കോഴിക്കോട്: അഖിലേന്ത്യാ വ്യാപകമായി മാർച്ച് 28,29 തിയതികളിൽ രാജ്യത്തെ 12 ദേശീയ ട്രേഡ് യൂണിയനുകളും, പ്രാദേശിക തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-ജനവിരുദ്ധ നടപടികൾക്കെതിരാണീ പണിമുടക്ക്. ജാതി-മത-വർഗ്ഗീയ ആശയങ്ങളിലൂടെ മനുഷ്യന്റെ ദുർബല വികാരങ്ങളെ വോട്ടാക്കി അധികാരത്തിൽ വന്ന മോദി സർക്കാരിന്റെ ഓരോ നടപടിയും തൊഴിലാളികൾക്കെതിരാണ്. രാജ്യത്ത് 63 കോടി ജനങ്ങളാണ് തൊഴിലാളികളായിട്ടുള്ളത്. അസംഘടിത തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പുവരുത്താൻ ഇതുവരെ കേന്ദ്ര സർക്കാരിനായിട്ടില്ല. ഐക്യരാഷ്ട്ര സംഘടനയുടെ പ്രമേയത്തിൽ പറയുന്ന ഡീസന്റ് ജോബ് ഉറപ്പാക്കുക, മാന്യമായ ജോലി, മാന്യമായ വേതനം, മാന്യമായ ഭവനം, വിദ്യാഭ്യാസം എന്നത് വിദൂര ലക്ഷ്യമായി നിലനിൽക്കുകയാണ്. ഇതെല്ലാം യാഥാർത്ഥ്യമാക്കുമെന്നാണ് ഇന്ത്യാ ഗവൺമെന്റ് യുഎൻഒയിൽ ഒപ്പിട്ടി ട്ടുള്ളത്. എന്നാൽ തൊഴിൽ മേഖല തകർക്കുന്ന നടപടികളാണ് നാൾക്ക്‌നാൾ കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്. റെയിൽവേ, ഇന്ത്യൻ എയർലൈൻസ് സ്വകാര്യവൽക്കരിക്കുന്നതിലൂടെ സംഘടിത സുരക്ഷിത സ്ഥിരം തൊഴിൽ ഇല്ലായ്മ ചെയ്യുകയാണ്. മോദി സർക്കാരാണ് ടേം എംപ്ലോയ്‌മെന്റ് പദ്ധതി കൊണ്ടു വന്നത്. ഇതുപ്രകാരം ഒരു തൊഴിലാളിക്ക് മറ്റ് യാതൊരു ആനുകൂല്യവും ലഭിക്കില്ല. ഒരു നിശ്ചിത കാലം മാത്രം തൊഴിൽ ലഭിക്കും. അത് കഴിഞ്ഞാൽ വെറുംകയ്യോടെ ഇറങ്ങി പോരേണ്ടിവരും. സാമൂഹിക സുരക്ഷ, പെൻഷനടക്കമുള്ള ഒന്നും ലഭിക്കില്ല.
2017ൽ നോട്ട് നിരോധനം നടപ്പിലാക്കി, നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ വാടകയ്ക്ക് കൊടുത്ത് മോണിറ്റൈസേഷൻ നടപ്പിലാക്കുകയാണ്. ഏറ്റവുമവസാനം പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള മിച്ചഭൂമി കണ്ടെത്തി വിൽക്കുന്നതിന് എക്സസ്സ് മോണിറ്റയ്സേഷൻ
കോർപ്പറേഷൻ രൂപീകരിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ സ്വകാര്യ കമ്പനികൾക്ക് കൈ മാറിക്കൊണ്ടിരിക്കുകയാണ്.
പണ്ഡിറ്റ് നെഹ്‌റു, ഇന്ദിരാഗാന്ധി തുടങ്ങിയ കോൺഗ്രസ്സ് പ്രധാന മന്ത്രിമാരാണ് പൊതുമേഖലാ സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത് രാജ്യത്തിന് സമ്പത്തുണ്ടാക്കിയത്. കോൺഗ്രസ് സർക്കാരുകൾ ഒരു കാലത്തും ക്ഷീണം വരുത്താത്ത കൽക്കരി പാടങ്ങൾ ബിജെപി സ്വകാര്യവൽക്കരിക്കുകയാണ്. ഭൂമിക്കടിയിലെ ധാതു സമ്പത്ത്, ടെലിഫോൺ കേബിളുകൾ, റെയിൽവേ, നാഷണൽ ഹൈവേ, ഗ്യാസ് പൈപ്പ്‌ലൈൻ, പരമ്പരാഗത സ്വത്തുക്കൾ അദാനി അംബാനിയടക്കമുള്ള കുത്തകകൾക്ക് മോദി അടിയറവ് വെക്കുകയാണ്. വിലക്കയറ്റംമൂലം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. തൊഴിലാളികൾക്ക് അങ്ങേയറ്റം ദുസ്സഹമായ നടപടികളിൽ സഹികെട്ടാണ് ഈ പ്രക്ഷോഭം നടക്കുന്നത്. ബാങ്കിംഗ്, ഇൻഷൂറൻസ് മേഖലയടക്കം സമരത്തിൽ ചേരും.
ഈ പണിമുടക്കിന് വലിയ പ്രസക്തിയാണുള്ളതെന്നും ഓരോ തൊഴിലാളിയും കുടുംബാംഗങ്ങളും അണിചേരണമെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.