കോഴിക്കോട്: കാശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടന്ന വംശഹത്യയുടെ ചരിത്രം പറയുന്ന കാശ്മീരി ഫയൽസ് എന്ന ചിത്രത്തിനെതിരെ കോൺഗ്രസ്സ് നടത്തുന്ന പ്രചാരണം നീചമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസ്സിന്റെ സാമൂഹിക മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് തീവ്രവാദികളാണെന്ന സംശയം അദ്ദേഹം ഉന്നയിച്ചു. കാശ്മീരി ഫയൽസ് പ്രദർശിപ്പിക്കാൻ കേരളത്തിൽ തിയേറ്റർ ലഭിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കി കേരള സർക്കാർ കാശ്മീർ ഫയലിന് വിനോദ നികുതി ഇളവ് നൽകണം. കോഴിക്കോട് സമ്പൂർണ്ണ ജില്ലാ കമ്മിറ്റി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം മാഫിയ – ഗുണ്ടാ സംഘങ്ങളുടെ പിടിയിലാണ്. സ്ത്രീകൽക്കെതിരായ അതിക്രമം വർദ്ധിക്കുന്നു. മാർച്ച് 21ന് ഇതിനെതിരെ ബിജെപി സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. ജനകീയ വിഷയങ്ങളിൽ ബിജെപി പ്രവർത്തകർ ഇടപെടുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ജില്ലാ പ്രസിഡണ്ട് വി.കെ.സജീവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്മാരായ പി.രഘുനാഥ്, വി.വി.രാജൻ, സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രഭാരിയുമായ കെ.ശ്രീകാന്ത്, ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ, സഹപ്രഭാരി കെ.നാരായണൻ, ഒബിസി മോർച്ച സംസ്ഥാന പ്രസിഡണ്ട് എൻ.പി.രാധാകൃഷ്ണൻ, ജില്ലാ ജന.സെക്രട്ടറിമാരായ എം.മോഹൻ, ഇ.പ്രശാന്ത് കുമാർ സംസാരിച്ചു.