്യ വൽക്കരണവും, നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതിയും നിർത്തിവെക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ എന്നീ പൊതുസേവനങ്ങൾക്കായി പൊതു നിക്ഷേപം വർദ്ധിപ്പിക്കുക, ദേശീയ തൊഴിലുറപ്പ് പദ്ധതി വർദ്ധിപ്പിക്കുകയും, നഗര പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുക, കർഷക പ്രക്ഷോഭത്തിലുയർത്തിയ അവശ്യങ്ങൾ അംഗീകരിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങൾക്കുള്ള കേന്ദ്ര എക്‌സൈസ് നികുതി വെട്ടിക്കുറച്ച് വിലക്കയറ്റം തടയുക, ദേശീയ പെൻഷൻ പദ്ധതി പിൻവലിച്ച് എല്ലാ ജീവനക്കാർക്കും പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക, അസംഘടിത മേഖലാ തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലാളികൾക്ക് നൽകുന്ന എല്ലാ പരിരക്ഷയും സ്‌കീം വർക്കർമാർക്കും അനുവദിക്കുക, കരാർ/പദ്ധതി തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തുല്ല്യ ജോലിക്ക് തുല്ല്യ വേതനം നൽകുക, കോവിഡ് പ്രതിരോധ പ്രവർത്തനത്തിലെ മുൻനിര തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുക എന്നിവയാണ് പണിമുടക്കിനാധാരമായ ആവശ്യങ്ങൾ. പണിമുടക്കിന്റെ പ്രചരണാർത്ഥം 15ന് മാനാഞ്ചിറക്ക് ചുറ്റും സ്ത്രീ തൊഴിലാളികൾ മനുഷ്യച്ചങ്ങല തീർക്കും.
സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ പ്രചരണ ജാഥ 16ന് വടകരയിൽ വൈകിട്ട് 5.30ന് സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രൻപിള്ള ഉൽഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് കെ.രാജീവാണ് ജാഥാ ക്യാപ്റ്റൻ. ജാഥ 18ന് വൈകിട്ട് 5.30ന് പൊതുയോഗത്തോടെ മുതലക്കുളം മൈതാനിയിൽ സമാപിക്കും. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക ദ്രോഹ നയങ്ങൾക്കെതിരെയും, രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ കേർപ്പറേറ്റുകൾക്ക് വിറ്റ് തുലക്കുന്ന നടപടികൾക്കെതിരെയും നടക്കുന്ന ദേശീയ പണിമുടക്കിൽ കട കമ്പോളങ്ങളടച്ചും, വാഹനങ്ങൾ നിരത്തിലിറക്കാതെയും സഹകരിക്കണമെന്നവർ അഭ്യർത്ഥിച്ചു.ടി.ദാസൻ കൺവീനർ േ്രടഡ് യൂണിയൻ സർവ്വീസ് സംഘടനാ സംയുക്ത ജില്ലാ സമിതി,കെ.ഷാജി ഐ.എൻ.ടി.യു.സി, എൻ.കെ.സി.ബഷീർ എസ്.ടി.യു, പി.കെ.നാസർ എ.ഐ.ടി.യു.സി, അഡ്വ.എം.പി.സൂര്യനാരായണൻ എൻ.എൽ.സി, ഒ.കെ.സത്യ എസ്.ഇ.ഡബ്ല്യുഎ, കെ.കെ.കൃഷ്ണൻ എച്ച്എംഎസ്, ഉമ്മർ പാണ്ടികശാല എൻഎൽയു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *