കോഴിക്കോട്: കോഴിക്കോടിന്റെ ആതിഥേയ സൗന്ദര്യവും സ്വഭാവവും സമ്പൂർണ്ണമായി ഒരു വ്യക്തിയിൽ കാണാമെങ്കിൽ അത് മമ്മു മാഷിലൂടെ ദർശിക്കാനാകുമെന്ന് കൽപ്പറ്റ നാരായണൻ പറഞ്ഞു. അദ്ദേഹം മികച്ച സംഘാടകനും ശ്രോതാവും എഴുത്തുകാരനുമാണ്. കരുതലിന്റെ ശ്രദ്ധയാണ് മാഷിന്റെ മുഖമുദ്ര. എഴുത്തുകാരനെന്ന നിലക്ക് സ്വന്തം നിലപാടുകൾ തുറന്നു പറയുന്നതിൽ ചങ്കൂറ്റം കാണിച്ചു. ആനന്ദിന്റെ ജൈവ മനുഷ്യനെ വിമർശിച്ചത് ഇതിനുദാഹരണമാണ്. കോഴിക്കോട് നഗരത്തിൽ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മകൾക്ക് പതിറ്റാണ്ടുകളായി അദ്ദേഹം നായകത്വം വഹിച്ചു. പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച നന്ദി മമ്മു മാഷ് പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ഇ.എൻ കുഞ്ഞഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. യു.കെ.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.ശ്രീകുമാർ, ഡോ.പി.കെ.പോക്കർ ആശംസകൾ നേർന്നു. മമ്മു മാഷ് മറുമൊഴി നടത്തി. എൻ.പി.ഹാഫിസ് മുഹമ്മദ് സ്വാഗതവും, ഡോ.എൻ.എം.സണ്ണി നന്ദിയും പറഞ്ഞു.